ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറുടെ നിയമനം; 12 പേരുകള്‍ പരിഗണനയില്‍

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറുടെ നിയമനം; 12 പേരുകള്‍ പരിഗണനയില്‍

എസ് എസ് മുന്ദ്ര വിരമിച്ച സാഹചര്യത്തില്‍ വാണിജ്യ ബാങ്ക് പ്രതിനിധിയുടെ ഒഴിവിലേക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാലാമത്തെ ഡെപ്യൂട്ടി ഗവര്‍ണറെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുമേഖലാ ബാങ്കര്‍മാരും ഐഎഎസ് ഓഫീസര്‍മാരുമടക്കം 12 പേരെയാണ് ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലേക്കുള്ള ഇന്റര്‍വ്യൂവിനായി ചൂരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആര്‍ബിഐ നിയമ പ്രകാരം ഗവര്‍ണറെ കൂടാതെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണുണ്ടാകുക. ഇതില്‍ ഒരാള്‍ വാണിജ്യ ബാങ്ക് മേധാവിയും മറ്റൊരാള്‍ സാമ്പത്തിക വിദഗ്ധനുമായിരിക്കും. മോണിറ്ററി പോളിസി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയാണ് ഇവര്‍ക്കുള്ളത്. ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന എസ് എസ് മുന്ദ്ര വിരമിച്ച സാഹചര്യത്തില്‍ വാണിജ്യ ബാങ്ക് പ്രതിനിധിയുടെ ഒഴിവിലേക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു അദ്ദേഹം പദവിയൊഴിഞ്ഞത്.

ഐഡിബിഐ ബാങ്ക് സിഇഒ എം കെ ജയ്ന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍മാരായ ബി ശ്രീറാം, പി കെ ഗുപ്ത എന്നിവരാണ് മുന്ദ്രയുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെട്ടിട്ടുള്ള പ്രമുഖര്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) സെക്രട്ടറി നീരജ് ഗുപ്ത, നൈപുണ്യ വികസന വകുപ്പ് സെക്രട്ടറി കെ പി കൃഷ്ണന്‍, നോമുറ ഹോള്‍ഡിംഗ്‌സ് ഫിക്‌സഡ് ഇന്‍കം വിഭാഗം മേധാവി നീരജ് ഗംഭീര്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ അരുണ്‍ തിവാരി, കനറാ ബാങ്ക് സിഇഒ രാകേഷ് ശര്‍മ, ആന്ധ്രാബാങ്ക് സിഇഒ സുരേഷ് പട്ടേല്‍ എന്നിവരുടെ പേരും ചുരുക്കപ്പട്ടികയിലുണ്ട്. ഇതില്‍ അഞ്ച് പേരെ മാത്രം ഉള്‍പ്പെടുത്തി വീണ്ടും ഷോട്ട്‌ലിസ്റ്റ് ചെയ്യും. ഇവരെ ഈ മാസം അവസാനം ഇന്റര്‍വ്യു ചെയ്യുമെന്നാണ് വിവരം.

Comments

comments

Categories: More