ആഗോള വളര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസം; പക്ഷെ, സംരക്ഷണവാദം വെല്ലുവിളിയാകും: ഐഎംഎഫ്

ആഗോള വളര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസം; പക്ഷെ, സംരക്ഷണവാദം വെല്ലുവിളിയാകും: ഐഎംഎഫ്

ഈ വര്‍ഷവും അടുത്ത വര്‍ഷവും ആഗോള വളര്‍ച്ചാ വേഗം കുറയാനാണ് സാധ്യതയെന്നും ക്രിസ്റ്റിന്‍ ലഗാര്‍ഡെ

ഹോങ്കോംഗ്: ആഗോള സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്ന് ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി) ചീഫ് ക്രിസ്റ്റിന്‍ ലഗാര്‍ഡെ. എന്നാല്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോല്‍സാഹനം ഇല്ലാതാകുന്നതും പലിശ നിരക്ക് ഉയരുന്നതും ആഗോള സാമ്പത്തികാന്തരീക്ഷത്തില്‍ കാര്‍മേഘം പോലെ ഉരുണ്ടുകൂടുമെന്നും ലഗാര്‍ഡെ മുന്നറിയിപ്പ് നല്‍കി.

സംരക്ഷണവാദം ഇല്ലാതാക്കുന്നതിനും സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് ദീര്‍ഘകാല വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായിരിക്കണം ആഗോള സമ്പദ്‌വ്യവസ്ഥ പ്രഥമ മുന്‍ഗണന നല്‍കേണ്ടതെന്ന് ഐഎംഎഫ് മേധാവി പറഞ്ഞു. ഘടനാപരമായ പരിഷ്‌കരണങ്ങളാണ് ആഗോള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള മികച്ച മാര്‍ഗമെന്നും ലഗാര്‍ഡെ അഭിപ്രായപ്പെട്ടു.യുഎസും ചൈനയും തമ്മില്‍ ഉയര്‍ന്നുവന്നിട്ടുള്ള വ്യാപാര തര്‍ക്കങ്ങള്‍ ഇരു രാഷ്ട്രങ്ങളുടെയും വാണിജ്യ ഇടപാടുകളിലും ആഗോള വിതരണ ശൃംഖലയിലും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.

ഇറക്കുമതി നിയന്ത്രണങ്ങള്‍ എല്ലാവരെയും ഒരു പോലെ ബാധിക്കുമെന്നാണ് ചരിത്രം തെളിയിക്കുന്നത്. ഇറക്കുമതി നിയന്ത്രണത്തിലൂടെ കൂടുതല്‍ ചെലവേറിയ ഉല്‍പ്പന്നങ്ങളിലേക്കും പരിമിതമായ ഉപഭോഗത്തിലേക്കുമാണ് രാജ്യങ്ങള്‍ എത്തിച്ചേരുക. രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിലും പുതിയ സാങ്കേതികവിദ്യകളുടെ വ്യാപനത്തിലും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ചെലുത്തുന്ന നിര്‍ണായക സ്വാധീനം ഇല്ലാതാക്കുക കൂടിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ചെയ്യുന്നത്. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നത് അപകടകരമായ അവസ്ഥയാണെന്നും ഇത് ന്യായീകരിക്കാന്‍ കഴിയാത്തതും കൂട്ടായ നയത്തിന്റെ പരാജയമാണെന്നും ലഗാര്‍ഡെ ചൂണ്ടിക്കാട്ടി.

അസാധാരാണമായ നടപടികള്‍ ഒഴിവാക്കികൊണ്ട് വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നയകര്‍ത്താക്കള്‍ ശ്രമിക്കേണ്ടതുണ്ട്. ഈ വര്‍ഷവും അടുത്ത വര്‍ഷവും ആഗോള വളര്‍ച്ചാ വേഗം കുറയാനാണ് സാധ്യതയെന്നും ലഗാര്‍ഡെ പറഞ്ഞു. ആഗോള സാമ്പത്തിക കടം സര്‍വകാല ഉയര്‍ച്ചയിലെത്തുമെന്നാണ് ഐഎംഎഫിന്റെ നിരീക്ഷണം. 2017നെ അപേക്ഷിച്ച് ആഗോള സാമ്പത്തിക ബാധ്യത 40 ശതമാനം വര്‍ധിച്ച് 164 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് ഐഎംഎഫ് പറയുന്നത്.

കടം വര്‍ധിക്കുന്നതില്‍ പകുതിയിലധികവും പങ്ക് വഹിക്കുന്നത് ചൈനയായിരിക്കും. ചൈനയും ഇന്ത്യയും പോലുള്ള വികസ്വര വിപണികളില്‍ കോര്‍പ്പറേറ്റ്, ബാങ്കിംഗ് മേഖലകളിലെ നിക്ഷേപം പ്രോല്‍സാഹിപ്പിച്ചുകൊണ്ട് സാമ്പത്തിക സ്ഥിരത ശക്തിപ്പെടുത്തണമെന്നും ലഗാര്‍ഡെ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy