കേരള ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുന്ന സിഎന്‍ജി

കേരള ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുന്ന സിഎന്‍ജി

നാളെയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) പദ്ധതി കേരള ചരിത്രത്തിലെ പുതിയ അധ്യായമാകുന്നു. അതിവേഗം വളരുന്ന സിഎന്‍ജി ഇന്ധന വിഭാഗം പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഇണങ്ങുന്ന വികസന മാതൃകയാണ് മുന്നോട്ട് വയ്ക്കുന്നത്. ഹരിതവാതകത്തിന്റെ പ്രതീകമായി കേരളത്തിന്റെ പ്രഥമ സിഎന്‍ജി ഇന്ധന സ്റ്റേഷന്‍ കളമശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്തോടെ ഈ രംഗത്തെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്

കേരളത്തിന്റെ വികസന ചരിത്രം പരിശോധിച്ചാല്‍ അതില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുള്ള (ഐഒസി) പങ്ക് വളരെ വലുതാണ്. കേവലം ഇന്ധന വിതരണത്തിനപ്പുറം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ ചിട്ടയായ പദ്ധതികളിലൂടെ നിശ്ചിത ഇടവേളകളില്‍ ഐഒസി മികച്ച പദ്ധതികള്‍ കേരളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്‍എന്‍ജിയും പിഎന്‍ജിയും എല്ലാം അതില്‍ ചിലത് മാത്രം. ഇത്തരത്തിലുള്ള ഇന്നവേഷന്‍ സീരീസിലെ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് സിഎന്‍ജി. എറണാകുളം ആസ്ഥാനമായി ആരംഭിച്ചിരിക്കുന്ന പദ്ധതികളുടെ ചുവടു പിടിച്ച് താമസിയാതെ കേരളത്തില്‍ ആകമാനം സിഎന്‍ജി ഇന്ധന സ്റ്റേഷനുകളും സേവനങ്ങളും വ്യാപിപ്പിക്കാനാണ് ഐഒസിയുടെ തീരുമാനം.

കേരളത്തിന്റെ പ്രഥമ സിഎന്‍ജി ഇന്ധന സ്റ്റേഷന്‍ കളമശേരിയില്‍ മാര്‍ച്ച് 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റീറ്റെയ്ല്‍ ഇന്ധന ഔട്ട് ലെറ്റായ കളമശ്ശേരി ഫില്ലിംഗ് സ്റ്റേഷനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ചത്. 2018-19 സാമ്പത്തിക വര്‍ഷം 10 പുതിയ സിഎന്‍ജി ഇന്ധന സ്റ്റേഷനുകള്‍ കൂടി സംസ്ഥാനത്ത് തുറക്കാനും ഐഒസി പദ്ധതിയിടുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 സിഎന്‍ജി പമ്പുകള്‍ തുറക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്.

കളമശ്ശേരി കണ്ടെയ്‌നര്‍ റോഡിലെ ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആലുവയിലെ എം എ മൂപ്പന്‍ ആന്റ് ബ്രദേഴ്‌സ്, മരടിലെ മേലേത്ത് ഏജന്‍സീസ് എന്നീ പമ്പുകളിലാണ് നിലവില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ ഉള്ളത്.

സുരക്ഷിതമായ ഇന്ധനം കേരളത്തില്‍ ലഭ്യമാക്കുകയാണ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് വഴി ഇന്ത്യന്‍ ഓയില്‍ ലക്ഷ്യമിടുന്നത്. ലെഡ് രഹിത, സള്‍ഫര്‍ രഹിത ഹരിത ഇന്ധനമാണ് സിഎന്‍ജി. എംഎസ്, എച്ച്എസ്ഡി എന്നിവ 60-70 ശതമാനം മാത്രം കത്തുമ്പോള്‍ സിഎന്‍ജി 85 ശതമാനത്തോളം കത്തി തീരുന്നു. അതിനാല്‍ 80 ശതമാനം കാര്‍ബണ്‍ മോണോക്‌സൈഡും 90 ശതമാനം നൈട്രസ് ഓക്‌സൈഡും കുറവായിരിക്കും.

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പല നഗരങ്ങളിലേയും വികസന മാതൃകകള്‍ പിന്തുടര്‍ന്നാണ് കേരളത്തിലും സിഎന്‍ജി പ്രാവര്‍ത്തികമാക്കുന്നത് എന്നതിനെ ഏറെ പ്രതീക്ഷയോടെ വേണം നോക്കിക്കാണാന്‍. അന്തരീക്ഷ മലിനീകരണം തടയാന്‍ കഴിയുന്നതിനൊപ്പം നഗരത്തിലെ ട്രാഫിക് ബ്ലോക്കുകള്‍ മൂലം ഉണ്ടാകുന്ന ഇന്ധന നഷ്ടത്തെ ചെറുക്കാനും സിഎന്‍ജിക്ക് കഴിയുന്നു. പ്രകൃതിവാതകം ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുന്ന രീതി പൂര്‍ണമായും പ്രാവര്‍ത്തികമാകുവാന്‍ സമയം എടുത്തേക്കാം, എന്നാല്‍ അത് പ്രാവര്‍ത്തികമാകുന്നതോടെ കേരളവികസനത്തിന് വലിയ മുതല്‍ക്കൂട്ടായി മാറും.

സിഎന്‍ജി ഇന്ത്യയൊട്ടാകെയുള്ള സ്ഥിതിയിങ്ങനെ

കേരളത്തില്‍ ആദ്യമായിട്ടാണ് എങ്കിലും പല ഇന്ത്യന്‍ നഗരങ്ങളിലും ഇതിനോടകം പരീക്ഷിച്ച് വിജയിച്ച ഒന്നാണ് സിഎന്‍ജി ഇന്ധന സ്റ്റേഷനുകള്‍. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലായി 80 നഗരങ്ങളില്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബൂഷന്‍ സംവിധാനത്തിലൂടെ പ്രകൃതിവാതകം ലഭ്യമാകുന്നു. 25 കമ്പനികളാണ് ഇതിന്റെ ചുമതല വഹിച്ച് പ്രവര്‍ത്തിക്കുന്നത്. പെട്രോളിയം പ്ലാനിംഗ് അനാലിസിസ് സെല്ലിന്റെ അഭിപ്രായത്തില്‍ രാജ്യത്ത് നിലവിലുള്ള 30,02,394 സിഎന്‍ജി വാഹനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് 1306 പമ്പുകള്‍ ആവശ്യമാണ്.

ഡല്‍ഹി, ഗുരുഗ്രാം, ആഗ്ര, ലക്‌നൗ, ഇന്‍ഡോര്‍, മുംബൈ, പൂനെ, ബറോഡ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ ഇതിനോടകം സിഎന്‍ജി ഇന്ധനം ലഭ്യമാണ്. വളരെ മികച്ച പ്രതികരണമാണ് ഇവിടങ്ങളില്‍ നിന്നും ലഭിക്കുന്നത്.

സിഎന്‍ജി എന്തുകൊണ്ട് വ്യത്യസ്തമാകുന്നു

കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് ഇവിടുത്തെ വാഹനപ്പെരുപ്പമാണ്. ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായിത്തന്നെയാണ് വാഹനങ്ങളും വര്‍ധിക്കുന്നത്. വാഹനങ്ങളുടെ അനിയന്ത്രിതമായ ഈ വര്‍ദ്ധനവ് മൂലം അന്തരീക്ഷ മലിനീകരണവും വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതിനേക്കാള്‍ പ്രായോഗികം മലിനീകരണത്തിന് കാരണമാകുന്ന ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. സിഎന്‍ജി വരുന്നതോടെ ഈ ശ്രമം ലക്ഷ്യം കാണും.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നു

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പുറന്തള്ളുന്നതിനേക്കാള്‍ വളരെ കുറവാണ് സിഎന്‍ജി വാഹനങ്ങള്‍ പുറന്തള്ളുന്ന മാലിന്യം. ഇതിനാല്‍ സിഎന്‍ജി ഇന്ധനത്തെ ഗ്രീന്‍ ഫ്യൂവല്‍ എന്ന് വിളിക്കുന്നു. മറ്റു ഇന്ധനങ്ങളില്‍ നിന്നും വ്യത്യസ്തമായി സിഎന്‍ജി പൂര്‍ണമായും ജ്വലിച്ച്, കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് മലിനീകരണം കുറയുന്നത്.

വാനോളം വളര്‍ന്ന് ‘വിപിനം’

അന്തരീക്ഷ മലിനീകരണം ഒഴിവാക്കുക, ഹരിതോര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വിഭാവനം ചെയ്ത പദ്ധതികളില്‍ വച്ച് ഏറെ ശ്രദ്ധേയമായ ഒന്നാണ് ‘വിപിനം’. പ്രകൃതിയില്‍ കാര്‍ബണിന്റെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മരങ്ങള്‍ നട്ടു വളര്‍ത്താന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ‘വിപിനം’. ഐഒസിയുടെ പെട്രോള്‍ ബങ്കുകള്‍ വഴി ഇതിനായുള്ള വൃക്ഷത്തൈകള്‍ വിതരണം ചെയ്തു വരുന്നു. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനൊപ്പം പ്രകൃതിയിലേക്കും ഇന്ധനം നിറയ്ക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ‘വിപിനം’ പദ്ധതിക്ക് തുടക്കം കുറിച്ചത്. 50 രൂപ മുതല്‍ 500 രൂപ വരെ വിലയുള്ള വൃക്ഷതൈയ്ക്കല്‍ ആണ് വില്‍പ്പനക്ക് വച്ചിരിക്കുന്നത്. ജന്മനക്ഷത്രങ്ങള്‍ക്ക് അനുസൃതമായും വൃക്ഷത്തൈകള്‍ വാങ്ങുവാന്‍ സാധിക്കും.

വിലയിലെ വ്യത്യാസം

പോക്കറ്റിനു ചേര്‍ന്ന ഇന്ധനം എന്ന് വേണം സിഎന്‍ജിയെ വിശേഷിപ്പിക്കാന്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലയെ അപേക്ഷിച്ച് സിഎന്‍ജിക്ക് വില വളരെ കുറവാണ്. കേരളത്തില്‍ പെട്രോളിന് ലിറ്ററിന് 76 രൂപയും ഡീസലിന് 68 രൂപയും നല്‍കേണ്ടിവരുമ്പോള്‍ സിഎന്‍ജിക്കായി കിലോയ്ക്ക് 45 രൂപ മാത്രമാണ് മുടക്കേണ്ടിവരുന്നത്. താപനിലയും സമ്മര്‍ദവും മാറുന്നതിനനുസരിച്ച് അളവ് മാറുന്നതിനാല്‍ കിലോക്കണക്കിലാണ് സിഎന്‍ജിയുടെ വിതരണം.

വാഹനത്തിന്റെ സുരക്ഷ

വാഹന ഉടമയ്ക്ക് ഏറ്റവും പ്രധാനം വാഹനത്തിന്റെ സുരക്ഷയാണല്ലോ, പ്രത്യേകിച്ച് എന്‍ജിന്‍ പോലുള്ള വാഹന ഭാഗങ്ങള്‍ക്ക് കേടുപറ്റിയാല്‍ ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. ഇത് ഒഴിവാക്കുന്നതിനായി സിഎന്‍ജി ഇന്ധനം സഹായിക്കും. എന്‍ജിന്‍ ഓയിലിനെ മലിനമാക്കുന്ന തോത് മറ്റ് ഇന്ധനങ്ങളേക്കാള്‍ സിഎന്‍ജിയില്‍ കുറവാണ്. എന്‍ജിന്റെ ആയുസ്സ് വര്‍ധിപ്പിക്കുവാനും ഒരു പരിധിവരെ സിഎന്‍ജിക്ക് സാധിക്കുന്നു. ഗ്യാസായതിനാല്‍ എന്‍ജിനകത്തെ ലൂബ്രിക്കേഷന് യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല. അതിനാല്‍ ചലിക്കുന്ന ഭാഗങ്ങള്‍ക്കുണ്ടാകുന്ന തേയ്മാനവും കുറവാണ്.

വിട്ടുവീഴ്ചയില്ലാത്ത മൈലേജ്

വാഹനങ്ങളുടെ മോഡല്‍ അനുസരിച്ച് മൈലേജില്‍ വ്യത്യാസം വരാം. എന്നാല്‍ ശരാശരി കണക്കനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളിന് 17.50 കിലോമീറ്ററും ഒരു ലിറ്റര്‍ ഡീസലിന് 24.52 കിലോമീറ്ററും മൈലേജ് ലഭിക്കുമ്പോള്‍ സിഎന്‍ജി ഒരു കിലോക്ക് 24.59 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. അതായത് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളുടെയും സിഎന്‍ജി മോഡലിനാണ് മികച്ച മൈലേജ് ലഭിക്കുന്നത്.

സുരക്ഷ ഉറപ്പ്

ഗ്യാസില്‍ ഓടുന്ന വാഹനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരും ഒരു ഭയത്തോടെയാണ് അതിനെ സമീപിക്കുക. എന്നാല്‍ സിഎന്‍ജി എന്ന ഗ്യാസിന്റെ തനതായ ചില സവിശേഷതകള്‍ കൊണ്ട് അത് സുരക്ഷയേറിയ ഒരു ഇന്ധനമായി മാറുന്നു. അന്തരീക്ഷ വായുവിനേക്കാള്‍ ഭാരം കുറഞ്ഞതാണ് സിഎന്‍ജി. അതിനാല്‍ ലീക്കായാല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന് വേഗത്തില്‍ ലയിക്കുന്നു.

സിഎന്‍ജിയുടെ ഓട്ടോ ഇഗ്‌നീഷ്യന്‍ താപനില 540 ഡിഗ്രി സെല്‍ഷ്യസാണ്. പെട്രോളിന്റെയും ഡീസലിന്റെയും അപേക്ഷിച്ച് വളരെ ഉയര്‍ന്ന താപനിലയാണ് ഇത്. അതിനാല്‍ സിഎന്‍ജിയുടെ സുരക്ഷയെപ്പറ്റി ചിന്തിക്കേണ്ട കാര്യമില്ല.

ഇന്ധന ലഭ്യത പ്രശ്‌നമാവില്ല

ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോള്‍ ഇന്ധനം ലഭിക്കാതെ വന്നാല്‍ എന്ത് ചെയ്യും എന്നതാണ് പരക്കെയുള്ള ഒരു ചോദ്യം. സിഎന്‍ജിയും പെട്രോളും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത്തരം വാഹനങ്ങളുടെ നിര്‍മിതി. അതിനാല്‍ ഏതെങ്കിലും കാരണവശാല്‍ സിഎന്‍ജി ഇന്ധനം ലഭിക്കാതെ വന്നാല്‍ പെട്രോള്‍ ഉപയോഗിച്ച് വാഹനം ഓടിക്കാം.

മികച്ച ഡ്രൈവിംഗ് അനുഭവം

മികച്ച ഡ്രൈവിംഗ് അനുഭവമാണ് സിഎന്‍ജി പ്രദാനം ചെയ്യുന്നത്. വാഹനത്തിന്റെ പെട്ടന്നുള്ള നീക്കങ്ങള്‍ക്ക് സിഎന്‍ജി തടസം സൃഷ്ടിക്കുന്നു. സിഎന്‍ജി യുടെ പവര്‍ പലപ്പോഴും മറ്റ് ഇന്ധനങ്ങളേക്കാള്‍ കുറവാണ് എന്നതിനാലാണ് ഇത്. അതിനാല്‍ അപകട സാധ്യതയും കുറവാണ്. സ്മൂത്ത് ആയ ഡ്രൈവിംഗ് ആണ് സിഎന്‍ജി ഉറപ്പു നല്‍കുന്നത്. സിഎന്‍ജി വാഹനങ്ങള്‍ക്ക് റീസെയില്‍ വാല്യു കുറവാണ് എന്നതൊരു പോരായ്മയാണ്. എന്നാല്‍ കൂടുതല്‍ പമ്പുകളും വാഹനങ്ങളും ഉയരുന്നതിനനുസരിച്ച് സിഎന്‍ജി വാഹനങ്ങളുടെ റീസെയില്‍ വിലയിലും മാറ്റം പ്രതീക്ഷിക്കാം.

സിഎന്‍ജി കേരളത്തിലെ സ്ഥിതി

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മികച്ച പദ്ധതികളാണ് സിഎന്‍ജി ഇന്ധന വിതരണ മേഖലയില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. 2016ല്‍ കളമശ്ശേരി പ്രദേശത്ത് 2500 കുടുംബങ്ങള്‍ക്ക് ഗാര്‍ഹികാവശ്യത്തിനായി പിഎന്‍ജി (പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) ലഭ്യമാക്കിയിരുന്നു. ഈ പദ്ധതിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.കൂടുതല്‍ ആളുകള്‍ക്ക് പിഎന്‍ജി സേവനം ഉടനടി ലഭ്യമാക്കും.

ഇതിനു പുറമെയാണ് സിഎന്‍ജി സ്റ്റേഷനുകള്‍ കൂടി ഈ മേഖലയില്‍ നിലവില്‍ വരുന്നത്. പ്രകൃതി സംരക്ഷണത്തോടൊപ്പം ധനനഷ്ടം തടയാനും ഇത് സഹായിക്കും. എന്നാല്‍ തെക്കന്‍ കേരളത്തിലേക്ക് നിലവില്‍ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് സേവനം വ്യാപിപ്പിക്കില്ല. പകരം തിരുവനന്തപുരം ജില്ലയിലെ ആനയറയില്‍ ഒരു എല്‍എന്‍ജി- എല്‍സിഎന്‍ജി സ്റ്റേഷന്‍ ആരംഭിക്കുന്നതിന് പദ്ധതിയിടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയായിരിക്കും ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുക. ഈ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലെ കെഎസ്ആര്‍ടിസിക്കും പൊതു ജനങ്ങള്‍ക്കും സിഎന്‍ജി/എല്‍എന്‍ജി ഇന്ധനം ലഭ്യമാകും

Comments

comments

Categories: FK Special, Slider