നാവിഗേഷന്‍ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് വണ്‍-ഐ ഭ്രമണ പഥത്തില്‍

നാവിഗേഷന്‍ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് വണ്‍-ഐ ഭ്രമണ പഥത്തില്‍

ശ്രീഹരിക്കോട്ട: നാവിഗേഷന്‍ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് വണ്‍-ഐ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. 36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു ഇന്നലെ പുലര്‍ച്ചെ 4.04ന് പിഎസ്എല്‍വി എക്‌സ്എല്‍ റോക്കറ്റ് 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവും വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്നത്.

ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനം ഒരുക്കുന്നതിനായുള്ള നാവിക് ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹമാണിത്. ഇന്ത്യന്‍ ജിപിഎസ് സംവിധാനമെന്നാണ് ശാസ്ത്രജ്ഞര്‍ക്കിടയില്‍ നാവിക് അറിയപ്പെടുന്നത്. ഈ ശ്രേണിയില്‍ ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് ഒന്ന്-എച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇതിന് പകരമായി ഐആര്‍എന്‍എസ്എസ് വണ്‍-ഐ വിക്ഷേപിച്ചത്. 19 മിനിറ്റ് 20 സെക്കന്‍ഡുകള്‍ക്കുള്ളില്‍ എആര്‍എന്‍എസ്എസ് വണ്‍-ഐ ഭ്രമണപഥത്തിലെത്തി. പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് നടത്തുന്ന 43ാമത്തെ വിക്ഷേപണമാണ് ഇന്നലെ നടന്നത്.

നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനുമാണ് നാവിഗേഷഷന്‍ ഉപഗ്രഹ സംവിധാനമുളളത്. കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രകളില്‍ കൃത്യമായ ദിശാ സൂചനകള്‍ നല്‍കാന്‍ ഇത്തരം ഉപഗ്രഹങ്ങള്‍ സഹായിക്കും. വ്യാവസായിക മേഖലകളിലും പൊതുഗതാഗത രംഗത്തും ഏറെ നിര്‍ണായകമായ മാറ്റങ്ങള്‍ സാധ്യമാക്കാന്‍ നാവിക് ഉപഗ്രഹങ്ങളിലൂടെ ഇന്ത്യക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്ത എട്ടു മാസത്തിനുള്ളില്‍ 9 വിക്ഷേപണങ്ങളാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടുള്ളതെന്നും വര്‍ഷാവസാനത്തോടെയുള്ള ചന്ദ്ര ദൗത്യവും ഇതില്‍ ഉള്‍പ്പെടുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.

Comments

comments

Categories: Slider, Top Stories