മഹീന്ദ്ര രണ്ട് കരാറുകള്‍ ഒപ്പുവെച്ചു

മഹീന്ദ്ര രണ്ട് കരാറുകള്‍ ഒപ്പുവെച്ചു

ചെന്നൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഭാഗമായ മഹീന്ദ്ര ഡിഫെന്‍സ് പ്രതിരോധ മേഖലയിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ഉദ്ദേശ്യത്തോടെ രണ്ട് കരാറുകള്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ നേവിക്കായി സീ പ്ലെയ്ന്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമായി ജപ്പാന്‍ ആസ്ഥാനമായ ഷിന്‍മേവാ ഇന്‍ഡസ്ട്രീസുമായും നേവല്‍ ഷിപ്പ്‌ബോണ്‍ ഡ്രോണ്‍ വികസനത്തിന് ഇസ്രയേലിലെ മുന്‍നിര ഡ്രോണ്‍ നിര്‍മാതാക്കളായ എയ്‌റോനോട്ടിക്‌സുമായിട്ടാണ് മഹീന്ദ്ര കരാറിലെത്തിയത്.

എയ്‌റോനോട്ടിക്‌സും മഹീന്ദ്രയും ഇന്ത്യന്‍ യുദ്ധ കപ്പലുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന യുഎവി(അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) സംവിധാനം വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്. ആദ്യമായിട്ടാണ് മഹീന്ദ്ര ഡ്രോണ്‍ മേഖലയിലേക്ക് ചുവടുവെക്കുന്നത്. ഈ മേഖലയിലെ മുന്‍നിര നിര്‍മാണ കമ്പനിയായ എയ്‌റോനോട്ടിക്‌സ് 55 രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ കമ്പനിയുടെ ആദ്യത്തെ സംരംഭമാണെന്നും ഇത്തരത്തിലുള്ള പങ്കാളിത്ത പദ്ധതികള്‍ക്കായി മറ്റ് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും മഹീന്ദ്രയെയാണ് ഏറ്റവും മികച്ച പങ്കാളിയായി കണ്ടെത്താനായതെന്നും എയ്‌റോനോട്ടിക്‌സ് സിഇഒ ആമോസ് മാത്തന്‍ പറഞ്ഞു. ഇന്ത്യന്‍ നേവിയില്‍ നിന്ന് കരാര്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇതിനുശേഷമായിരിക്കും പദ്ധതിക്കായുള്ള നിക്ഷേപം, അസംബ്ലി യൂണിറ്റ്, പങ്കാളിത്ത ഘടന എന്നിവ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ എല്ലാ തലങ്ങളെയും ഈ പങ്കാളിത്തം പിന്നിടുന്നുണ്ട്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷിന്‍മേവയും മഹീന്ദ്ര ഡിഫന്‍സും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഇരു കമ്പനികളും സംയുക്തമായി യുഎസ്2 ജലവിമാനത്തിനുള്ള(സീ പ്ലെയ്ന്‍ ) കംപോണന്റ് നിര്‍മിക്കുന്നതിനും യോജിപ്പിക്കുന്നതിനും അതിന്റെ സര്‍വീസിംഗിനുമായി എംആര്‍ഒ ആരംഭിക്കുമെന്ന് മഹീന്ദ്ര ഡിഫെന്‍സ് ചെയര്‍മാനും മഹീന്ദ്ര ഗ്രൂപ്പ് എയറോസ്‌പെസ് ആന്‍ഡ് ഡിഫെന്‍സ് സെക്റ്റര്‍ ഗ്രൂപ്പ് പ്രസിഡന്റുമായ എസ് പി ശുക്ല പറഞ്ഞു. ഷിന്‍മേവാ ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്ന ആധുനിക സീ പ്ലെയിനായ യുഎസ്-2 ന് ജലത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള കഴിവും ദീര്‍ഘായുസുമുണ്ട്. അതിനാല്‍ തന്നെ ബുദ്ധിമുട്ടേറിയ സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ത്യന്‍ നേവിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് യുഎസ്-2 നിര്‍മാണത്തിന്റെ രീതി തീരുമാനിക്കുന്നതിനായി ഇന്ത്യയും ജപ്പാനും ഇപ്പോള്‍ ചര്‍ച്ച നടത്തി വരുന്നുണ്ട്.

Comments

comments

Categories: Business & Economy