സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ

സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ

സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ രാജ്യത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിച്ചതായും വിലയിരുത്തല്‍

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഫൗണ്ടേഷന്‍ തയാറാക്കിയ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ നിലമെച്ചപ്പെടുത്തി. 180 രാജ്യങ്ങളുടെ പട്ടികയില്‍ 130-ാം സ്ഥാനത്താണ് ഇന്ത്യ ഇത്തവണ നിലയുറപ്പിച്ചിട്ടുള്ളത്. 2017ല്‍ സൂചികയില്‍ 52.6 പോയ്ന്റുമായി 143-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഭൂട്ടാന്‍ (107), ശ്രീലങ്ക (112), ബംഗ്ലാദേശ്(128), പാകിസ്ഥാന്‍(141) എന്നീ അയല്‍ രാജ്യങ്ങളെല്ലാം സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് മുന്നിലായിരുന്നു.

ഇത്തവണ 13 സ്ഥാനം മുന്നിട്ടാണ് ഇന്ത്യ 130ല്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സൂചികയില്‍ 57.4 പോയ്ന്റുമായി 111ാം സ്ഥാനത്തായിരുന്ന ചൈന പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒരു സ്ഥാനം കടന്ന് 110ല്‍ എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ഇന്ത്യക്ക് പിന്നിലായി 131ാം സ്ഥാനത്തും ഇടം നേടി. സൂചികയില്‍ 54.5 പോയ്ന്റാണ് ഇന്ത്യക്കുള്ളത്. 2017ലെ 52.6 പോയ്ന്റില്‍ നിന്നും 54.5ലേക്ക് പോയ്ന്റ് ഉയര്‍ന്നതാണ് ഈ വര്‍ഷത്തെ സൂചികയില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമെന്ന് ഹെറിറ്റേജ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1.9 പോയ്ന്റിന്റെ വര്‍ധനയാണ് ഇന്ത്യയുടെ മൊത്തം സ്‌കോറിലുണ്ടായത്. നീതിന്യായ വ്യവസ്ഥയിലും ബിസിനസ് സ്വാതന്ത്ര്യത്തിലും ബിസിനസുകള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസ്യതയിലും സാമ്പത്തിക ആരോഗ്യത്തിന്റെ കാര്യത്തിലും രാജ്യം കൈവരിച്ചിട്ടുള്ള പുരോഗതിയാണ് പോയ്ന്റ് വര്‍ധിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഏഷ്യ-പസഫിക് മേഖലയിലെ 43 രാജ്യങ്ങളുടെ പ്രകടനം മാത്രം വിലയിരുത്തുമ്പോള്‍ ഈ രാജ്യങ്ങളില്‍ 30ാം സ്ഥാനത്താണ് ഇന്ത്യ. ഇതില്‍ ഏഷ്യ-പസഫിക് മേഖലയുടെയും ആഗോള തലത്തിലെയും ശരാശരി സ്‌കോറിനേക്കാള്‍ കുറവാണ് ഇന്ത്യയുടെ പോയ്‌ന്റെന്നും ഹെറിറ്റേജ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.

ഒരു തുറന്ന കമ്പോള സമ്പദ്‌വ്യവസ്ഥ എന്ന തലത്തിലേക്ക് ഇന്ത്യ വികസിക്കുന്നതായും ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വയം പര്യാപ്തി നേടുന്നതിനുള്ള നയങ്ങള്‍ ഇന്ത്യ ഇപ്പോഴും തുടരുന്നുണ്ട്. ബിസിനസ് സൗഹൃദം മെച്ചപ്പെടുത്തുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനും വിദേശ നിക്ഷേപ-വ്യാപാര നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനും ഏറ്റെടുത്തിട്ടുള്ള സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ രാജ്യത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിച്ചതായും ഹെറിറ്റേജ് ഫൗണ്ടേഷന്‍ വിശദമാക്കി.

അതേസമയം, അഴിമതിയും അടിസ്ഥാന സൗകര്യമേഖലയിലെ മുരടിപ്പും തുടര്‍ന്നും രാജ്യത്തിന്റെ മൊത്തം വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഹെറിറ്റേജ് ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടു. സമ്പൂര്‍ണ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പരിഷ്‌കരണങ്ങളുടെ വേഗം കുറവാണെന്നും ധനകാര്യ മേഖലയിലെ നിഷ്‌ക്രിയാവസ്ഥ ഇന്ത്യയുടെ മൊത്ത വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

Comments

comments

Categories: Business & Economy

Related Articles