അമേരിക്കന്‍ കോണ്‍ഗ്രസില്‍ സുക്കര്‍ബെര്‍ഗിന്റെ ‘ മാപ്പ് ‘

അമേരിക്കന്‍ കോണ്‍ഗ്രസില്‍ സുക്കര്‍ബെര്‍ഗിന്റെ ‘ മാപ്പ് ‘

ടെക് റവല്യൂഷണറിയെന്നാണ് ഒരു കാലത്ത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനെ ലോകം വിശേഷിപ്പിച്ചത്. പുതുതലമുറയിലെ ആ വിപ്ലവകാരിയെ കഴിഞ്ഞ ദിവസം അമേരിക്കന്‍ ജനപ്രതിനിധി സഭ വിചാരണ ചെയ്തു. വിവരം ചോര്‍ത്തിയതിനും, വ്യാജ വാര്‍ത്തയും, വിദ്വേഷം നിറഞ്ഞ പ്രസംഗവും പ്രചരിപ്പിച്ചതുമടക്കം നിരവധി കുറ്റങ്ങള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണു സുക്കര്‍ബെര്‍ഗിനെ ചോദ്യം ചെയ്തത്.

വാഷിംഗ്ടണ്‍ ഡി.സി യിലുള്ള ക്യാപിറ്റോള്‍ ഹില്‍സിലാണു സെനറ്റും, ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സും ഉള്‍പ്പെടുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് അഥവാ ജനപ്രതിനിധി സഭ സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ക്യാപിറ്റോള്‍ ഹില്‍സിലായിരുന്നു ലോകശ്രദ്ധ പതിഞ്ഞത്. അതിനൊരു കാരണമുണ്ട്, അപ്പോഴായിരുന്നു മെന്‍ലോ പാര്‍ക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് സെനറ്റ് ജുഡീഷ്യറി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റി മുന്‍പാകെ ഹാജരായത്. ഫേസ്ബുക്ക് യൂസര്‍മാരുടെ വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണമാണു സെനറ്റിനു മുന്‍പില്‍ സുക്കര്‍ബെര്‍ഗിനെ ചൊവ്വാഴ്ച എത്തിച്ചത്. ബുധനാഴ്ച ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലെ ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിക്കു മുന്നിലും സുക്കര്‍ബെര്‍ഗ് ഹാജരാവുകയുണ്ടായി. ആദ്യമായിട്ടാണ് അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്‍പില്‍ സുക്കര്‍ബെര്‍ഗ് ഹാജരായത്.

ചൊവ്വാഴ്ച സെനറ്റില്‍ നടന്ന വിചാരണ അഞ്ച് മണിക്കൂര്‍ നേരം നീണ്ടുനിന്നു. 40-ലേറെ സെനറ്റര്‍മാരാണു സുക്കര്‍ബെര്‍ഗിനെ ചോദ്യം ചെയ്തത്. വിചാരണ വേളയിലുടനീളം ഫേസ്ബുക്കിനു നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമം അദ്ദേഹം നടത്തുന്നത് കാണാമായിരുന്നു. സെനറ്റര്‍മാരോടായി നടത്തിയ പ്രാരംഭ പ്രസ്താവനയില്‍ സുക്കര്‍ബെര്‍ഗ് മാപ്പ് പറയുകയുണ്ടായി. ഫേസ്ബുക്കിലൂടെ വിദ്വേഷം നിറഞ്ഞ പ്രസംഗവും, വ്യാജ വാര്‍ത്തയും പ്രചരിക്കാനിടയായതിലും, ഡാറ്റ സംരക്ഷിക്കാന്‍ സാധിക്കാതിരുന്നതിലും, 2016 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ, സോഷ്യല്‍ മീഡിയയിലൂടെ ഇടപെട്ടത് തടയാന്‍ കഴിയാതിരുന്നതിലും സുക്കര്‍ബെര്‍ഗ് ഖേദം പ്രകടിപ്പിക്കുകയുണ്ടായി.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇതിനു മുന്‍പും നിരവധി ബിസിനസ് മേധാവികളെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയിട്ടുണ്ട്. പക്ഷേ അന്നൊന്നും കാണപ്പെടാതിരുന്ന തിരക്കായിരുന്നു ചൊവ്വാഴ്ച സെനറ്റില്‍ സുക്കര്‍ബെര്‍ഗിനെ ചോദ്യം ചെയ്തപ്പോള്‍ കണ്ടത്. 40-ലേറെ സെനറ്റര്‍മാരാണെത്തിയത്. ഓരോ സെനറ്റര്‍മാര്‍ക്കും അഞ്ച് മിനിറ്റ് സമയമാണു നല്‍കിയത്. അതുകൊണ്ടു തന്നെ ഫോളോ അപ്പ് ചോദ്യങ്ങളോ, ഒന്നിനു പിറകേ ഒന്നായി, വിശദമായി ചോദിക്കാനുള്ള അവസരമോ സെനറ്റര്‍മാര്‍ക്ക് ലഭിച്ചില്ല.

5 മണിക്കൂര്‍ മാരത്തണ്‍ ചോദ്യം ചെയ്യല്‍, ശാന്തത കൈവിടാതെ സുക്കര്‍ബെര്‍ഗ്

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് സ്ഥാപനം ഫേസ്ബുക്ക് യൂസര്‍മാരുടെ ഡാറ്റ ദുരുപയോഗം ചെയ്തതുള്‍പ്പെടെയുള്ള സംഭവത്തിലാണു ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബെര്‍ഗിനെ ചോദ്യം ചെയ്യാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ആദ്യമായിട്ടാണു സുക്കര്‍ബെര്‍ഗ് ജനപ്രതിനിധികള്‍ക്കു മുന്‍പാകെ ഹാജരാകുന്നതും. മലയുടെ ഉയരത്തിലുള്ള ആരോപണങ്ങളാണു ഫേസ്ബുക്കിനെതിരേ ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ സാഹചര്യത്തില്‍ നടന്ന വിചാരണയില്‍ സ്വാഭാവികമായും സുക്കര്‍ബെര്‍ഗിനു നേരിടേണ്ടി വന്നത് രൂക്ഷമായ ചോദ്യങ്ങളായിരുന്നു. എന്നാല്‍ അവയ്‌ക്കെല്ലാം വളരെ ക്ഷമയോടെയാണു സുക്കര്‍ബെര്‍ഗ് ഉത്തരം പറഞ്ഞത്. ചൊവ്വാഴ്ച ഉച്ചയോടെയാണു ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്നു. സെനറ്റര്‍മാര്‍ ഭൂരിഭാഗവും വളരെ പരുഷമായിട്ടാണു സുക്കര്‍ബെര്‍ഗിനു നേരേ ചോദ്യങ്ങളെറിഞ്ഞത്. അപ്പോഴെല്ലാം അദ്ദേഹം ശാന്തത കൈവിടാതെ പ്രതികരിച്ചു. എന്റെ തെറ്റ്, എന്നോട് ക്ഷമിക്കണം തുടങ്ങിയ മറുപടികളായിരുന്നു കൂടുതലും. ചൊവ്വാഴ്ച സെനറ്റിനു മുന്‍പാകെ ഹാജരാകാന്‍ എത്തിയപ്പോഴുള്ള സുക്കര്‍ബെര്‍ഗിന്റെ വേഷവും മാധ്യമ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. സാധാരണയായി അദ്ദേഹം ചാര നിറത്തിലുള്ള ടി-ഷര്‍ട്ടാണ് അണിയാറുള്ളത്. എന്നാല്‍ ചൊവ്വാഴ്ച ആ പതിവ് മാറ്റി. പകരം കോട്ടും സ്യൂട്ടും ടൈയുമൊക്കെ അണിഞ്ഞ് തീര്‍ത്തും എക്‌സിക്യൂട്ടീവ് ശൈലിയിലാണ് സുക്കര്‍ബെര്‍ഗ് സെനറ്റിലെത്തിയത്.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇതിനു മുന്‍പും നിരവധി ബിസിനസ് മേധാവികളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിട്ടുണ്ട്. പക്ഷേ അന്നൊന്നും കാണപ്പെടാതിരുന്ന തിരക്കായിരുന്നു ചൊവ്വാഴ്ച സെനറ്റില്‍ സുക്കര്‍ബെര്‍ഗിനെ ചോദ്യം ചെയ്തപ്പോള്‍ കണ്ടത്. 40-ലേറെ സെനറ്റര്‍മാരാണെത്തിയത്. ഓരോ സെനറ്റര്‍മാര്‍ക്കും അഞ്ച് മിനിറ്റ് സമയമാണു നല്‍കിയത്. അതുകൊണ്ടു തന്നെ ഫോളോ അപ്പ് ചോദ്യങ്ങളോ, ഒന്നിനു പിറകേ ഒന്നായി, വിശദമായി ചോദിക്കാനുള്ള അവസരമോ സെനറ്റര്‍മാര്‍ക്ക് ലഭിച്ചില്ല. ഇതൊരു ന്യൂനതയായി മാറുകയും ചെയ്തു.
മുന്‍കാലങ്ങളില്‍ വരുത്തിയ തെറ്റ് എങ്ങനെ മറികടക്കാനാണ് ഉദ്ദേശിക്കുന്നത് ? ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ എന്തെല്ലാം നടപടികളാണു സ്വീകരിക്കേണ്ടത് ? എന്നു സുക്കര്‍ബെര്‍ഗിനോട് വിചാരണവേളയില്‍ ചോദിക്കുകയുണ്ടായി. ലോഗ് ഔട്ട് ആയതിനു ശേഷം യൂസറിന്റെ ബ്രൗസിംഗ് ഹിസ്റ്ററി ഫേസ്ബുക്ക് റെക്കോര്‍ഡ് ചെയ്യാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടല്ലോ ? ഇക്കാര്യം ശരിയാണോയെന്നു മിസിസിപ്പിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററായ റോജര്‍ വിക്കര്‍ സുക്കര്‍ബെര്‍ഗിനോട് ചോദിച്ചു. ഈ ചോദ്യത്തിനു പക്ഷേ മറുപടി പറയാന്‍ സുക്കര്‍ബെര്‍ഗിനായില്ല. ഇക്കാര്യം ടീം അംഗങ്ങളുമായി പരിശോധിച്ചതിനു ശേഷമല്ലാതെ കൃത്യമായൊരു ഉത്തരം നല്‍കാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കില്ലെന്ന മറുപടിയാണു സുക്കര്‍ബെര്‍ഗ് നല്‍കിയത്.

സുക്കര്‍ബെര്‍ഗിന്റെ 100 കട്ടൗട്ടുകള്‍

ക്യാപിറ്റോള്‍ ഹില്ലില്‍ ചൊവ്വാഴ്ച സെനറ്റ് പാനലിനു മുന്‍പാകെ ചോദ്യം ചെയ്യലിനു സുക്കര്‍ബെര്‍ഗ് വിധേയനായപ്പോള്‍, സെനറ്റിനു പുറത്ത് സുക്കര്‍ബെര്‍ഗിന്റെ മുഖംമൂടിയണിഞ്ഞ് 100 കട്ടൗട്ടുകളുമായി ചിലര്‍ അണിനിരന്നു. fix facebook എന്നെഴുതിയ ടീ ഷര്‍ട്ടും ഇവര്‍ അണിഞ്ഞിരുന്നു. Avaaz എന്ന ആഗോള ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് ഇത്തരത്തില്‍ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. ഫേസ്ബുക്കിനെതിരേയുള്ള പ്രതിഷേധം അറിയിക്കാനായിരുന്നു ഇത്. ഫേസ്ബുക്കിലൂടെ തെറ്റായ പ്രചാരണം നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനെതിരേയായിരുന്നു പ്രതിഷേധം.

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് സ്ഥാപനം ഫേസ്ബുക്ക് യൂസര്‍മാരുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കാര്യം 2015-ല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇക്കാര്യം എന്തു കൊണ്ടാണു യൂസര്‍മാരെ അറിയിക്കാന്‍ ഫേസ്ബുക്ക് തയാറാകാതിരുന്നത് എന്ന ചോദ്യത്തിനു മുന്‍പില്‍ സുക്കര്‍ബെര്‍ഗ് പതറുന്നതും കാണാനായി. കാലിഫോര്‍ണിയയില്‍നിന്നുള്ള ഡമോക്രാറ്റ് സെനറ്റര്‍ കമല ഹാരിസാണ് ഈ ചോദ്യം ചോദിച്ചത്. സുക്കര്‍ബെര്‍ഗ് നേരിട്ട ഏറ്റവും കടുപ്പം നിറഞ്ഞ ചോദ്യങ്ങളിലൊന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നതും. ഫേസ്ബുക്ക് എന്ന പ്ലാറ്റ്‌ഫോം ദുരുപയോഗപ്പെടുത്തുന്നതു തടയാന്‍ സാധിച്ചില്ലെന്നു സുക്കര്‍ബെര്‍ഗ് സമ്മതിച്ചെങ്കിലും ഫേസ്ബുക്ക് കുത്തക സ്ഥാപനമാണെന്ന വാദത്തെ അദ്ദേഹം എതിര്‍ത്തു. ഫേസ്ബുക്ക് ഒരു മാധ്യമ സ്ഥാപനമെന്നതിനപ്പുറം ഒരു ടെക് കമ്പനിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. പരസ്യം ലക്ഷ്യമിട്ട് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നെന്നാണു ഫേസ്ബുക്കിനെതിരേ പ്രചരിക്കുന്ന ഒരു ആരോപണം. എന്നാല്‍ ഈ ആരോപണത്തെയും സുക്കര്‍ബെര്‍ഗ് പ്രതിരോധിക്കുകയുണ്ടായി. ലോകമെങ്ങുമുള്ളവരെ തമ്മില്‍ ബന്ധിപ്പിക്കുകയെന്നതാണു ഫേസ്ബുക്കിന്റെ ദൗത്യം. പരസ്യ സേവനം വാഗ്ദാനം ചെയ്യുന്നത്, ഞങ്ങളുടെ ദൗത്യവുമായി ഏറ്റവും യോജിച്ചതാണെന്നു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്-സുക്കര്‍ബെര്‍ഗ് പറഞ്ഞു.

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് സ്ഥാപനം ഫേസ്ബുക്ക് യൂസര്‍മാരുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കാര്യം 2015-ല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇക്കാര്യം എന്തു കൊണ്ടാണു യൂസര്‍മാരെ അറിയിക്കാന്‍ ഫേസ്ബുക്ക് തയാറാകാതിരുന്നത് എന്ന ചോദ്യത്തിനു മുന്‍പില്‍ സുക്കര്‍ബെര്‍ഗ് പതറുന്നതും കാണാനായി. കാലിഫോര്‍ണിയയില്‍നിന്നുള്ള ഡമോക്രാറ്റ് സെനറ്റര്‍ കമല ഹാരിസാണ് ഈ ചോദ്യം ചോദിച്ചത്.

ഏതു തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്കും ഫേസ്ബുക്കിനു തുറന്ന സമീപനമാണുള്ളത്. യൂസറുടെ ഡാറ്റ ദുരുപയോഗം ചെയ്താല്‍ അക്കാര്യം 72 മണിക്കൂറിനുള്ളില്‍ യൂസറെ അറിയിക്കുവാന്‍ കമ്പനിക്കു ബാദ്ധ്യതയുണ്ട്. ഇക്കാര്യം നടപ്പിലാക്കുവാന്‍ ഫേസ്ബുക്കിനു മാത്രമല്ല, മറ്റ് കമ്പനികള്‍ക്കു മേലും സമ്മര്‍ദ്ദം ചെലുത്തുകയും വേണമെന്ന നിലപാടാണു തനിക്കുള്ളതെന്നു സുക്കര്‍ബെര്‍ഗ് പറഞ്ഞു. പക്ഷേ, കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കു വേണ്ടി വാദിക്കുമ്പോള്‍ അതു യഥാര്‍ഥത്തില്‍ പ്രയോജനപ്പെടുന്നത് വന്‍കിട കമ്പനികള്‍ക്കു തന്നെയായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജനങ്ങളുടെ ജീവിതത്തില്‍ ഇന്റര്‍നെറ്റിന്റെ പ്രാധാന്യം ഇന്ന് വര്‍ധിച്ചിരിക്കുകയാണ്. അതു കൊണ്ടു തന്നെ നിയന്ത്രണം എപ്രകാരമായിരിക്കണമെന്നതിനെ കുറിച്ചു വിശദ ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സെനറ്റിനു മുന്നിലെ സുക്കര്‍ബെര്‍ഗിന്റെ പ്രകടനം ഫേസ്ബുക്കിന്റെ നിക്ഷേപകര്‍ക്കു സംതൃപ്തി പകരുന്നതായിരുന്നെന്ന് അടിവരയിടുന്നതായിരുന്നു ഓഹരി വിപണിയിലെ ഫലം. ചൊവ്വാഴ്ച ഫേസ്ബുക്കിന്റെ ഓഹരി വില 4.5 ശതമാനം വര്‍ധനയോടെയാണു വ്യാപാരം അവസാനിപ്പിച്ചത്. 165.04 ഡോളറായിരുന്നു വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി വില.

Comments

comments

Categories: FK Special, Slider