112-ലും മസാസോ നോനാക്ക സ്‌ട്രോങാണ്

112-ലും മസാസോ നോനാക്ക സ്‌ട്രോങാണ്

ടോക്യോ: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആപേക്ഷികാ സിദ്ധാന്തം പ്രസിദ്ധീകരിക്കുന്നതിനും ഏതാനും മാസങ്ങള്‍ക്കു മുന്‍പാണു മസാസോ നോനാക്ക ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1905 ജൂലൈ 25-ന്. ഇപ്പോള്‍ പ്രായം 112 ലെത്തിയിരിക്കുന്നു. എങ്കിലും മസാസോ സ്‌ട്രോങാണ്. കളിച്ചും ചിരിച്ചും ജനിച്ചു വളര്‍ന്ന കൊച്ചു ഗ്രാമത്തിലെ കഥകള്‍ പങ്കുവച്ചും മസാസോ ജീവിതം ആഘോഷിക്കുന്നു. മസാസോയ്ക്ക് ഇരട്ടി മധുരമേറുന്ന ഒരു കാര്യവും കൂടി കഴിഞ്ഞ ദിവസമുണ്ടായി. ഇത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച നോനാക്കയെ ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷനായി ഗിന്നസ് വേള്‍ഡ് റെക്കോഡ് പ്രഖ്യാപിച്ചു എന്നതാണ്. പ്രായത്തിന്റെ കാര്യത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സില്‍ പേര് ചേര്‍ക്കുന്നതായും സംഘാടകര്‍ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റും ഇദ്ദേഹത്തിനു നല്‍കി. ജപ്പാന്‍കാരുടെ പരമ്പരാഗത വേഷമായ കിമോണ അണിഞ്ഞാണ് മസാസോ സര്‍ട്ടിഫിക്കേറ്റ് വാങ്ങാനെത്തിയത്.

ചൂടു വെള്ളത്തിലെ കുളിയും, മധുരം കഴിക്കുന്നതുമാണു ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കയ്‌ഡോ നിവാസിയായ മസാസോ നോനാക്കയുടെ ആരോഗ്യ രഹസ്യം. ഒഴിവു സമയങ്ങള്‍ ചെലവഴിക്കുന്നത് ടിവിയില്‍ സുമോ ഗുസ്തി കണ്ടു കൊണ്ടാണ്. പിന്നെ രണ്ട് പൂച്ചകളുമുണ്ട്. കുരോ, ഹരു എന്നീ പേരുകളിലുള്ള പൂച്ചക്കുട്ടികളെ ഓമനിക്കുന്നതും മസാസോയുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ്. സഞ്ചരിക്കണമെങ്കില്‍ വീല്‍ ചെയറിന്റെ സഹായം ആവശ്യമാണെങ്കിലും ആരോഗ്യത്തിനു യാതൊരു കുഴപ്പവുമില്ലെന്ന് അദ്ദേഹത്തിന്റെ ചെറുമകള്‍ യുകോ നോനാക്ക പറയുന്നു. സമ്മര്‍ദ്ദമില്ലാതെ കഴിയുന്ന ജീവിതചര്യയാണു മുത്തച്ഛന്റേത്. അതാണ് ദീര്‍ഘായുസിനു കാരണമെന്നു താന്‍ കരുതുന്നതായി ചെറുമകള്‍ യുകോ നോനോക്ക പറയുന്നു. എല്ലാ ദിവസവും പത്രം മുടങ്ങാതെ വായിക്കാന്‍ നോനാക്ക സമയം കണ്ടെത്താറുണ്ട്. ഇദ്ദേഹത്തിന് ഏഴ് സഹോദരങ്ങളും ഒരു സഹോദരിയുമാണുള്ളത്. ഇവരെല്ലാം സമീപ നഗരമായ ഹൊക്കെയ്‌ഡോയിലെ അഷോറോയില്‍ താമസിക്കുന്നുണ്ട്.

1931-ലാണു മസാസോ നോനാക്ക വിവാഹിതനായത്. ഹട്ട്‌സുനോയെയാണു വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ അഞ്ച് മക്കളുണ്ട്. മക്കളും മരുമക്കളും ചെറുമക്കളും അവരുടെ മക്കളുമായി കഴിയുകയാണു മസാസോ.

Comments

comments

Categories: FK Special, Slider