ഹില്‍ട്ടണ്‍ ഇന്ത്യയിലെ  നിക്ഷേപം വര്‍ധിപ്പിക്കുന്നു

ഹില്‍ട്ടണ്‍ ഇന്ത്യയിലെ  നിക്ഷേപം വര്‍ധിപ്പിക്കുന്നു

മുംബൈ: ആഗോളതലത്തിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടണ്‍ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ പുതിയ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാനും മൂന്നു വര്‍ഷത്തിനുള്ളില്‍ ഹോട്ടലുകളുടെ എണ്ണം 17 ല്‍ നിന്നും 34 ആക്കി വര്‍ധിപ്പിക്കാനുമാണ് പദ്ധതിയെന്ന് ഹില്‍ട്ടണ്‍ ഏഷ്യ പസഫിക് മേധാവി അലന്‍ വാട്ട്‌സ് അറിയിച്ചു. ഡെല്‍ഹിയിലെ ഹില്‍ട്ടണ്‍ ഓഫീസ് വികസിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിലെ സെയില്‍സിനായി പുതിയ വലിയ ഒരു ടീമിനെ നിയമിക്കും. വികസന പദ്ധതികളുടെ ഭാഗമായി യുബര്‍ ലക്ഷ്വറി ബ്രാന്‍ഡായ വാള്‍ഡോര്‍ഫ് അസ്റ്റോറിയ, പുതിയ സര്‍വീസ് ബ്രാന്‍ഡായ ട്രു എന്നിവ ഇന്ത്യയിലെത്തും. – അദ്ദേഹം പറഞ്ഞു. ഹില്‍ട്ടണിന്റെ 14 അന്താരാഷ്ട്ര ബ്രാന്‍ഡുകളില്‍ അഞ്ചെണ്ണം മാത്രമാണ് ഇന്ത്യന്‍ വിപണിയിലുള്ളത്.

ഈ വര്‍ഷമാദ്യം ഇന്ത്യന്‍ ബിസിനസിനു നേതൃത്വം നല്‍കുന്നതിനായി മാരിയറ്റ് മുന്‍ ഉദ്യോഗസ്ഥരായ നവ്ജീത് ആലുവാലിയയെയും (സീനിയര്‍ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ ബിസിനസ് മേധാവി) ജതിന് ഖന്നയെയും ( വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ ഓപ്പറേഷന്‍സ് മേധാവി) ഹില്‍ട്ടണ്‍ തങ്ങളുടെ ഭാഗമാക്കിയിരുന്നു. 2000 ല്‍ ഇന്ത്യയിലേക്ക് കടന്നുവന്ന കമ്പനി ആദ്യമായിട്ടാണ് തങ്ങളുടെ ഉയര്‍ന്ന മാനേജ്‌മെന്റ് സ്ഥാനങ്ങളില്‍ ഇന്ത്യാക്കാരെ നിയമിക്കുന്നത്.

ഹില്‍ട്ടണിന്റെ ഇന്ത്യന്‍ ബിസിനസ് യാത്ര അത്ര സുഖകരമായിരുന്നില്ല. 2005 ല്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡിഎല്‍എഫ് ലിമിറ്റഡുമായി ചേര്‍ന്ന് ഹില്‍ട്ടണ്‍ ഒരു സംയുക്ത സംരംഭ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ 60 ഹോട്ടലുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുപോലെ ഹില്‍ട്ടണ്‍ ഒബ്‌റോയ് ഹോട്ടല്‍സ് ഉടമകളായ ഇഐഎച്ച് ലിമിറ്റഡുമായി ഉണ്ടാക്കിയ മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ് പാര്‍ട്ണര്‍ഷിപ്പും പാതി വഴിയില്‍ ഉപക്ഷേിച്ചിരുന്നു. രണ്ട് പദ്ധതികളുടെ പരാജയം ഇന്ത്യയിലെ കമ്പനിയുടെ വികസന പദ്ധതികള്‍ക്ക് ആഘാതമേല്‍പ്പിച്ചു. പിന്നീട് ഇപ്പോഴാണ് കമ്പനി വികസന പദ്ധതികളുമായി വീണ്ടുമെത്തുന്നത്.

Comments

comments

Categories: Business & Economy