അവഗണനയില്‍ നിന്ന് ഉദിച്ചുയര്‍ന്ന ഗച്ചിബൗളി

അവഗണനയില്‍ നിന്ന് ഉദിച്ചുയര്‍ന്ന ഗച്ചിബൗളി

ആര്‍ക്കും വേണ്ടാതെ അവഗണിക്കപ്പെട്ടു കിടന്ന ഒരു കാലമുണ്ടായിരുന്നു ഹൈദരാബാദിന്റെ പ്രാന്ത പ്രദേശത്തുള്ള ഗച്ചിബൗളിക്ക്. ഹൈടെക് സിറ്റിയില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ പ്രദേശം വികസനത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണിപ്പോള്‍. ഐടിയും ബാങ്കിംഗുമടക്കം കമ്പനികളുടെ ഓഫീസ് സമുച്ചയങ്ങളും വമ്പന്‍ പാര്‍പ്പിട പദ്ധതികളും ഈ പിന്നോക്ക പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു.

ഒരുകാലത്ത് ആള്‍ത്താമസം വളരെ കുറഞ്ഞ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിനോക്കാഞ്ഞ ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശമായിരുന്നു ഗച്ചിബൗളി. എന്നാല്‍ ഇന്ന് വാണിജ്യ-പാര്‍പ്പിട-റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളിലൂടെ വമ്പന്‍ പരിവര്‍ത്തനത്തിനാണ് ഇവിടം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഹൈദരാബാദിലെ നല്ലഗണ്ട്‌ല-തെല്ലാപൂര്‍, നനക്രംഗുഡ, കോകാപേട്ട്, നര്‍സിംഗി, റായ്ദുര്‍ഗ്, മണികൊണ്ട എന്നീ പ്രദേശങ്ങളാണ് 15 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന ഗച്ചിബൗളിയില്‍ പെടുന്നത്. ഐടി-ഐടിഇഎസ് കമ്പനികളുടെ കടന്നുവരവാണ് ഇവിടെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ഐടി-ഐടിഇഎസ്, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) എന്നിവയുടെ ഹബ്ബുകളിലൊന്നായി ഇപ്പോള്‍ അംഗീകരിക്കപ്പെട്ട ഗച്ചിബൗളിയില്‍ താമസസ്ഥലങ്ങള്‍ക്കും വാണിജ്യ ഓഫീസ് സ്ഥലങ്ങള്‍ക്കും ഒരേപോലെ ആവശ്യക്കാര്‍ കൂടി വരികയാണ്. ഹൈദ്രാബാദ് ഹൈടെക്ക് സിറ്റിയില്‍ നിന്നും 6 കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ഈ പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റിയത് ഐസിഐസിഐ, സിഎംസി, ഫ്രാങ്കഌന്‍ ടെംപിള്‍ട്ടണ്‍, യുബിഎസ് , കോഗ്നിസന്റ്, ഐബിഎം, മൈക്രോസോഫ്റ്റ് ഇന്‍ഫോസിസ് തുടങ്ങി നിരവധി വമ്പന്‍ കമ്പനികളാണ്. ഇന്ന് ഇന്ത്യയെമ്പാടും നിന്ന് തൊഴിലന്വേഷകരെ ആകര്‍ഷിക്കുന്ന പ്രധാന തൊഴില്‍ കേന്ദ്രമായി ഗാച്ചിബൗളി ഉയര്‍ന്നു കഴിഞ്ഞു. ഓഫീസ് സമുച്ചയങ്ങളുടെ സാന്നിദ്ധ്യം ഗൃഹനിര്‍മാണ കമ്പനികളെയും ആകര്‍ഷിച്ചതോടെ വന്‍തോതിലുള്ള റിയല്‍ എസ്‌റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍ ഈ പ്രദേശത്ത്.

ഗാര്‍ഹിക, ഓഫീസ് കെട്ടിടങ്ങള്‍ ധാരാളം വന്നെങ്കിലും ചെറുകിട നിര്‍മാതാക്കള്‍ കാര്യമായി ഈ അവസരം മുതലാക്കിയിട്ടില്ല. ആറ് കിലോമീറ്റര്‍ ദൂരെയാണ് ഇന്‍ഓര്‍ബിറ്റ് എന്നൊരു ഷോപ്പിംഗ് മാള്‍ ഉള്ളത്. എങ്കിലും ഐഎസ്ബി, ഹൈദരാബാദ് സര്‍വകലാശാല, ഐഐഐടി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തുടങ്ങി മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യം ഈ പ്രദേശത്തെ ഒരു വാസസ്ഥലമാക്കി മാറ്റിയിരിക്കുന്നു.

മികച്ച ഗതാഗത സൗകര്യം ഏതു നഗരത്തിന്റെയും മുഖഛായ മാറ്റാന്‍ കരുത്തുള്ളതാണ്. ഗച്ചിബൗളിക്ക് ഇതും നേട്ടമായി.

റോഡ്: ഓള്‍ഡ് മുംബൈ ഹൈവേ വഴിയും പുല്ലേല ഗോപിചന്ദ് റോഡ്, ഐഎസ്ബി റോഡ് എന്നിവയിലൂടെ ഔട്ടര്‍ റിംഗ് റോഡുമായി ഗച്ചിബൗളി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം , ഹൈഗ്രാബാദ് ഹൈടെക് സിറ്റി, മെഹ്ദി പട്ടണം എന്നിവിടങ്ങളിലേക്കും എളുപ്പമെത്താം.

റെയ്ല്‍ : ഹൈദരാബാദിലെ നഗര ട്രെയിന്‍ ഗതാഗത സംവിധാനമായ എംഎംടിഎസിന്റെ ലിംഗമ്പള്ളി റെയ്ല്‍വേ സ്റ്റേഷന്‍ ഗച്ചിബൗളിയില്‍ നിന്ന് ഏഴ് കിലോമീറ്ററും ഹൈടെക് സിറ്റി റെയ്ല്‍വേ സ്‌റ്റേഷന്‍ ഒന്‍പത് കിലോമീറ്റര്‍ ദൂരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

മെട്രോ: ഹൈദരാബാദ് മെട്രോ റെയ്‌ലിന്റെ രണ്ടാം ഘട്ടം റായ്ദുര്‍ഗില്‍ നിന്ന് ഗച്ചിബൗളി വഴി ഷംഷാബാദ് എയര്‍പോര്‍ട്ട് വരെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇന്ന് ഇന്ത്യയെമ്പാടും നിന്ന് തൊഴിലന്വേഷകരെ ആകര്‍ഷിക്കുന്ന പ്രധാന തൊഴില്‍ കേന്ദ്രമായി ഗാച്ചിബൗളി ഉയര്‍ന്നു കഴിഞ്ഞു. ഓഫീസ് സമുച്ചയങ്ങളുടെ സാന്നിദ്ധ്യം ഗൃഹനിര്‍മാണ കമ്പനികളെയും ആകര്‍ഷിച്ചതോടെ വന്‍തോതിലുള്ള റിയല്‍ എസ്‌റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍ ഈ പ്രദേശത്ത്.

ഇന്ന് ഹൈദരാബാദിലെ ഏറ്റവും പ്രിയങ്കരമായ റസിഡന്‍ഷ്യല്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നായി ഗച്ചിബൗളിയെ മാറ്റിയതിന് യാത്രാസൗകര്യവും ഒരു ഘടകമാണ്. ഔട്ടര്‍ റിംഗ് റോഡിനൊപ്പം റായ്ദുര്‍ഗ്-ഗച്ചിബൗളി-ഷംഷാബാദ് മെട്രോ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ എയര്‍പോര്‍ട്ട്, ഫാബ് സിറ്റി, തോലിചൗക്കി, മണികൊണ്ട, റായ് ദുര്‍ഗ് ഐടി ഓഫീസുകള്‍ എന്നിവിടങ്ങളുമായി കൂടുതല്‍ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാഹചര്യമൊരുങ്ങും. തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സ്ട്രാറ്റജിക് റോഡ് ഡെവലപ്‌മെന്റ് പ്ലാന്‍ (എസ്ആര്‍ഡിപി) പ്രകാരം ബയോഡൈവേഴ്‌സിറ്റിയില്‍ നിന്ന് മൈന്‍ഡ് സ്‌പേസ് വഴി മാധപൂര്‍ ഭൂഗര്‍ഭപാതയും പണി തീര്‍ന്നു വരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 10,900 വീടുകളാണ് ഗച്ചിബൗളിയില്‍ പുതിയതായി ഉയര്‍ന്നുവന്നത്. ഇതില്‍ 32 ശതമാനവും 2016 ലാണ് നിര്‍മിക്കപ്പെട്ടതെന്നത് പാര്‍പ്പിട വികസനത്തിന്റെ സമകാലീനത വെളിപ്പെടുത്തുന്നു. ഐടി-ഐടിഇഎസ്, ബിഎഫ്എസ്‌ഐ മേഖലകളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് ഗച്ചിബൗളിയിലെ താമസസ്ഥലത്തേക്ക് എത്താന്‍ കാര്യമായി ബുദ്ധമുട്ടേണ്ടതില്ല. മധ്യവര്‍ഗത്തിന് താഴേക്കുള്ള ജീവനക്കാര്‍ കൂടുതലായി അധിവസിക്കുന്നതിനാല്‍ 40 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയിലാണ് 66 ശതമാനം ഭവനങ്ങളുടെയും വില.

2013 മുതല്‍ അനുമതി ലഭിച്ചതില്‍ 3,600 വീടുകള്‍ താമസയോഗ്യമായിക്കഴിഞ്ഞു. ആകെ അനുവദിച്ചതിന്റെ 33 ശതമാനമാണിത്. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ മികച്ച സമീപനമാണ് നടക്കുന്നതെന്നതിന്റെ സൂചനയാണിത്. മിച്ചമുള്ളതില്‍ 48 ശതമാനവും ഒന്ന്, രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. ഇതോടെ 6,800 പുതിയ വീടുകള്‍ താമസക്കാരെയും കാത്ത് ഗച്ചിബൗളിയില്‍ ഉണ്ടാവും.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഗാച്ചിബൗളിയിലെ പാര്‍പ്പിട ഭൂമിയുടെ വിലയിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ചതുരശ്ര അടിക്ക് 4,600 രൂപ എന്നതായിരുന്നു 2017 ലെ നാലം പാദത്തില്‍ ശരാശരി വില. കഴിഞ്ഞ വര്‍ഷത്തില്‍ വളരെ കുറഞ്ഞ തോതിലാണ് പുതിയ അവതരിപ്പിച്ചതെങ്കിലും വിലയില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ഓഫീസുകളുടെ സാന്നിധ്യം, ഭവന നിര്‍മാതാക്കളുടെ മത്സരാധിഷ്ഠിത നിരക്കുകള്‍ എന്നിവയെല്ലാം ഉപഭോക്താക്കളെ തങ്ങളുടെ താമസത്തിന് ഗച്ചിബൗളിയെ ആശ്രയിക്കുന്നതിന് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

പ്രശാന്ത് താക്കൂര്‍

(അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് തലവനാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider
Tags: gachibowli