ഉന്നാവോ മാനഭംഗം; ബിജെപി എംഎല്‍എയ്‌ക്കെതിരെ സിബിഐ അന്വേഷണം

ഉന്നാവോ മാനഭംഗം; ബിജെപി എംഎല്‍എയ്‌ക്കെതിരെ സിബിഐ അന്വേഷണം

 

ലഖ്‌നൗ: കനത്ത പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കുമൊടുവില്‍ ഉന്നാവോ പീഡനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആരോപണ വിധേയനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. കേസ് സിബിഐയ്ക്ക് കൈമാറാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി.

മാനംഭംഗത്തിന് പുറമെ പെണ്‍കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയില്‍ മരണപ്പെടുകയുണ്ടായി. ഇത് അന്വേഷിക്കാനും ഉത്തരവുണ്ട്. പിതാവിന് ജയിലില്‍ മര്‍ദ്ദനമേറ്റു എന്ന ആരോപണത്തില്‍ ജയില്‍ ഡിഐജി ലവ് കുമാര്‍ പ്രത്യകം അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ ബുധനാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവിന് വൈദ്യസഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ലഖ്‌നൗ സോണ്‍ എ.ഡി.ജി.പി രാജീവ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ ഇതിനകം സസ്‌പെന്റ് ചെയ്തു. മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ബിജെപി എംഎല്‍എയും കൂട്ടാളികളും മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് പതിനെട്ടുകാരി നല്കിയ പരാതി പോലീസ് അവഗണിക്കുകയായിരുന്നു. തനിക്ക് നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.

Comments

comments

Categories: FK News