പ്രതിവര്‍ഷം 75 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ഇന്ത്യയിലെത്തും: യുബിഎസ്

പ്രതിവര്‍ഷം 75 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ഇന്ത്യയിലെത്തും: യുബിഎസ്

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 75 ബില്യണ്‍ ഡോളറിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) ഇന്ത്യയിലേക്കെത്തുമെന്ന് സ്വിസ് ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ യുബിഎസ്. വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യയാണെന്നും യുബിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലേക്കെത്തിയിട്ടുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ ഇരട്ടി വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2016-2017 കാലയളവില്‍ 42 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തേക്കൊഴുകിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തേക്കുള്ള എഫ്ഡിഐ കുറഞ്ഞെങ്കിലും ഇനി അങ്ങോട്ടുള്ള പാദങ്ങളില്‍ നിക്ഷേപത്തില്‍ സാധാരണ നിലയിലുള്ള മുന്നേറ്റം നിരീക്ഷിക്കാനാകുമെന്ന് യുബിഎസ് ഇന്‍വെസ്റ്റ്ബാങ്കില്‍ നിന്നുള്ള സാമ്പത്തികവിദഗ്ധര്‍ വ്യക്തമാക്കി.

രാജ്യത്ത് നടപ്പാക്കികൊണ്ടിരിക്കുന്ന ഘടനാപരമായ പരിഷ്‌കരണങ്ങള്‍ക്കൊപ്പം സാമ്പത്തിക വളര്‍ച്ചയും ഉയരുകയാണെങ്കില്‍ മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ അറിയപ്പെടുമെന്നാണ് യുബിഎസിലെ സാമ്പത്തിക വിദഗ്ധര്‍ വിശ്വസിക്കുന്നത്. രാജ്യത്തെ മാനുഫാക്ച്ചറിംഗ് രംഗത്ത് മത്സരം ശക്തമാക്കുന്നതിന് സുസ്ഥിര വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്‍കിട കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എഫ്ഡിഐ യിലെ വര്‍ധന ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ പ്രതിഫലിക്കുകയും ചെയ്യും. അടിസ്ഥാനസൗകര്യ വികസനത്തിലെ അപര്യാപ്തമായ ചെലവിടലും നിയന്ത്രണ ചട്ടങ്ങളും കര്‍ശന തൊഴില്‍ നിയമങ്ങളുമാണ് രാജ്യം നേരിടുന്ന വെല്ലുവിളിയായി യുബിഎസ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories

Related Articles