യുബര്‍ നവീകരിച്ച  ഡ്രൈവര്‍ ആപ്പ് പുറത്തിറക്കി

യുബര്‍ നവീകരിച്ച  ഡ്രൈവര്‍ ആപ്പ് പുറത്തിറക്കി

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് കാബ് സേവനദാതാക്കളായ യുബര്‍ ഡ്രൈവര്‍മാര്‍ക്കായുള്ള ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. യുബറിന്റെ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി കഴിഞ്ഞ ജൂണില്‍ ആരംഭിച്ച കമ്പനിയുടെ 180 ഡെയ്‌സ് ഓഫ് ചെയ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്.

നവീകരിച്ച ആപ്പില്‍ ഡ്രൈവര്‍മാര്‍ക്ക് റൈഡിനായുള്ള അപേക്ഷകളുടെ ആധിക്യമനുസരിച്ച് അടുത്ത ലൊക്കേഷന്‍ ഏതാണെന്ന് തീരുമാനിക്കാന്‍ സഹായിക്കുന്ന ഒരു പുതിയ സ്റ്റാറ്റസ് ബാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡ്രൈവര്‍മാര്‍ക്ക് തല്‍സമയം വരുമാന സാധ്യതകള്‍ നിരീക്ഷിക്കാന്‍ സൗകര്യം നല്‍കുന്നതിനായി ഇവയെപ്പറ്റി അറിവ് നല്‍കുന്ന നോട്ടിഫിക്കേഷനുകളും യാത്രക്കാരില്‍ നിന്നുള്ള പ്രതികരണങ്ങളും ആപ്പ് ലഭ്യമാക്കും. യുഎസ്, ഏഷ്യന്‍ വിപണികളില്‍ കടുത്ത മത്സരവും യൂറോപ്പില്‍ നിയമപ്രശ്‌നവും നേരിടുന്ന യുബറിന് കഴിഞ്ഞ വര്‍ഷം 4.5 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്. അടുത്ത വര്‍ഷം ഐപിഒ നടത്താന്‍ യുബര്‍ പദ്ധതിയിടുന്നുണ്ട്.

‘മുന്‍കാലങ്ങളിലുണ്ടായ തെറ്റായ നടപടികള്‍ ശരിയാക്കുന്നതിനാണ് 180 ഡെയ്‌സ് പ്രോഗ്രാം ആരംഭിച്ചത്. കമ്പനിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ഇത് ആരംഭിക്കാന്‍ അനുയോജ്യമായ ഇടം ഡ്രൈവര്‍ ആപ്ലിക്കേഷനാണ്’ യുബര്‍ സിഇഒ ദാറ ഖൊസ്രോഷാഹി പറഞ്ഞു.

യുബര്‍ കഴിഞ്ഞ വര്‍ഷം തങ്ങളുടെ ഡ്രൈവര്‍ പങ്കാൡകള്‍ക്കായി ധാരാളം പുരോഗമന പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. പുതിയ നാവിഗേഷന്‍ സംവിധാനത്തിന്റെ അവതരണവും ഡൈവര്‍മാരുടെ പ്രകടനം വിലയിരുത്തിയുള്ള ഉചിതമായ സമീപനവും ഇതിനുദാഹരണങ്ങളാണ്. യുബര്‍ ഡ്രൈവര്‍മാരെല്ലാം കമ്പനിയുടെ ജീവനക്കാര്‍ എന്ന നിലയില്‍ നിന്നും വ്യത്യസ്തരായി, സ്വതന്ത്ര കരാറുകാരായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സാധാരണ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അവധിദിനങ്ങള്‍ ഇവര്‍ക്ക് ലഭിക്കാറില്ല. വാഹനത്തിന്റെ അറ്റകുറ്റപണികളും മറ്റു ചെലവുകളും വഹിക്കേണ്ടതും ഡ്രൈവര്‍മാര്‍ തന്നെയാണ്.

Comments

comments

Categories: Business & Economy