ജിഎസ്ടിഎന്‍ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും

ജിഎസ്ടിഎന്‍ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും

സാങ്കേതിക പാകപ്പിഴകള്‍ സംബന്ധിച്ച് ജിഎസ്എടിഎനിനെതിരേ നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏകീകൃത നികുതി സംവിധാനമായ ചരക്ക് സേവന നികുതി (ജിഎസ്ടി) ക്ക് സാങ്കേതിക പിന്തുണ നല്‍കുന്ന ജിഎസ്ടി നെറ്റ്‌വര്‍ക്കില്‍ സ്വകാര്യ കമ്പനികള്‍ക്കുള്ള നിക്ഷേപം പൂര്‍ണമായും ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ജിഎസ്ടിഎനില്‍ 49 ശതമാനം ഓഹരികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും 51 ശതമാനം ഓഹരികള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമാണുള്ളത്.

സ്വകാര്യ കമ്പനികളില്‍ നിന്നും ഓഹരികള്‍ ഏറ്റെടുത്ത് ജിഎസ്ടിഎന്നിന്റെ പൂര്‍ണനിയന്ത്രണം സ്വന്തമാക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാന്‍ സാമ്പത്തികകാര്യ സെക്രട്ടറി ഹസ്മുഖ് അദിയക്ക് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, എന്‍എസ്ഇ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, എന്നിവയ്ക്കാണ് ജിഎസ്ടിഎന്നില്‍ 51 ശതമാനം ഓഹരി നിയന്ത്രണമുള്ളത്.

ജിഎസ്ടിഎനില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ ഓഹരി പങ്കാളിത്തമെന്ന നിലപാട് തുടരുമെന്നും പുതിയ നീക്കം സംബന്ധിച്ച് സ്വകാര്യ മേഖലയിലെ ഓഹരി ഉടമകളുമായി കേന്ദ്രം അനൗദ്യോഗിക ചര്‍ച്ച നടത്തിയെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജിഎസ്ടി കൗണ്‍സില്‍ അന്തിമ തീരുമാനമെടുത്ത ശേഷം ഈ ശുപാര്‍ശ ശേഷം കേന്ദ്ര മന്ത്രിസഭയ്ക്ക് കൈമാറും. ജിഎസ്ടിഎന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതാണ് എന്നതിനാല്‍ യാതൊരു പ്രീമിയവുമില്ലാതെ യഥാര്‍ത്ഥ വിലയിലാണ് ഓഹരികള്‍ തിരികെയെടുക്കുക.

നിശ്ചിത സമയത്തിനുള്ളില്‍ ജിഎസ്ടിന്‍ ഘടന യാഥാര്‍ത്ഥ്യമാക്കാനും സ്വതന്ത്രവും കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പാക്കാനും സ്വകാര്യ മേഖലയുടം പങ്കാളിത്തം ആവശ്യമായതിനാലാണ് അവര്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന നികുതികള്‍ ഏകോപിപ്പിച്ച് കൊണ്ടുള്ള ചരക്ക് സേവന നികുതി സംവിധാനം കഴിഞ്ഞ വര്‍ഷം ജൂലൈ 1 മുതലാണ് നടപ്പാക്കിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ ഇ-വേ ബില്‍ നടപ്പിലാക്കുകയും കൂടാതെ ജിഎസ്ടി പോര്‍ട്ടലിന്റെ പ്രവര്‍ത്തനം സ്ഥിരത കൈവരിക്കുകയും ചെയ്തതോടെയാണ് ഉടമസ്ഥതയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. ജിഎസ്ടി നടപ്പിലാക്കലിന് ശേഷ്ം പോര്‍ട്ടലില്‍ നിരവധി തവണ തകരാറുകള്‍ സംഭവിക്കുകയും റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് തടസപ്പെടുകയും ചെയ്തിരുന്നു. നിരവധി തവണ റിട്ടേണ്‍ ഫയലിംഗ് നീട്ടിവെക്കേണ്ടി വന്നതിനെ തുടര്‍ന്ന് ജിഎസ്ടിഎന്‍ പോര്‍ട്ടലിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Comments

comments

Categories: Business & Economy