ഓണ്‍ലൈന്‍ ട്രാവല്‍ വിപണിയായ ട്രാവല്‍ ട്രയാംഗിളിലാണ് ഫണ്ട് ആദ്യമായി നിക്ഷേപിച്ചത്

ഓണ്‍ലൈന്‍ ട്രാവല്‍ വിപണിയായ ട്രാവല്‍ ട്രയാംഗിളിലാണ് ഫണ്ട് ആദ്യമായി നിക്ഷേപിച്ചത്

ബെംഗളൂരു: പ്രമുഖ ഇന്ത്യന്‍ സംരംഭകനും നിക്ഷേപകനുമായ നന്ദന്‍ നിലേക്കനിയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ടായ ഫണ്ടമെന്റം തങ്ങളുടെ ആദ്യ നിക്ഷേപ ഇടപാട് നടത്തി. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ട്രാവല്‍ വിപണിയായ ട്രാവല്‍ ട്രയാംഗിളിലാണ് ഫണ്ട് നിക്ഷേപിച്ചത്. 78 കോടി രൂപ സമാഹരിച്ച ട്രാവല്‍ ട്രയാംഗിളിന്റെ പുതിയ നിക്ഷേപസമാഹരണഘട്ടത്തില്‍ ഫണ്ടമെന്റത്തെ കൂടാതെ കമ്പനിയുടെ മുന്‍ നിക്ഷേപകരായ സെയ്ഫ് പാര്‍ട്‌ണേഴ്‌സ്, ബെസെമര്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ആര്‍ബി ഇന്‍വെസ്റ്റ്‌മെന്റ്‌സ് തുടങ്ങിയവരും പങ്കെടുത്തു. ഇടപാടിന്റെ ഭാഗമായി ഫണ്ടമെന്റം പാര്‍ട്ണര്‍ ആശിഷ് കുമാര്‍ ട്രാവല്‍ ട്രയാംഗിള്‍ ബോര്‍ഡില്‍ അംഗമാകും. ടെക്‌നോളജി വികസനം, പുതിയ കേന്ദ്രങ്ങളിലേക്കുള്ള ബിസിനസ് വ്യാപനം, മാര്‍ക്കറ്റിംഗ് വഴി ബ്രാന്‍ഡ് ദൃശ്യത വര്‍ധിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കായിരിക്കും നിക്ഷേപ തുക വിനിയോഗിക്കുകയെന്ന് ട്രാവല്‍ ട്രയാംഗിള്‍ സിഇഒ സങ്കല്‍പ് അഗര്‍വാള്‍ പറഞ്ഞു.

50 ലധികം കമ്പനികളെ വിലയിരുത്തിയശേമാണ് നിക്ഷേപത്തിനായി ട്രാവല്‍ ട്രയാംഗിളിനെ തെരഞ്ഞെടുത്തതെന്നും ഈ മേഖലയിലെ ബിസിനസ് അവസരങ്ങളും കമ്പനികളുടെ വരുമാന-ചെലവ് നിരക്കുകളും ഇതിനായി പരിഗണിച്ചിരുന്നുവെന്നും നിലേക്കനി വ്യക്തമാക്കി. പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്ഘടന ആറു ട്രില്യണ്‍ ഡോളറിലെത്തുമെന്നും അവധിക്കാല യാത്രാ വിപണി വലിയതോതില്‍ വളരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷമാണ് നന്ദന്‍ നിലേക്കനിയും സന്ദീപ് അഗര്‍വാളും ചേര്‍ന്ന് 100 ദശലക്ഷം ഡോളറിന്റെ ഫണ്ടമെന്റം ഫണ്ട് ആരംഭിച്ചത്. 10-15 ദശലക്ഷം ഡോളര്‍ നിരക്കില്‍ എട്ടു മുതല്‍ പത്ത നിക്ഷേപങ്ങള്‍ നടത്താനാണ് ഫണ്ട് പദ്ധതിയിടുന്നത്. ഫണ്ടിന്റെ അടിസ്ഥാന മൂലധനം 100 ദശലക്ഷം ഡോളറില്‍ നിന്ന് നിന്ന് 200 ദശലക്ഷം ഡോളറാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. അടുത്തിടെ കാനഡയിലെ പെന്‍ഷന്‍ ഫണ്ടായ സിഡിപിക്യു ഫണ്ടമെന്റത്തില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ലോകബാങ്കിന്റെ നിക്ഷേപക വിഭാഗമായ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും ഫണ്ട് നിക്ഷേപം നേടിയിരുന്നു.

‘ബി2ബി2സി മാതൃകയിലെ ട്രാവല്‍ ഏജന്റുമാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ട്രാവല്‍ ട്രയാംഗിളിന് തങ്ങളുടേതായ ശൈലിയുണ്ട്. ഇത് മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയുന്നതല്ല. തുറന്ന ചിന്താഗതിയും ദീര്‍ഘകാല ലക്ഷ്യങ്ങളുമുളളവരാണ് കമ്പനിയുടെ ടീമംഗങ്ങള്‍ ‘ – ആശിഷ് കുമാര്‍ പറഞ്ഞു. സങ്കല്‍പ് അഗര്‍വാള്‍, സന്‍ജിത് ഗാര്‍ഗ്, പ്രഭത് ഗുപ്ത എന്നിവരുടെ നേതൃത്വത്തില്‍ 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ട്രാവല്‍ ട്രയാംഗിള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ലാഭകരമായി പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 700 ഓളം ട്രാവല്‍ ഏജന്റുമാരുള്ള ട്രാവല്‍ ട്രയാഗിളിന് ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലായി 60,000 ഓളം ഉപഭോക്താക്കളുണ്ട്. കമ്പനിയുടെ ഭൂരിഭാഗം ട്രാവല്‍ ഏജന്റുമാരും ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ്. ശ്രീലങ്ക, മാലിദ്വീപ്, ടര്‍ക്കി എന്നിവിടങ്ങളിലെ ഏജന്റുമാരുമായും സ്റ്റാര്‍ട്ടപ്പ് സഹകരിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy