എയര്‍ ഇന്ത്യ ലേലത്തില്‍ നിന്ന് ടാറ്റ ഗ്രൂപ്പും പിന്മാറുന്നു

എയര്‍ ഇന്ത്യ ലേലത്തില്‍ നിന്ന് ടാറ്റ ഗ്രൂപ്പും പിന്മാറുന്നു

സര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ ബാധ്യതയാകുമെന്ന് കമ്പനികളുടെ വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന പ്രമുഖ കമ്പനികള്‍ ഓരോന്നായി പിന്മാറുന്നു. വന്‍ കടബാധ്യതയുള്ള എയര്‍ ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറുകയാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോയാണ് ആദ്യം രംഗത്ത് വന്നത്. എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നത് നഷ്ടക്കളിയാണെന്ന് ചൂണ്ടിക്കാട്ടി ഇതിന് പിന്നാലെ തന്നെ ജെറ്റ് എയര്‍വേയ്‌സും രംഗത്തെത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതി അമിത ബുദ്ധിമുട്ട് വരുത്തിവെക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ടാറ്റ ഗ്രൂപ്പും ലേലത്തില്‍ പങ്കെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട് പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തില്‍ വിപണിയിലെ പ്രമുഖരാരും ഇല്ലാത്ത അവസ്ഥയാണുള്ളത്.

എയര്‍ ഇന്ത്യയുടെ ലേലപ്രക്രിയയില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ടാറ്റ ഗ്രൂപ്പിനായിരുന്നു. എയര്‍ ഇന്ത്യയുടെയും അതിന്റെ രണ്ട് ഉപകമ്പനികളുടെയും വില്‍പ്പനയ്ക്കുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനും മാനേജ്‌മെന്റ് നിയന്ത്രണം സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനുമാണ് സര്‍ക്കാരിന്റെ തീരുമാനം. വിമാനക്കമ്പനിയുടെ 24 ശതമാനം ഓഹരി നിയന്ത്രണം സര്‍ക്കാരിന് കീഴില്‍ തന്നെയായിരിക്കുമെന്നും ലേലത്തില്‍ വിജയിക്കുന്ന കമ്പനി കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്ക് എയര്‍ലൈനില്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും മാര്‍ച്ച് 28ന് സര്‍ക്കാര്‍ പുറത്തിറക്കിയ മെമ്മോറാണ്ടം പറയുന്നു.

സര്‍ക്കാരിന് ഓഹരി ഉടമസ്ഥത ഉള്ളിടത്തോളം കാലം ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് തങ്ങളുടെ നിലവിലുള്ള ബിസിനസുമായി എയര്‍ ഇന്ത്യയെ ലയിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രം വ്യവസ്ഥ ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല ലേലം നേടുന്നവര്‍ എയര്‍ ഇന്ത്യയെ ലിസ്റ്റ് ചെയ്യുകയും ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കേണ്ടതുമുണ്ട്. ജീവനക്കാരെ കുറയ്ക്കാനുള്ള അവരുടെ അധികാരത്തെയും സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഈ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടതിന് ശേഷം എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഏതെങ്കിലും കമ്പനി മുന്നോട്ട് വരികയോ മുന്‍ താല്‍പര്യം ഉറപ്പിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല ജെറ്റ് എയര്‍വേയ്‌സും ഇന്‍ഡിഗോയും തങ്ങളുടെ പിന്മാറ്റം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ രണ്ട് എയര്‍ലൈന്‍ സംയുക്ത സംരംഭങ്ങളില്‍ ഓഹരി പങ്കാളിത്തമുള്ള ടാറ്റ ഗ്രൂപ്പിന് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് കീഴില്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ വന്‍ കടബാധ്യതയുള്ള എയര്‍ ഇന്ത്യയുടെ വലിയ തോതിലുള്ള തൊഴില്‍ ശക്തിയേക്കൂടി ഏറ്റെടുക്കുന്നത് സംബന്ധിച്ച ആശങ്കകളാണ് ടാറ്റയ്ക്കുള്ളത്. പണം മുന്‍കൂറായി അടയ്ക്കുമ്പോള്‍ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്ക് വേണമെന്നാണ് ടാറ്റയുടെ നിലപാട്.

എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍സര്‍ക്കാര്‍ വ്യവസ്ഥകള്‍ പരിശോധിച്ചപ്പോള്‍ ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്നുമാണ് ജെറ്റ് എയര്‍വെയ്‌സ് വ്യക്തമാക്കിയിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നും അന്താരാഷ്ട്ര സര്‍വീസുകളും ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഏറ്റെടുക്കുന്നതിനാണ് താല്‍പ്പര്യമെന്നും ഇതിനുള്ള സാധ്യത നിലവിലെ വ്യവസ്ഥകളില്ലെന്നും ഇന്‍ഡിഗോ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

Comments

comments

Categories: Slider, Top Stories