നാസ്‌കോം ചെയര്‍മാനായി റിഷാദ് പ്രേംജിയെ നിയമിച്ചു

നാസ്‌കോം ചെയര്‍മാനായി റിഷാദ് പ്രേംജിയെ നിയമിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഐടി വ്യവസായ സംഘടനയായ നാസ്‌കോമിന്റെ 2018-19 കാലയളവിലെ ചെയര്‍മാനായി വിപ്രോ ചീഫ് സ്ട്രാറ്റജി ഓഫിസറും ബോര്‍ഡ് അംഗവുമായ റിഷാദ് പ്രേംജിയെ നിയമിച്ചു. ഡബ്ല്യുഎന്‍എസ് ഗ്രൂപ്പ് സിഇഒ കേശവ് മുരുകേഷിനെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു. 2017-18ല്‍ റിഷാദ് പ്രേംജി നാസ്‌കോം വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവുമായിരുന്നു.

രാജ്യം ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത് നാസ്‌കോം നേതൃത്വ പദവിയിലെത്തിയതില്‍ അഭിമാനമുണ്ടെന്നും നാസ്‌കോമിന്റെ വിവിധ സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും റിഷാദ് വ്യക്തമാക്കി. മാറ്റങ്ങള്‍ക്കനുസരിച്ച് വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാറ്റത്തിന്റെയും അവസരത്തിന്റെയും സമയത്ത് ഐടി വ്യവസായത്തിന് നേതൃത്വം നല്‍കാന്‍ റിഷാദ് തികച്ചും യോഗ്യനാണെന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് പറഞ്ഞു. നൈപുണ്യങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക്, ഇമിഗ്രേഷന്‍ സംബന്ധിച്ച മിഥ്യാധാരണകളെ ഇല്ലാതാക്കല്‍, പുതിയതും വളര്‍ന്നു വരുന്നതുമായി വിപണികളിലേക്കുള്ള പ്രവേശനം എന്നിവയിലാണ് പുതിയ നേതൃത്വം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. വ്യവസായത്തിന് അനിവാര്യമായ നൈപുണ്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം തുടരും.

Comments

comments

Categories: Business & Economy