ഇന്ത്യയില്‍ വ്യാപാര പങ്കാളിത്തം വിപുലീകരിക്കുമെന്ന് മൈക്രോസോഫ്റ്റ്

ഇന്ത്യയില്‍ വ്യാപാര പങ്കാളിത്തം വിപുലീകരിക്കുമെന്ന് മൈക്രോസോഫ്റ്റ്

250ഓളം നഗരങ്ങളിലായി 9,000 ബിസിനസ് പങ്കാളികളാണ് നിലവില്‍ മൈക്രോസോഫ്റ്റിനുള്ളത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ വലിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിമൈക്രോസോഫ്റ്റ് പദ്ധതിയിടുന്നു. തങ്ങളുടെ പങ്കാളിത്ത സംവിധാനത്തിന്റെ എണ്ണത്തിലും വൈദഗ്ധ്യത്തിലും വിപുലീകരണം നടപ്പാക്കാനാണ് മൈക്രോസോഫ്റ്റ് നോക്കുന്നതെന്ന് കമ്പനി പ്രസിഡന്റ് ആനന്ദ് മഹേശ്വരി അറിയിച്ചു.

ഇന്ത്യയിലെ 250ഓളം നഗരങ്ങളിലായി 9,000 ബിസിനസ് പങ്കാളികളാണ് നിലവില്‍ മൈക്രോസോഫ്റ്റിനുള്ളത്. കമ്പനിക്ക് ഏറ്റവും വലിയ പാര്‍ട്ണര്‍ ശൃംഖലയുള്ളതും ഇന്ത്യയിലാണ്. ഫിനാന്‍സ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നീ വിഭാഗങ്ങളിലായി മികച്ച വൈദഗ്ധ്യമുള്ള ബിസിനസ് പാര്‍ട്ണര്‍മാര്‍ മൈക്രോസോഫ്റ്റിന് ഇന്ത്യയിലുണ്ടെങ്കിലും ഭാവിയില്‍ മുന്നോട്ടുപോകുന്നതിന് ബാങ്കിംഗ് പോലുള്ള മേഖലകളില്‍ മികച്ച വൈദഗ്ധ്യമുള്ള ബിസിനസ് പങ്കാളികളെ കമ്പനിക്ക് ആവശ്യമാണെന്ന് ആനന്ദ് മഹേശ്വരി പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊലൂഷന്‍സില്‍ അതിവിദഗ്ധരായിട്ടുള്ള 650 പാര്‍ട്ണര്‍മാര്‍ മൈക്രോസോഫ്റ്റിന് ഇപ്പോഴുണ്ട്. ബ്ലോക്ക്‌ചെയ്ന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബിഗ് ഡാറ്റ തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലും നൈപുണ്യ മികവ് പ്രകടിപ്പിക്കാനാണ് കൂടുതല്‍ പാര്‍ട്ണര്‍മാരെ കണ്ടെത്തുന്നതിലൂടെ മൈക്രോസോഫ്റ്റ് നോക്കുന്നത്. മൈക്രോസോഫ്റ്റും ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷനും സംയുക്തമായി തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ജിഡിപിയില്‍ 154 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഐഒടി, എഐ, കൊഗ്നീറ്റീവ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയ്ന്‍, വിര്‍ച്വല്‍-ഓഗ്‌മെന്റഡ് റിയാലിറ്റി എന്നിവയായിരിക്കും ഈ വര്‍ഷം വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെന്നും 15 ശതമാനത്തോളം നിക്ഷേപവും ഐഒടി, എഐ, കൊഗ്നീറ്റീവ്, റോബോട്ടിക്‌സ് വിഭാഗത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബിലിറ്റി, ക്ലൗഡ്, ബിഗ് ഡാറ്റ, അനലിറ്റിക്‌സ്, ഇ-കൊമേഴ്‌സ്, സെക്യൂരിറ്റി, സോഷ്യല്‍ മീഡിയ എന്നിവയാണ് പ്രധാന സാങ്കേതികവിദ്യകളായി മൈക്രോസോഫ്റ്റ് കണ്ടെത്തിയിട്ടുള്ളത്.

രാജ്യത്തേക്കെത്തുന്ന മൊത്തം നിക്ഷേപത്തില്‍ 23 ശതമാനവും മൊബിലിറ്റിയിലും 14.3 ശതമാനം ക്ലൗഡിലും 11 ശതമാനം ഡാറ്റ അനലിറ്റിക്‌സിലും കേന്ദ്രീകരിച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരം സാങ്കേതികവിദ്യകളിലെ വേഗത്തിലുള്ള മാറ്റത്തിനൊപ്പം സഞ്ചരിക്കാനുള്ള ശ്രമങ്ങളാണ് മൈക്രോസോഫ്റ്റും നോക്കുന്നതെന്ന് ആനന്ദ് മഹേശ്വരി പറഞ്ഞു.

Comments

comments

Categories: Business & Economy