കെഎംഎ ദേശീയ മാനെജ്‌മെന്റ് കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച തുടക്കം

കെഎംഎ ദേശീയ മാനെജ്‌മെന്റ് കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച തുടക്കം

കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

കൊച്ചി: കേരള മാനെജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ദേശീയ മാനെജ്‌മെന്റ് കണ്‍വെന്‍ഷന്‍ വ്യാഴവും വെള്ളിയുമായി എറണാകുളം മരട് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വജ്രജൂബിലി വര്‍ഷത്തില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍, ഓള്‍ ഇന്ത്യ മാനെജ്‌മെന്റ് അസോസിയേഷനും കേരളത്തിലെ മറ്റ് മാനെജ്‌മെന്റ് അസോസിയേഷനുകളും സംയുക്തമായാണു സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നായി 25 പ്രമുഖ പ്രഭാഷകര്‍ പങ്കെടുക്കും.

സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഇന്നു രാവിലെ 9.30ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ആത്മീയ നേതാവും ലോകപ്രശസ്ത പ്രഭാഷകനും ഗ്രന്ഥകാരനും ഇന്‍ഫിനിത്തിസം പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ മഹാത്രിയ റാ മുഖ്യപ്രഭാഷണം നടത്തും. ഓള്‍ ഇന്ത്യ മാനെജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും മണിപ്പാല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാനുമായ ടി.വി. മോഹന്‍ദാസ് പൈ സംബന്ധിക്കും.

നോക്കിയ ഇന്ത്യ തലവന്‍ അജയ് മെഹ്ത, കെപിഎംജി ഗ്ലോബല്‍ ഡയറക്റ്റര്‍ റിച്ചാര്‍ഡ് രേഖി, ബംഗളൂരു ഐഐഎമ്മിലെ പ്രൊഫ. വാസന്തി ശ്രീനിവാസന്‍, അടല്‍ ഇന്നൊവേഷന്‍ മിഷന്‍ ഡയറക്റ്റര്‍ രമണന്‍ രാംനാഥന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ വി ജി മാത്യു, സംസ്ഥാന ഐടി വകുപ്പു സെക്രട്ടറി എം ശിവശങ്കര്‍, കൊച്ചി മെട്രൊ മാനേജിംഗ് ഡയറക്റ്റര്‍ എപിഎം മുഹമ്മദ് ഹനീഷ്, ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രേഖ സേത്തി തുടങ്ങിയ ശ്രദ്ധേയരായ വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

നാളെ സമാപന സമ്മേളനത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പു മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതിനിധികളെ അഭിസംബോധന ചെയ്യും. പ്രൊഫ. കെ.വി. തോമസ് എംപി, സംസ്ഥാന ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ മുഖ്യാതിഥികളാകും. ഇതാദ്യമായാണു കേരളം ഇത്രയും ബൃഹത്തായ ഒരു മാനെജ്‌മെന്റ് കണ്‍വെഷനു വേദിയാകുന്നതെന്ന് കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

Comments

comments

Categories: Slider, Top Stories