ഇന്‍ഡിഗോയ്ക്ക് പിന്നാലെ ജെറ്റ് എയര്‍വെയ്‌സും പിന്മാറി

ഇന്‍ഡിഗോയ്ക്ക് പിന്നാലെ ജെറ്റ് എയര്‍വെയ്‌സും പിന്മാറി

എയര്‍ ഇന്ത്യയുടെയും അതിന്റെ രണ്ട് ഉപകമ്പനികളുടെയും വില്‍പ്പനയ്ക്കുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്

ന്യൂഡെല്‍ഹി: ഇന്‍ഡിഗോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യ ലേലത്തില്‍ നിന്ന് ജെറ്റ് എയര്‍വെയ്‌സ് (ഇന്ത്യ) ലിമിറ്റഡും പിന്മാറി. കടബാധ്യതയില്‍ മുങ്ങിനില്‍ക്കുന്ന ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതി പ്രകാരമുള്ള പ്രാപ്തി താല്‍പ്പര്യം പ്രകടിപ്പിച്ച പല കമ്പനികള്‍ക്കും ഇല്ലെന്നതിന്റെ സൂചനയായാണ് ഈ പിന്മാറ്റങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

‘എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അത് ധീരമായ ഒരു നടപടിയാണ്. എന്നിരുന്നാലും ഓഫര്‍ നിബന്ധനകള്‍ പരിശോധിച്ചതിന്റെയും ഞങ്ങളുടെ വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ ലേല പ്രക്രിയയില്‍ ഞങ്ങള്‍ പങ്കെടുക്കില്ല’, ജെറ്റ് എയര്‍വെയ്‌സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ അമിത് അഗര്‍വാള്‍ ഒരു മാധ്യമത്തിന് അയച്ച ഇ-മെയ്ല്‍ സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍ ഓഹരി വില്‍പ്പന പ്രകിയയില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത് ഏതെല്ലാം വ്യവസ്ഥകള്‍ കാരണമാണെന്ന് കൃത്യമായി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല
ജെറ്റ് എയര്‍വെയ്‌സ്, എയര്‍ ഫ്രാന്‍സ്-കെഎല്‍എം,ഡെല്‍റ്റ എയര്‍ലൈന്‍ എന്നിവ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലില്‍ താല്‍പര്യം പ്രകടിപ്പിച്ചതായി കഴിഞ്ഞ മാസമാണ് വാര്‍ത്തകള്‍ വന്നത്. എയര്‍ ഇന്ത്യയുടെയും അതിന്റെ രണ്ട് ഉപകമ്പനികളുടെയും വില്‍പ്പനയ്ക്കുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ ഇവ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുകയെന്നത് ബാധ്യതയാണെന്ന വിലയിരുത്തലിലാണ് ഇന്‍ഡിഗോയും ജെറ്റ് എയര്‍വെയ്‌സും പിന്മാറിയത്.

ഓഹരി വിറ്റഴിക്കല്‍ നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ വിശദമായ പ്രാഥമിക വിവര മെമ്മോറാണ്ടം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനും മാനേജ്‌മെന്റ് നിയന്ത്രണം സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനുമാണ് സര്‍ക്കാരിന്റെ തീരുമാനം. എയര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നും അന്താരാഷ്ട്ര സര്‍വീസുകളും ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഏറ്റെടുക്കുന്നതിനാണ് താല്‍പര്യമെന്നും ഇന്‍ഡിഗോ പ്രസിഡന്റായ ആദിത്യ ഘോഷ് കഴിഞ്ഞ ആഴ്ചയാണ് അറിയിച്ചത്. എന്നാല്‍ ഇതിനുള്ള ഓപ്ഷന്‍ സര്‍ക്കാരിന്റെ നിലവിലെ ഓഹരി വിറ്റഴിക്കല്‍ പദ്ധതിയില്‍ ഇല്ലെന്നും ഇന്‍ഡിഗോ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ച സമയത്ത് തന്നെ താല്‍പ്പര്യം പ്രകടിപ്പിച്ച് ആദ്യം രംഗത്തെത്തിയത് ഇന്‍ഡിഗോ ആയിരുന്നു. വിമാനക്കമ്പനിയുടെ 24 ശതമാനം ഓഹരി നിയന്ത്രണം സര്‍ക്കാരിന് കീഴില്‍ തന്നെയായിരിക്കുമെന്നും ലേലത്തില്‍ വിജയിക്കുന്ന കമ്പനി കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്ക് എയര്‍ലൈനില്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും മാര്‍ച്ച് 28ന് സര്‍ക്കാര്‍ പുറത്തിറക്കിയ മെമ്മോറാണ്ടം പറയുന്നു.സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഏകദേശം 52,000 കോടി രൂപയോളമാണ് എയര്‍ ഇന്ത്യയുടെ കടബാധ്യത.

Comments

comments

Categories: Business & Economy