ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ആദ്യ ഡീലര്‍ഷിപ്പ് തുറന്നു

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ആദ്യ ഡീലര്‍ഷിപ്പ് തുറന്നു

ഗുവാഹാത്തിയില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റൈഡേഴ്‌സ് സ്‌റ്റോപ്പ് (ഐഎംആര്‍എസ്) ഉദ്ഘാടനം ചെയ്തു

ഗുവാഹാത്തി : അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യ ഡീലര്‍ഷിപ്പ് തുറന്നു. ആസാം തലസ്ഥാനമായ ഗുവാഹാത്തിയിലാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റൈഡേഴ്‌സ് സ്‌റ്റോപ്പ് (ഐഎംആര്‍എസ്) ഉദ്ഘാടനം ചെയ്തത്. ഭാരതത്തിലെ ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഐഎംആര്‍എസ് തുറന്നിരിക്കുന്നത്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ സമീപത്തേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുകയാണ് ലക്ഷ്യം.

ടെസ്റ്റ് റൈഡ് സൗകര്യം, ആഫ്റ്റര്‍ സെയില്‍സ് സപ്പോര്‍ട്ട് എന്നിവ ഐഎംആര്‍എസില്‍ ലഭിക്കും. പോളാറിസ് ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും കണ്‍ട്രി ഹെഡുമായ പങ്കജ് ദുബെ, പ്രിസിഷന്‍ പവര്‍സ്‌പോര്‍ട്‌സ് ഡീലര്‍ പ്രിന്‍സിപ്പല്‍ ചഡ ഹാഗെ എന്നിവര്‍ ചേര്‍ന്ന് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ മാതൃ കമ്പനിയാണ് അമേരിക്കയിലെ മിന്നെസോട്ട ആസ്ഥാനമായ പോളാറിസ് ഇന്‍ഡസ്ട്രീസ്.

ഗുവാഹാത്തിയില്‍ പുതിയ ഐഎംആര്‍എസ് തുറന്നതോടെ ഭാരതത്തില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ സെയില്‍സ്, ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് ശൃംഖല വലുതായി. ഇന്ത്യയില്‍ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ ഗുവാഹാത്തിയില്‍ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പങ്കജ് ദുബെ പറഞ്ഞു. ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകള്‍ അടുത്തറിയുന്നതിനും വാങ്ങുന്നതിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് ഗുവാഹാത്തിയിലെ ഐഎംആര്‍എസ് ഉപകരിക്കും. ആസാമില്‍ ആഡംബര മോട്ടോര്‍സൈക്കിളുകള്‍ക്ക് വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കണക്കിലെടുത്തിരുന്നു.

വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ സെയില്‍സ്, സര്‍വീസ് സൗകര്യം വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ത്ഥ്യമായി

പുതിയ കേന്ദ്രം തുറന്ന് ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിച്ചതോടെ വിപണി വിഹിതം കൂടുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍. ഉപയോക്താക്കളെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ ഐഎംആര്‍എസ് സഹായിക്കുമെന്നും പങ്കജ് ദുബെ വ്യക്തമാക്കി. വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ സെയില്‍സ്, സര്‍വീസ് സൗകര്യം വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ത്ഥ്യമായതായി ചഡ ഹാഗെ പറഞ്ഞു.

Comments

comments

Categories: Auto