അമിതമായാല്‍ ഉപ്പും വില്ലനാകും

അമിതമായാല്‍ ഉപ്പും വില്ലനാകും

ചെറുപ്രായത്തില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് ഭാവിയില്‍ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകുന്നത് തടയുമെന്ന് വിദഗ്ധ ഡോക്റ്റര്‍മാര്‍ അഭിപ്രായപ്പെടുന്നു

ആഹാരത്തിന് സ്വാദ് വര്‍ധിപ്പിക്കാന്‍ ഉപ്പിന്റെ ഉപയോഗം കൂട്ടുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡോക്റ്റര്‍മാര്‍. വര്‍ധിച്ചുവരുന്ന വൃക്കരോഗങ്ങളിലെ പ്രധാന വില്ലനാണ് ഉപ്പ്. ചെറുപ്രായത്തില്‍ ഇതിന്റെ ഉപയോഗം കുറയ്ക്കുന്നത് ഭാവിയില്‍ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകുന്നത് തടയുമെന്നാണ് വിദഗ്ധ ഡോക്റ്റര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയില്‍ വൃക്കരോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണുണ്ടാകുന്നത്. വൃക്കയിലെ തകരാറ് രാജ്യത്തെ മരണനിരക്കുകളിലെ ആദ്യ അഞ്ചു കാരണങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. 25 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുപോലും ഡയാലിസിസ് ആവശ്യമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുംബൈ സായ്ഫീ ഹോസ്പിറ്റലിലെ ഡോ. അരുണ്‍ പി ദോഷി ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രവര്‍ത്തനശേഷിയുള്ള അവയവമാണ് വൃക്കകള്‍. ഏകദേശം 60 ശതമാനത്തോളം തകരാറുകള്‍ ബാധിച്ച ശേഷമായിരിക്കും വൃക്കകള്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുക എന്നതും രോഗം കമ്‌ടെത്തുന്നതിന് ബുദ്ധിമുട്ടാക്കാറുണ്ട്.

വൃക്ക സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഹൈപ്പര്‍ടെന്‍ഷന്‍. ഉപ്പിന്റെ ഉപയോഗവും ഹൈപ്പര്‍ടെന്‍ഷനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് വിവിധ ഗവേഷണ ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതമായ തോതിലുള്ള ഉപ്പിന്റെ ഉപയോഗം ഹൈപ്പര്‍ടെന്‍ഷനിലേക്ക് വഴിവെക്കും. രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കിയാല്‍ വൃക്കയിലുണ്ടാകുന്ന തകരാറുകള്‍ ഗണ്യമായി കുറയ്ക്കാനും കഴിയും- ഡോ. അരുണ്‍ പി ദോഷി പറയുന്നു. നാം കഴിക്കുന്ന ആഹാരത്തിലെ ഉപ്പ് കുറയ്ക്കാന്‍ നമുക്ക് കഴിയും. അല്‍പ്പം ശ്രദ്ധ പതിപ്പിച്ചാല്‍ ചെറുപ്രായത്തില്‍ തന്നെ ഇത്തരം അസുഖങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഹാരത്തില്‍ വെണ്ണ, നെയ്യ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കൂടുന്ന ആഹാരരീതിയാണ് ഇപ്പോഴുള്ളത്. ഇവയ്‌ക്കെല്ലാം ശരിയായ രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്.

ഉപ്പ് അമിതമായി കഴിക്കുന്നത് മാത്രമല്ല വൃക്ക രോഗങ്ങള്‍ക്കു കാരണം. എന്നാല്‍ ഇതിന്റെ ഉപയോഗം കൂടുന്നതു വൃക്കരോഗങ്ങള്‍ക്കുള്ള ആക്കം കൂട്ടുന്നു. അച്ചാര്‍, പപ്പടം, ചട്‌നി, ഉപ്പിന്റെ തോത് വളരെയധികമുള്ള സ്‌നാക്‌സ് എന്നിവ ഒഴിവാക്കേണ്ടതാണ്. ഉപ്പിന്റെ അളവ് ചെറിയ തോതില്‍ കുറയ്ക്കുന്നതുപോലും വൃക്കയിലുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമാക്കും

ഇന്ത്യയില്‍ തന്നെ മറ്റു പ്രദേശങ്ങളേക്കാളും വടക്കേ ഇന്ത്യയിലാണ് ചെറുപ്രായത്തില്‍ ഡയാലിസിസിന് വിധേയരാകുന്നവരുടെ എണ്ണം കൂടുതലുള്ളതെന്ന് ഇന്ത്യന്‍ ക്രോണിക് കിഡ്‌നി ഡിസീസ് രജിസ്ട്രി റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് അപ്പോളോ ഹോസ്പിറ്റലിലെ ഡോ. അമിത് ലംഗോട്ട പറയുന്നു. വ്യാപിച്ചു വരുന്ന പൊണ്ണത്തടിയും പ്രമേഹ രോഗങ്ങളും വ്യക്ക രോഗങ്ങളിലേക്ക് വഴിവെക്കുന്നുമുണ്ട്. സാധാരണഗതിയില്‍ പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നീ രോഗങ്ങളുടെ രണ്ടാം ഘട്ടമായാണ് വ്യക്കരോഗങ്ങള്‍ പ്രായമായവരില്‍ കാണപ്പെടാറുള്ളത്. ഇന്ത്യയില്‍ ഭൂരിഭാഗം സ്ത്രീകളും വീടുകളില്‍ പാചകം ചെയ്യുന്നവരാണ്. ഇവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ആഹാരം പാചകം ചെയ്യുമ്പോള്‍ ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ തോത് അല്‍പ്പം കുറച്ചാല്‍ തന്നെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. പ്രമേഹം, പൊണ്ണത്തടി, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയെ പ്രതിരോധിക്കാന്‍ ശരിയായ രീതിയിലുള്ള ക്രമീകൃത ആഹാരരീതി അത്യന്താപേക്ഷിതമാണ്. സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ശരിയായ അവബോധം നല്‍കേണ്ടത് അനിവാര്യമാണ് – ഡോ. അമിത് പറയുന്നു. പ്രമേഹം, അമിത രക്തസമ്മര്‍ദം എന്നിവയുള്ള രോഗികളില്‍ വ്യക്കരോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികില്‍സ ലഭ്യമാക്കാന്‍ ഫിസിഷ്യന്‍മാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തുടക്കത്തിലേയുള്ള ചികില്‍സ വൃക്കരോഗങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുമെന്നും ഡോ. അമിത് ചൂണ്ടിക്കാണിക്കുന്നു.

വീടുകളില്‍ പാചകം ചെയ്യുന്ന സ്ത്രീകള്‍ തന്നെ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നാണ് മുംബൈയിലെ വൊക്കാര്‍ഡ് ഹോസ്പിറ്റലിലെ ഡോ. മഹേഷ് പ്രസാദും എടുത്തുപറയുന്നത്. അച്ചാര്‍, പപ്പടം, ചട്‌നി, ഉപ്പിന്റെ തോത് വളരെയധികമുള്ള സ്‌നാക്‌സ് എന്നിവ ഒഴിവാക്കേണ്ടതാണ്. ഉപ്പിന്റെ അളവ് ചെറിയ തോതില്‍ കുറയ്ക്കുന്നതുപോലും വൃക്കയിലുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിലേക്ക് നയിക്കും, അപ്പോള്‍ മാത്രമേ മരുന്നുകള്‍പോലും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കൂ- ഡോ. മഹേഷ് പറയുന്നു. മിതമായ കലോറിയിലുള്ള ഭക്ഷണരീതികളും, കുറഞ്ഞ തോതിലുള്ള ഉപ്പിന്റെ ഉപയോഗവും ദീര്‍ഘകാലം ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് സായ്ഫി ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. ഹേമള്‍ ഷാ അഭിപ്രായപ്പെടുന്നു. ടേബിളില്‍ ഉപ്പ് വെയ്ക്കുന്ന ശീലം തന്നെ മാറ്റേണ്ടിയിരിക്കുന്നു. സാലഡുകളിലും പാചകം ചെയ്ത ആഹാരങ്ങളിലും രൂചി കൂട്ടുന്നതിനായി വീണ്ടും ഉപ്പ് ഇടുന്ന രീതിയും പാടെ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപ്പ് അമിതമായി കഴിക്കുന്നത് മാത്രമല്ല വൃക്ക രോഗങ്ങള്‍ക്കു കാരണം. എന്നാല്‍ ഇതിന്റെ ഉപയോഗം കൂടുന്നതു വൃക്കരോഗങ്ങള്‍ക്കുള്ള ആക്കം കൂട്ടുന്നുവെന്നു മാത്രം. ചെറുപ്രായത്തില്‍ തന്നെ ആഹാരരീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത് ഭാവിയില്‍ ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കാന്‍ സഹായകമാകുമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: FK Special, Health, Slider