ഹെര്‍ബര്‍ട്ട് ഡിയെസ്സ് പുതിയ ഫോക്‌സ്‌വാഗണ്‍ സിഇഒ ?

ഹെര്‍ബര്‍ട്ട് ഡിയെസ്സ് പുതിയ ഫോക്‌സ്‌വാഗണ്‍ സിഇഒ ?

മാനേജ്‌മെന്റ് ഘടനയില്‍ വന്‍ അഴിച്ചുപണി നടത്താനാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ തീരുമാനം

വോള്‍ഫ്‌സ്ബര്‍ഗ് : മത്തിയാസ് മുള്ളര്‍ക്ക് പകരം ഫോക്‌സ്‌വാഗണിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡ് മേധാവി ഹെര്‍ബര്‍ട്ട് ഡിയെസ്സിനെ നിയമിച്ചേക്കും. മാനേജ്‌മെന്റ് ഘടനയില്‍ വന്‍ അഴിച്ചുപണി നടത്താനാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ തീരുമാനം. 2015 ല്‍ ഡീസല്‍ എന്‍ജിനുകളുടെ ബഹിര്‍ഗമന തട്ടിപ്പ് പിടികൂടിയതിന്റെ ക്ഷീണം ഈ ഓട്ടോമൊബീല്‍ അതികായനെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. പുതിയ സിഇഒ വാര്‍ത്ത പുറത്തുവന്നതോടെ ഫോക്‌സ്‌വാഗണിന്റെ ഓഹരി നാല് ശതമാനം വര്‍ധിച്ച് 170.72 യൂറോയിലെത്തി.

മത്തിയാസ് മുള്ളര്‍ക്ക് പകരക്കാരനായി ഹെര്‍ബര്‍ട്ട് ഡിയെസ്സ് എന്ന് ചുമതലയേല്‍ക്കുമെന്ന കാര്യം വ്യക്തമല്ല. മുന്‍ ബിഎംഡബ്ല്യു എക്‌സിക്യൂട്ടീവായ ഹെര്‍ബര്‍ട്ട് ഡിയെസ്സ് 2015 ജൂലൈയിലാണ് ഫോക്‌സ്‌വാഗണില്‍ ചേര്‍ന്നത്. നിലവില്‍ 64 കാരനായ മത്തിയാസ് മുള്ളറുമായുള്ള ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ കരാര്‍ 2020 ല്‍ അവസാനിക്കും. ഡീസല്‍ഗേറ്റ് വിവാദം പുറത്തുവന്ന് ഒരാഴ്ച്ച കഴിഞ്ഞ് 2015 സെപ്റ്റംബറിലാണ് യൂറോപ്പിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മത്തിയാസ് മുള്ളര്‍ ചുമതലയേറ്റത്.

ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് ഘടനയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പരിഗണിക്കുന്നതായി ഫോക്‌സ്‌വാഗണ്‍ പ്രസ്താവനയില്‍ അറിയിച്ചു. മാനേജ്‌മെന്റിലെ ബോര്‍ഡിലെ എക്‌സിക്യൂട്ടീവുകളെ മാറ്റുന്നതും ഇതിലുള്‍പ്പെടുമെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. സൂപ്പര്‍വൈസറി ബോര്‍ഡ് വെള്ളിയാഴ്ച്ച യോഗം ചേരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഫോക്‌സ്‌വാഗണിന്റെ ട്രക്ക്‌സ് & ബസ് ഡിവിഷന്റെ പ്രഥമ ഓഹരി വില്‍പ്പനയും യോഗത്തില്‍ അജണ്ടയാകും.

59 കാരനായ ഹെര്‍ബര്‍ട്ട് ഡിയെസ്സ് ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിന്റെ പുന:സംഘടനയുമായി ബന്ധപ്പെട്ടാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ചെലവ് ചുരുക്കല്‍ വിഷയങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ പ്രബലരായ തൊഴിലാളി യൂണിയനുകളുമായി നിരന്തരം ഏറ്റുമുട്ടേണ്ട അവസ്ഥയിലാണ് ഹെര്‍ബര്‍ട്ട് ഡിയെസ്സ്. ഹെര്‍ബര്‍ട്ട് ഡിയെസ്സിനെ പുതിയ സിഇഒ ആയി സൂപ്പര്‍വൈസറി ബോര്‍ഡ് നിയമിച്ചോ എന്ന ചോദ്യത്തോട് ഫോക്‌സ്‌വാഗണ്‍ പ്രതികരിച്ചില്ല.

മത്തിയാസ് മുള്ളറുടെ പിന്‍ഗാമി ഡിയെസ്സ് തന്നെയാണെന്ന് ഉറപ്പായാല്‍ ഫോക്‌സ്‌വാഗണ്‍ ഓഹരികളില്‍ വലിയ കുതിച്ചുചാട്ടം കാണാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു

മത്തിയാസ് മുള്ളറുടെ പിന്‍ഗാമി ഡിയെസ്സ് തന്നെയാണെന്ന് ഉറപ്പായാല്‍ ഫോക്‌സ്‌വാഗണ്‍ ഓഹരികളില്‍ വലിയ കുതിച്ചുചാട്ടം കാണാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കമ്പനിയെ സര്‍വ്വശക്തമാക്കി മുന്നോട്ടുനയിക്കാന്‍ മത്തിയാസ് മുള്ളറിന്റെ പിന്‍ഗാമിയായി ഹെര്‍ബര്‍ട്ട് ഡിയെസ്സിനെ അല്ലാതെ മറ്റൊരാളെ കാണാന്‍ കഴിയില്ലെന്നാണ് വിദഗ്ധ മതം.

Comments

comments

Categories: Auto