ജിഡിപി വളര്‍ച്ച 7.3 ശതമാനമാകും: എഡിബി

ജിഡിപി വളര്‍ച്ച 7.3 ശതമാനമാകും: എഡിബി

പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകള്‍ പലിശ നിരക്ക് കുറയ്ക്കുന്നതില്‍ തുടര്‍ന്നും സമ്മര്‍ദം ചെലുത്തും

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച (ജിഡിപി) 7.3 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). അടുത്ത സാമ്പത്തിക വര്‍ഷം (2019-2020) വളര്‍ച്ചാ നിരക്ക് വീണ്ടും വര്‍ധിച്ച് 7.6 ശതമാനമാകുമെന്നും എഡിബി നിരീക്ഷിക്കുന്നു. രാജ്യം ഏകീകൃത ചരക്ക് സേവന നികുതിയിലേക്ക് മാറിയതിനുശേഷം ഉല്‍പ്പാദനം വര്‍ധിച്ചതും ബാങ്കിംഗ് മേഖലയില്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളുടെ ഫലമായി നിക്ഷേപം വീണ്ടെടുക്കാനായതുമാണ് ജിഡിപി വളര്‍ച്ചാ നിരക്ക് ഉയരാനുള്ള കാരണമായി എഡിബി വിലയിരുത്തുന്നത്.

ജിഎസ്ടി വന്നതോടെ വിവിധ മേഖലകളിലെ ഉല്‍പ്പാദനം വര്‍ധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളിലെ ഉപഭോഗം വര്‍ധിക്കുമെന്നും സ്വകാര്യ നിക്ഷേപത്തില്‍ നേരിയ പുരോഗതി നിരീക്ഷിക്കാനാകുമെന്നും എഡിബി വ്യക്തമാക്കിയിട്ടുണ്ട്. അറ്റ കയറ്റുമതി (മൊത്തം കയറ്റുമതി-മൊത്തം ഇറക്കുമതി)യില്‍ ചെറിയ വ്യത്യാസം മാത്രമെ ഉണ്ടാകുവെന്നും നഗരപ്രദേശങ്ങളിലെ ഉപഭോഗം സുസ്ഥിരമായിരിക്കുമെന്നാണ് ബാങ്കിന്റെ നിഗമനം. എന്നാല്‍, പൊതു നിക്ഷേപത്തില്‍ നിന്നുള്ള പ്രോത്സാഹനം മന്ദഗതിയിലായിരിക്കുമെന്നും എഡിബി വ്യക്തമാക്കി. ബാങ്കിംഗ് സംവിധാനം ശക്തമാക്കാനുള്ള ശ്രമങ്ങളും കോര്‍പ്പറേറ്റ് മേഖലയിലെ കടം കുറയ്ക്കുന്നതും അടുത്ത സാമ്പത്തികവര്‍ഷം വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ സഹായിക്കും. ജിഎസ്ടിയില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയും എഡിബി പങ്കുവെച്ചിട്ടുണ്ട്.

സാമ്പത്തിക ഏകീകരണ നടപടികളും പരിഷ്‌കരണങ്ങളും പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) പ്രോത്സാഹിപ്പിക്കുമെന്നും എഡിബി ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകള്‍ പലിശ നിരക്ക് കുറയ്ക്കുന്നതില്‍ തുടര്‍ന്നും സമ്മര്‍ദം ചെലുത്തും. നടപ്പുസാമ്പത്തിക വര്‍ഷം പണപ്പെരുപ്പം ശരാശരി 4.6 ശതമാനമായി ഉയരുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടല്‍. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 5.0 ശതമാനത്തിലെത്തിയേക്കുമെന്നും എഡിബി പറയുന്നു.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 7.3 ശതമാനത്തിലെത്തുമെന്ന പ്രതീക്ഷയാണ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചും പങ്കുവെച്ചിട്ടുള്ളത്. അതേസമയം വളര്‍ച്ചാ വേഗം 7.4 ശതമാനത്തിലെത്തുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിഗമനം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6.6 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയതെന്ന് എഡിബി റിപ്പോര്‍ട്ട് പറയുന്നു. 2016ല്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ പരിണിതഫലങ്ങളും ജിഎസ്ടിയോടനുബന്ധിച്ച് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചതും കാര്‍ഷിക മേഖലയില്‍ അനുഭവപ്പെട്ട തളര്‍ച്ചയുമാണ് 2017-2018ല്‍ വളര്‍ച്ചയെ പിടിച്ചുലച്ചതെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Business & Economy