ബ്ലാക്ക് ലിവ്‌സ് മാറ്ററിന്റെ ഫേസ്ബുക്ക് പേജ് വ്യാജം

ബ്ലാക്ക് ലിവ്‌സ് മാറ്ററിന്റെ ഫേസ്ബുക്ക് പേജ് വ്യാജം

കാലിഫോര്‍ണിയ: Black Lives Matter മുന്നേറ്റത്തിന്റേതെന്നു വിശ്വസിപ്പിച്ചിരുന്ന ഫേസ്ബുക്ക് പേജ്, കുറഞ്ഞത് ഒരു വര്‍ഷത്തോളം കാലം വ്യാജമായിരുന്നെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ വെള്ളക്കാരനും മധ്യവയസ്‌കനുമായ ഒരാളായിരുന്നു ഈ പേജിനു പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പേജും ഇതുമായി ബന്ധപ്പെട്ട എക്കൗണ്ടുകളും വെബ്‌സൈറ്റുകളും പരിശോധിച്ചതിനു ശേഷം സിഎന്‍എന്‍ എന്ന അമേരിക്കന്‍ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.

കറുത്തവര്‍ക്കെതിരേ നടക്കുന്ന സംഘടിതമായ ആക്രമണങ്ങള്‍, വര്‍ണ്ണ വിവേചനം എന്നിവക്കെതിരേ പ്രചാരണം നടത്തുന്ന, അന്താരാഷ്ട്ര തലത്തിലുള്ള ഒരു മുന്നേറ്റം ആണ് ബ്ലാക്ക് ലിവ്‌സ് മാറ്റേഴ്‌സ്. നാല് വര്‍ഷം മുന്‍പ് 2013-ല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിലാണ് ഇൗ മുന്നേറ്റം ഉത്ഭവിച്ചത്.

ഏകദേശം ഏഴ് ലക്ഷത്തോളം പേര്‍ ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന ഫേസ്ബുക്ക് പേജിനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന മുന്നേറ്റത്തിന്റെ ഔദ്യോഗിക പേജ് ഫോളോ ചെയ്തിരുന്നവരാകട്ടെ ഇതിന്റെ പകുതി മാത്രമായിരുന്നു. അതായത് മൂന്നര ലക്ഷത്തോളം പേര്‍. വ്യാജ പേജ് ഓണ്‍ലൈന്‍ ധനസമാഹരണവുമായി ബന്ധപ്പെടുത്തിയിരുന്നെന്നും ഇതിലൂടെ അത്ര നിസാരമല്ലാത്ത തുക ഓസ്‌ട്രേലിയന്‍ ബാങ്ക് എക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായും സിഎന്‍എന്‍ കണ്ടെത്തിയിട്ടുണ്ട്. സിഎന്‍എന്നിന്റെ പുതിയ കണ്ടുപിടിത്തം ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യതയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ്. ഇപ്പോള്‍ തന്നെ ഡാറ്റ ദുരുപയോഗവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന അവസ്ഥയാണ് ഫേസ്ബുക്കിനുള്ളത്. ഈ സാഹചര്യത്തിലാണു മറ്റൊരു ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Comments

comments

Categories: FK Special, Slider, Tech