ഇറക്കുമതി തീരുവകള്‍ കുറയ്ക്കും : ഷീ

ഇറക്കുമതി തീരുവകള്‍ കുറയ്ക്കും : ഷീ

അമേരിക്കയുമായി രൂപപ്പെട്ട ‘വ്യാപാര യുദ്ധം’ സമ്പദ് വ്യവസ്ഥയെ ദുര്‍ബലമാക്കുമെന്ന് കണ്ടറിഞ്ഞാണ് പ്രഖ്യാപനം

ബെയ്ജിംഗ്: ചൈനീസ് വിപണി ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നിടാനുള്ള പദ്ധതി വ്യക്തമാക്കി പ്രസിഡന്റ് ഷീ ജിന്‍പിംഗ്. വാഹന ഇറക്കുമതി തീരുവയും ഒപ്പം മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കു മേലുമുള്ള തീരുവകളും കുറയ്ക്കുമെന്നാണ് ബെയ്ജിംഗില്‍ ‘ബോവോ ഫോറം ഫോര്‍ ഏഷ്യ’ ഉച്ചകോടിയില്‍ അദ്ദേഹം വ്യക്തമാക്കിയത്. വിദേശ സ്ഥാപനങ്ങളുടെ നിയമാനുസൃത ബൗദ്ധിക സ്വത്തവകാശം നടപ്പില്‍ വരുത്തുക, അന്താരാഷ്ട്ര കമ്പനികള്‍ക്കായി നിക്ഷേപ പരിതസ്ഥിതി മെച്ചപ്പെടുത്തുക തുടങ്ങിയ നടപടികളാണ് ഇതിന്റെ ഭാഗമായി സ്വീകരിക്കുകയെന്നും ഷീ അറിയിച്ചു. ഇറക്കുമതി നികുതികള്‍ കൂട്ടിയും നിരോധനം ഏര്‍പ്പെടുത്തിയും അമേരിക്കയുമായി രൂക്ഷമായ ‘വ്യാപാര യുദ്ധം’ ചൈനീസ് സമ്പദ് വ്യവസ്ഥക്ക് ആഘാതമാകുമെന്നും നിക്ഷേപ സാധ്യത കുറയുമെന്നുമുള്ള ആശങ്കകള്‍ക്കിടെയാണ് ‘ഏഷ്യന്‍ ദാവോസ്’ എന്ന് അറിയപ്പെടുന്ന ബോവോ ഫോറത്തില്‍ ആജീവനാന്ത ചൈനീസ് പ്രസിഡന്റ് തന്ത്രപരമായ പ്രഖ്യാപനം നടത്തിയത്.

ഇറക്കുമതി വ്യാപിപ്പിക്കുന്നതിന് ഈ വര്‍ഷം ചൈന മുന്‍കൈയെടുക്കുമെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഠിനമായി പ്രയത്‌നിക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ‘കയറ്റുമതി മിച്ചം ചൈന ആഗ്രഹിക്കുന്നില്ല. ഇറക്കുമതി വര്‍ധിപ്പിക്കാനും കറന്റ് എക്കൗണ്ടിന് കീഴില്‍ അന്താരാഷ്ട്ര പേമെന്റുകളില്‍ മികച്ച സന്തുലിതാവസ്ഥ നേടിയെടുക്കാനുമുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ഞങ്ങള്‍ക്കുള്ളത്’- ഷീ വ്യക്തമാക്കി.

മറ്റ് രാഷ്ട്രങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ നീതിയുക്തമല്ലാത്ത വ്യാപാര പിഴകള്‍ ചുമത്തുകയാണെന്നും ലീ കുറ്റപ്പെടുത്തി. ‘വികസിത രാജ്യങ്ങള്‍ ഹൈടെക് ഉല്‍പ്പന്നങ്ങളുടെ ന്യായവും സ്വാഭാവികവുമായ വാണിജ്യത്തിനു മേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തില്ലെന്നും കയറ്റുമതി നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്ന’തെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്കെതിരെയുള്ള വിമര്‍ശനമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഇറക്കുമതി വ്യാപിപ്പിക്കുന്നതിന് ഈ വര്‍ഷം ചൈന മുന്‍കൈയെടുക്കുമെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഠിനമായി പ്രയത്‌നിക്കുമെന്നും ഷീ പ്രസംഗത്തില്‍ പറഞ്ഞു.

തുറന്ന സംവിധാനങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച വിപണികളെന്നും ആഗോള സമ്പദ് വ്യവസ്ഥയിലെ ഉദാരവാദിയായ നേതാവാണ് ചൈനയെന്നും അദ്ദേഹം അവകാശപ്പെട്ടു. ആധിപത്യം ആഗ്രഹിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ശക്തന്‍ ദുര്‍ബലനെ ആക്രമിക്കുന്ന അധികാര രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘തുറന്നസമീപനം, കണക്റ്റിവിറ്റി, ഉഭയകക്ഷി നേട്ടങ്ങള്‍, തുറന്ന ആഗോള സമ്പദ് വ്യവസ്ഥ, ജി – 20, അപെക്, മറ്റ് ഉഭയകക്ഷി ചട്ടക്കൂടുകള്‍ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമായിരിക്കണം. വാണിജ്യ നിക്ഷേപ ഉദാരവല്‍ക്കരണത്തെയും സുസാധ്യതയെയും പ്രോല്‍സാഹിപ്പിക്കുകയും ബഹുമുഖമായ വാണിജ്യ സംവിധാനത്തെ പിന്തുണയ്ക്കുകയും വേണം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവഴി സാമ്പത്തിക ആഗോളവല്‍ക്കരണം കൂടുതല്‍ തുറന്നതും സന്തുലിതവും എല്ലാവര്‍ക്കും ഉപകാരപ്രദമായതുമാക്കി മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംരക്ഷണവാദമുയര്‍ത്തി വിപണിയുടെ വാതിലുകള്‍ കൊട്ടിയടക്കുന്നെന്ന ആരോപണം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നേരിടുന്നതിനിടെയാണ് ആഗോളവല്‍ക്കരണത്തിനായി ഷീ വീണ്ടും ശബ്ദമുയര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍പ് അമേരിക്കയുടെ സംരക്ഷണ വാദത്തെ വിമര്‍ശിച്ചിരുന്നു. തോളോടു തോള്‍ ചേര്‍ന്ന് നീങ്ങാമെന്നാണ് ചൈന ഇതിനോട് പ്രതികരിച്ചിരുന്നത്.

Comments

comments

Categories: Business & Economy