ചൈനീസ് കമ്പനികളും ദേശീയ സുരക്ഷയും

ചൈനീസ് കമ്പനികളും ദേശീയ സുരക്ഷയും

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഉത്തേജനം നല്‍കുന്ന തരത്തിലുള്ള വമ്പന്‍ പരിപാടികളാണ് ചൈനീസ് കമ്പനി ഷഓമി ഇന്ത്യയില്‍ പദ്ധതിയിടുന്നത്. എന്നാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആര്‍എസ്എസ് സംഘടനകളുടെ ശക്തമായ കാംപെയ്‌നിംഗിനിടയിലാണ് ഇതെന്നത് ശ്രദ്ധേയമാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ് രാജ്യത്ത് വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നത്. എന്നാല്‍ ഇതിനെ വേണ്ട രീതിയില്‍ തന്നെ അഭിമുഖീകരിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് കഴിഞ്ഞ ദിവസം ചൈനയിലെ ഇലക്ട്രോണിക്‌സ്, സോഫ്റ്റ് വെയര്‍ ഭീമന്‍ ഷഓമി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ സ്വപ്‌നമായ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ഉത്തേജിപ്പിക്കുന്ന തരത്തില്‍ രാജ്യത്തേക്ക് 2.5 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം എത്തിക്കുന്നതോടൊപ്പം 50,000 തൊഴിലുകള്‍ പുതുതായി സൃഷ്ടിക്കുക കൂടി ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഷഓമി അവതരിപ്പിച്ചത്.

തങ്ങളുടെ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കോംപണന്റ്‌സ് നിര്‍മാതാക്കളെ ഇന്ത്യയില്‍ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഷഓമി അവതരിപ്പിച്ച പ്ലാന്‍. ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കുകയെന്ന മോദിയുടെ സ്വപ്‌നത്തിന് ഉത്‌പ്രേരകമാകുന്നതാണ് ഷഓമിയുടെ പദ്ധതികള്‍. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ഇതിനോട് താല്‍പ്പര്യമേറുകയും ചെയ്യും. എന്നാല്‍ ഇതിനിടെ ചര്‍ച്ചയാകുന്ന വിഷയം ആര്‍എസ്എസി(രാഷ്ട്രീയ സ്വയംസേവക സംഘം)ന്റെ ഭാഗമായ പല സംഘടനകളും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാടെടുത്ത് വരികയാണ് എന്നതാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പരമാവധി ബഹിഷ്‌കരിക്കണമെന്നും അവരുടെ കൊളോണിയല്‍ നയത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിപണികളിലേക്കുള്ള കടന്നുകയറ്റമെന്നുമാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവാണ് ഇന്ദ്രേഷ് കുമാര്‍ അസമിലെ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ പറഞ്ഞത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലൂടെ കമ്യൂണിസ്റ്റ് രാജ്യത്തിന് സാമ്പത്തികമായ തിരിച്ചടി നല്‍കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ആധിക്യമുണ്ടെന്നത് വസ്തുതയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള അമിത ആശ്രയത്വം രാജ്യത്തെ സംബന്ധിച്ച് നല്ലതുമല്ല. എന്നാല്‍ ആര്‍എസ്എസ് സംഘടനകളുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തിലും ചൈനീസ് കമ്പനികള്‍ക്ക് വ്യാപകമായ നിക്ഷേപം ഇന്ത്യയില്‍ നടത്താനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. അവര്‍ നടത്തുകയും ചെയ്യുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ ചൈനീസ് സ്വാധീനം ശക്തിപ്പെടുത്താനും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള പദ്ധതിയില്‍ ചൈനയിലെ സ്വകാര്യ കമ്പനികളെയും ഷി ജിന്‍ പിംഗ് അതിവിദഗ്ധമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിലപാട്. അതുകൊണ്ടാണ് ഹ്വാവെയും ആലിബാബയും ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികള്‍ക്കൊന്നും ഒരു പരിധിക്കപ്പുറം അമേരിക്കന്‍ വിപണിയിലേക്ക് കടന്നുകയറാന്‍ സാധിക്കാത്തതും. ലോകത്തിന്റെ അവസാന നേതാവാകുക എന്ന ചൈനയുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് വിവിധ രാജ്യങ്ങളിലായി അവര്‍ നടത്തുന്ന വമ്പന്‍ നിക്ഷേപ പദ്ധതികളെന്നാണ് പല നയതന്ത്രവിദഗ്ധരും വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ചൈനീസ് നിക്ഷേപത്തെ കണ്ണടച്ച് പിന്താങ്ങുന്നത് അബദ്ധമാകുമെന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ മുഖവിവലയ്‌ക്കെടുക്കുന്നത് നന്നായിരിക്കും. നോട്ട് അസാധുവാക്കലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ പേടിഎം കമ്പനിയുടെ നിയന്ത്രണം ചൈനീസ് ശതകോടീശ്വര സംരംഭകനായ ജാക്ക് മായുടെ കൈയിലാണ്. ഇതിനെതിരെ നേരത്തെ ആര്‍എസ്എസിന്റെ ഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് അതിശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം ചൈനയില്‍ നിന്നുള്ള ഈ വന്‍ നിക്ഷേപത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് അല്‍പ്പം തലവേദനയാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആര്‍എസ്എസ് സംഘടനകള്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍. അതേസമയം ഇന്ത്യയെ ഒരു അടഞ്ഞ വിപണിയാക്കി മാറ്റാനും സാധിക്കില്ല.

Comments

comments

Categories: Editorial, Slider