ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നും കസ്റ്റഡി മരണങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വകുപ്പിനെ ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പിണറായിക്ക് സാധിക്കുന്നില്ലെന്ന് പറഞ്ഞ ചെന്നിത്തല, പൊലിസ് സ്റ്റേഷനുകള്‍ കൊലക്കളമാവുകയാണെന്നും ആരോപിച്ചു.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം ഒതുക്കിത്തീര്ക്കരുതെന്നും കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആറ് കസ്റ്റഡി മരണങ്ങളും 23 രാഷ്ട്രീയ കൊലപാതങ്ങളുമാണ് നടന്നിട്ടുള്ളത്. ഇതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്ത്ര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം ആരോപിച്ചു.