ആര്‍ബിഐ നിബന്ധനകളില്‍ ഇളവ് തേടി ബാങ്കുകള്‍

ആര്‍ബിഐ നിബന്ധനകളില്‍ ഇളവ്  തേടി ബാങ്കുകള്‍

വായ്പാ പുനര്‍നിര്‍ണയ നടപടികള്‍ ആരംഭിക്കുന്നതിന് കുറഞ്ഞത് 30 ദിവസത്തെ സമയം വേണമെന്ന് ആവശ്യം

മുംബൈ: സമ്മര്‍ദിത ആസ്തികള്‍ക്കുമേലുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് തേടി സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. സമ്മര്‍ദിത ആസ്തിയുമായി ബന്ധപ്പെട്ട കര്‍ശന നിബന്ധനകളില്‍ അയവ് വരുത്തേണ്ടതിന്റെ ആവശ്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ കേന്ദ്രം ഇടപെടണമെന്നാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യസഭ അംഗങ്ങളുമായും ധനമന്ത്രാലയ വൃത്തങ്ങളുമായും നടത്തിയ രണ്ട് മണിക്കൂറിലേറെ ബാങ്ക് നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തി.

സമ്മര്‍ദിത ആസ്തികള്‍ക്കെതിരെയുള്ള കേന്ദ്രബാങ്കിന്റെ കര്‍ശന മാനദണ്ഡങ്ങളും കിട്ടാക്കടത്തിന്റെ കാര്യത്തില്‍ ആര്‍ബിഐ യാതൊരുവിട്ടുവീഴ്ചയ്ക്കും തയാറാകത്തതും ഭാവിയില്‍ തങ്ങളുടെ വായ്പാ വിതരണത്തെ ബാധിക്കുമെന്നാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആരോപിക്കുന്നത്. ഒരു കമ്പനി വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയാല്‍ അടുത്ത ദിവസം തന്നെ വായ്പാ പുനര്‍നിര്‍ണയിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ മാനദണ്ഡങ്ങളില്‍ അയവ് വരുത്തുന്ന കാര്യം കേന്ദ്ര ബാങ്ക് പരിഗണിക്കണമെന്ന് ബാങ്കര്‍മാര്‍ നിര്‍ദേശിച്ചു.
വായ്പാ പുനര്‍നിര്‍ണയ നടപടികള്‍ ആരംഭിക്കുന്നതിന് കുറഞ്ഞത് 30 ദിവസത്തെയെങ്കിലും സമയം അനുവദിക്കണമെന്ന് ബാങ്ക് മേധാവികള്‍ പറയുന്നു. 180 ദിവസത്തിനുള്ളില്‍ ഒരു വായ്പ പുനഃക്രമീകരിക്കുന്നതിന് വായ്പയെടുത്തവരുടെ പൂര്‍ണ സമ്മതം തേടേണ്ടതുണ്ടെന്ന നിബന്ധനയില്‍ ഇളവ് വരുത്തുന്നതിനും ബാങ്കുകള്‍ സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.

ഫെബ്രുവരി 12ന് ആര്‍ബിഐ പുറത്തിറക്കിയ പരിഷ്‌കരിച്ച മാനദണ്ഡങ്ങളിലാണ് ബാങ്കുകള്‍ ഇളവ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് പ്രകാരം വായ്പയെടുത്ത കമ്പനികള്‍ തിരിച്ചടവ് മുടക്കിയാല്‍ 180 ദിവസത്തിനുള്ളില്‍ വായ്പ പരിഹരിക്കുന്നതിനുള്ള പദ്ധതി മുന്നോട്ടുവെക്കാനുമാണ് കേന്ദ്ര ബാങ്കിന്റെ നിര്‍ദേശം. വായ്പ ഒത്തുതീര്‍പ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഈ കമ്പനിയെ പാപ്പരത്ത കോടതിയിലേക്ക് നിര്‍ദേശിക്കും.

Comments

comments

Categories: Banking