2018-19 : ഗ്രാമീണ മേഖലകളില്‍ വാഹന വില്‍പ്പന ഉഷാറാകും

2018-19 : ഗ്രാമീണ മേഖലകളില്‍ വാഹന വില്‍പ്പന ഉഷാറാകും

മണ്‍സൂണിന്റെ അനുഗ്രഹ വര്‍ഷവും വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കും

മുംബൈ/ന്യൂഡെല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷം ഗ്രാമീണ ഇന്ത്യയില്‍ വാഹന വില്‍പ്പന ഉഷാറാകും. മണ്‍സൂണിന്റെ അനുഗ്രഹ വര്‍ഷവും വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുമെന്നും ഗ്രാമീണ മേഖലകളില്‍ വില്‍പ്പന ശക്തമാകുമെന്നുമാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

കാര്‍ വിപണിയിലെ മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകി, ഇരുചക്രവാഹന നിര്‍മ്മാതാവായ ഹീറോ മോട്ടോകോര്‍പ്പ്, ട്രാക്ടറുകള്‍ നിര്‍മ്മിക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളുടെ ആകെ വില്‍പ്പനയുടെ 35 മുതല്‍ 50 ശതമാനം ഗ്രാമീണ മേഖലകളിലാണ് നടക്കുന്നത്. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ആഭ്യന്തരതലത്തില്‍ 35 ശതമാനത്തിലധികം വാഹനങ്ങള്‍ ഗ്രാമീണ മേഖലകളിലെ ഡീലര്‍മാര്‍ക്കാണ് അയച്ചുകൊടുത്തതെന്ന് മാരുതി സുസുകി വ്യക്തമാക്കി. ഗ്രാമീണ മേഖലകളില്‍ 15 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് മാരുതി സുസുകി നേടിയത്.

കഴിഞ്ഞ രണ്ട് വര്‍ഷം നല്ല മണ്‍സൂണ്‍ ലഭിച്ചത് ഗ്രാമീണ വിപണികളില്‍ ഇരുചക്രവാഹനങ്ങളുടെ ആവശ്യകത കാര്യമായി വര്‍ധിപ്പിച്ചിരുന്നു. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഗ്രാമീണ വിപണികളില്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 10 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്ര വലിയ വില്‍പ്പന വളര്‍ച്ച. ഗ്രാമീണ, അര്‍ധ-നഗര വിപണികളില്‍ കുറഞ്ഞ വിലയുള്ള മോട്ടോര്‍സൈക്കിളുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് പത്ത് ശതമാനത്തിലധികം വളര്‍ച്ച നേടാന്‍ സഹായിച്ചത്.

ഗ്രാമീണ മേഖലകളില്‍ ഏറ്റവുമധികം വിറ്റുപോകുന്ന മഹീന്ദ്ര ബൊലേറോ എന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനവും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. അതിവേഗ വില്‍പ്പന വളര്‍ച്ചയായിരുന്നു ബൊലേറോയുടേത്. ബൊലേറോയുടെ വില്‍പ്പന കൂടുതലായും നടക്കുന്നത് ഗ്രാമീണ മേഖലകളിലാണ്. 2018 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മുന്‍ വര്‍ഷം ഇതേ രണ്ട് മാസത്തേക്കാള്‍ 31 ശതമാനം വില്‍പ്പന വളര്‍ച്ച ബൊലേറോ നേടി.

ഗ്രാമീണ ഇന്ത്യയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് പയറ്റുന്നതെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു. ഇതിനായി ഗ്രാമീണ മേഖലകളിലും നാട്ടിന്‍പുറങ്ങളിലും വില്‍പ്പന ശൃംഖലയൊരുക്കി സാന്നിധ്യം വര്‍ധിപ്പിക്കും. 2019 സാമ്പത്തിക വര്‍ഷം ശക്തമായ ബിസിനസ് വളര്‍ച്ച നേടുകയാണ് ലക്ഷ്യം.

നോട്ട് അസാധുവാക്കലിന്റെ ആഘാതം ശമിച്ചതിനാല്‍ അര്‍ധ-നഗര പട്ടണങ്ങളിലെ ഡിമാന്‍ഡ് പരിഗണനാര്‍ഹമാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) ഡയറക്റ്റര്‍ ജനറല്‍ വിഷ്ണു മാഥുര്‍ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സാധാരണ മണ്‍സൂണ്‍ ലഭിച്ചാല്‍ വില്‍പ്പന തകൃതിയാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടുതല്‍ ഫിനാന്‍സ് സൗകര്യങ്ങള്‍ ലഭ്യമാകുന്നതും വില്‍പ്പന വര്‍ധിപ്പിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം യൂട്ടിലിറ്റി വാഹനങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും വില്‍പ്പന വര്‍ധിക്കുമെന്നാണ് സിയാം പ്രതീക്ഷിക്കുന്നത്.

നല്ല മണ്‍സൂണ്‍ ലഭിച്ചാല്‍ കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുകയും ഗ്രാമീണ വരുമാനം ഗണ്യമായി വര്‍ധിക്കുകയും ചെയ്യും. ഈ വര്‍ഷം സാമാന്യം നല്ല മണ്‍സൂണ്‍ ലഭിക്കുമെന്നാണ് നോയ്ഡ ആസ്ഥാനമായ സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. 2018 ല്‍ വരള്‍ച്ചാ സാധ്യത തീരെയില്ലെന്നും സ്‌കൈമെറ്റ് പ്രവചിക്കുന്നു. 2015, 2016 വര്‍ഷങ്ങളില്‍ സ്‌കൈമെറ്റിന്റെ പ്രവചനവും യഥാര്‍ത്ഥ മണ്‍സൂണും തമ്മില്‍ വലിയ വ്യത്യാസം കാണാനായെങ്കില്‍ 2017 ല്‍ പ്രവചനം കൃത്യമായിരുന്നു. മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്ന ജൂണ്‍ മാസത്തിലും അവസാനിക്കുന്ന സെപ്റ്റംബറിലും നല്ല മഴ ലഭിക്കുമെന്നാണ് സ്‌കൈമെറ്റ് പ്രവചനം. എന്നാല്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴ താരതമ്യേന കുറവായിരിക്കും.

ഈ വര്‍ഷം സാമാന്യം നല്ല മണ്‍സൂണ്‍ ലഭിക്കുമെന്നാണ് സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്

വിവിധ വിളകളുടെ വില (കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ താങ്ങുവില), അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചെലവിടല്‍, പലിശ നിരക്കുകള്‍ എന്നിവയെല്ലാം ഗ്രാമീണ വരുമാനം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. റോഡുകളുടെ നിലവാരവും സംസ്ഥാന സര്‍ക്കാരുകളുടെ ചെലവിടലും ഗ്രാമീണ മേഖലകളിലെ വാഹന വില്‍പ്പനയെ സ്വാധീനിക്കും.

Comments

comments

Categories: Auto