ആമസോണ്‍ ക്ലിക്കി ഡോട്ട് പികെയിലെ  പങ്കാളിത്തം വര്‍ധിപ്പിക്കുന്നു

ആമസോണ്‍ ക്ലിക്കി ഡോട്ട് പികെയിലെ  പങ്കാളിത്തം വര്‍ധിപ്പിക്കുന്നു

പാക്കിസ്ഥാനിലും സാന്നിധ്യം ശക്തമാക്കുന്നു

ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ ആസ്ഥാനമായ ഫാഷന്‍ പോര്‍ട്ടല്‍ ക്ലിക്കി ഡോട്ട് പികെയിലെ പങ്കാളിത്തം വര്‍ധിപ്പിച്ചുകൊണ്ട് പാക്കിസ്ഥാനില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണ് യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍. ഓഹരി വില്‍പ്പന സംബന്ധിച്ച ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച നടത്തി വരികയാണ്. നിലവില്‍ ആമസോണിന് 33 ശതമാനം ഓഹരികളാണ് ക്ലിക്ക് ഡോട്ട് പികെയിലുള്ളത്. ക്ലിക്ക് ഡോട്ട് പികെയില്‍ നിക്ഷേപമുണ്ടായിരുന്ന ദുബായ് ആസ്ഥാനമായ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരായ സൗക്കിനെ കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തതിലൂടെയാണ് ആമസോണ്‍ ക്ലിക്ക് ഡോട്ട് പികെയുടെ ഓഹരിയുടമകളായി മാറിയത്.

ആമസോണും ക്ലിക്ക് ഡോട്ട് പികെയും തമ്മിലുള്ള ബന്ധം ആമസോണ്‍ പ്ലാറ്റ്‌ഫോമിലെ ഇന്ത്യന്‍ വില്‍പ്പനക്കാര്‍ക്ക് കൂടുതല്‍ പാക്കിസ്ഥാന്‍ ഉപഭോക്താക്കളെ ലഭിക്കുന്നതിന് വഴിയൊരുക്കും. ഇന്ത്യയില്‍ നിന്നുള്ള 1,200 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പാക്കിസ്ഥാന്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ ദുബായ്, അഫ്ഗാനിസ്ഥാന്‍ എന്നിവ വഴിയുള്ള അനൗദ്യോഗികമായ വാണിജ്യപാതയിലൂടെയാണ് ഈ ഉല്‍പ്പന്നങ്ങള്‍ പാക്കിസ്ഥാന്‍ വിപണിയിലെത്തുന്നത്. ആമസോണിന്റെ പാക്കിസ്ഥാന്‍ സാന്നിധ്യം വര്‍ധിക്കുന്നതോടെ സൗക്കിന്റെ ആസ്ഥാനമായ ദുബായ് വഴി പാക്കിസ്ഥാന്‍ വിപണിയിലേക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ ഇന്ത്യന്‍ കച്ചവടക്കാര്‍ക്ക് സാധിക്കും.

പല ഇന്ത്യന്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ക്കും പാക്കിസ്ഥാനില്‍ വലിയ ആവശ്യകതയാണുള്ളത്. അസംസ്‌കൃത വസ്തുക്കള്‍, ബ്രാന്‍ഡില്ലാത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ജൂവല്‍റി എന്നിവയാണ് ഇക്കാര്യത്തില്‍ മുന്‍നിരയിലുള്ളത്. ഇതില്‍ ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിന്നും ദുബായ് വഴി കറാച്ചിയിലെത്തിച്ചാണ് വിപണം ചെയ്യുന്നത്.

ആമസോണിന്റെ വിപണിയിലെ എതിരാളികളായ ആലിബാബയും പാക്കിസ്ഥാന്‍ വിപണിയില്‍ കണ്ണുവെക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നായ റോക്കറ്റ് ഇന്റര്‍നെറ്റ് ഉടമസ്ഥതയിലുള്ള ഡറാസിന്റെ ഓഹരികള്‍ ആലിബാബ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം 100 ദശലക്ഷം ഡോളറായിരുന്ന പാക്കിസ്ഥാന്‍ ഇ-കൊമേഴ്‌സ് വിപണി 2020 ഓടെ ഒരു ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പാക്കിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ കണക്ക്.

Comments

comments

Categories: Business & Economy