എ ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്‌സ് ഡിജി, തച്ചങ്കരി കെഎസ്ആര്‍ടിസി എംഡി

എ ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്‌സ് ഡിജി, തച്ചങ്കരി കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം: ഫയര്‍ ഫോഴ്‌സ് ഡയറക്റ്റര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരിയെ സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ എഡിജിപിയായി നിയമിക്കാനും കെഎസ്ആര്‍റ്റിസി മാനേജിംഗ് ഡയറക്റ്ററുടെ ചുമതല നല്‍കാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ കെഎസ്ആര്‍ടിസി എംഡിയായ എ. ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് ഡയറക്റ്റര്‍ ജനറലായി മാറ്റി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ മേധാവിയായ ഡിജിപി എന്‍ ശങ്കര്‍ റെഡ്ഡിക്ക് പോലീസിന്റെ ആധുനികവല്‍ക്കരണത്തിന്റെ ചുമതലയും നല്‍കി.

പരിയാരം മെഡിക്കല്‍ കോളെജും അതോടനുബന്ധിച്ച കേരള കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജുകളിലും കോട്ടയ്ക്കല്‍ വൈദ്യരത്‌നം പിഎസ് വാര്യര്‍ ആയുര്‍വേദ കോളെജിലും ആയൂര്‍വേദ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്‌സ് അനുവദിക്കാന്‍ തീരുമാനിച്ചു.

മില്‍മയിലെ ജീവനക്കാര്‍ക്ക് 2016 ജൂലൈ മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തന മൂലധനത്തിനായി പത്ത് കോടി രൂപ ബാങ്ക് വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കാന്‍ തീരുമാനിച്ചു.

പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയതി മുതല്‍ 15 മാസത്തിനകം ആസ്തിബാധ്യതകളുടെ കണക്ക് സമര്‍പ്പിക്കണമെന്ന പഞ്ചായത്ത് രാജ് ആക്റ്റിലേയും കേരള മുനിസിപ്പാലിറ്റി ആക്റ്റിലേയും വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. 15 മാസത്തെ സമയപരിധി 30 മാസമാക്കാനാണ് ഓര്‍ഡിനന്‍സ്.

Comments

comments

Categories: Slider, Top Stories