സൗദിയില്‍ 5 ബില്ല്യണ്‍ ഡോളറിന്റെ പെട്രോകെമിക്കല്‍ കോംപ്ലക്‌സ്

സൗദിയില്‍ 5 ബില്ല്യണ്‍ ഡോളറിന്റെ പെട്രോകെമിക്കല്‍ കോംപ്ലക്‌സ്

അരാംകോയും ടോട്ടലും ചേര്‍ന്നാണ് അതിഗംഭീര പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയും ഫ്രാന്‍സിലെ എണ്ണ ഭീമന്‍ ടോട്ടലും കൈകോര്‍ക്കുന്നു. സൗദിയില്‍ അഞ്ച് ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് പണിയുകയാണ് ലക്ഷ്യം. ജുബയ്‌ലിലെ റിഫൈനറിക്ക് സമീപമായിരിക്കും പെട്രോളിയം സമുച്ചയം ഉയരുക. ഗള്‍ഫ് മേഖലയിലും ഏഷ്യയിലും എണ്ണയ്ക്ക് ഡിമാന്‍ഡ് കൂടുന്നത് കണക്കിലെടുത്തും കൂടിയാണ് പുതിയ പദ്ധതി.

പ്രൊജക്റ്റുമായി ബന്ധപ്പെട്ട പ്രാഥമിക കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. പ്രതിവര്‍ഷം 1.5 ദശലക്ഷം സ്റ്റീം ക്രാക്കര്‍, പെട്രോകെമിക്കല്‍ യൂണിറ്റുകള്‍ നിര്‍മിക്കുന്ന കരാറിലാണ് ഒപ്പുവെച്ചതെന്ന് ടോട്ടലും അരാംകോയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

സൗദി അറേബ്യ വളര്‍ന്നു വരുന്ന വിപണിയാണ്. മാത്രമല്ല അവിടിരുന്നുകൊണ്ട് നിങ്ങള്‍ക്ക് ഗള്‍ഫ് മേഖലയിലേയും ഏഷ്യയിലേയും മറ്റ് വിപണികളിലേക്കും എത്താം-പുതിയ പങ്കാളിത്തത്തെ സംബന്ധിച്ച് ടോട്ടല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പാട്രിക് പൗയന്നെ പറഞ്ഞു. ചില ഫ്രഞ്ച് കമ്പനികള്‍കൂടി പദ്ധതിയുടെ ഭാഗമായേക്കുമെന്നും അദ്ദേഹം സൂചന നല്‍കി. സൂയെസ്, മിഷെലിന്‍ എന്നീ കമ്പനികളായിരിക്കും പാട്രിക് സൂചിപ്പിതെന്ന് റിപ്പോര്‍ട്ടുണ്ട്.

5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതിയിലൂടെ 8,000 തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. എണ്ണ അധിഷ്ഠിത ബിസിനസുകള്‍ക്കൊപ്പം തന്നെ മറ്റ് മേഖലകളിലേക്കും വ്യാപനം നടത്താനുള്ള അരാംകോയുടെ തന്ത്രത്തിന്റെ കൂടി ഭാഗമാണ് പുതിയ നീക്കം. എണ്ണ ഉല്‍പ്പാദനത്തിന് അപ്പുറത്തേക്ക് എണ്ണയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കാനാണ് അരാംകോയുടെ ശ്രമം.

ഫ്രാന്‍സ്-സൗദി ബിസിനസ് ഫോറത്തിന്റെ ഭാഗമായാണ് ഇരു കമ്പനികളും കരാറില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഭരണനേതൃത്വങ്ങള്‍ നടത്തുന്നത്.

Comments

comments

Categories: Arabia