പുതിയ സുസുകി എര്‍ട്ടിഗ ഈ മാസം 19 ന്

പുതിയ സുസുകി എര്‍ട്ടിഗ ഈ മാസം 19 ന്

രണ്ടാം തലമുറ മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ പുറത്തിറക്കുന്നതിന് ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വരും

ന്യൂഡെല്‍ഹി : പുതു തലമുറ സുസുകി എര്‍ട്ടിഗയുടെ ആഗോള അരങ്ങേറ്റം ഈ മാസം 19 ന് നടക്കും. ജക്കാര്‍ത്തയില്‍ നടക്കുന്ന ഇന്തോനേഷ്യന്‍ മോട്ടോര്‍ ഷോയിലാണ് 2018 സുസുകി എര്‍ട്ടിഗ അനാവരണം ചെയ്യുന്നത്. മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ രണ്ടാം തലമുറയാണ് ഇന്തോനേഷ്യന്‍ വിപണിയിലെത്തുന്നത്. പുതിയ മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ പുറത്തിറക്കുന്നതിന് ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വരും.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് ഇന്തോനേഷ്യയില്‍ പുതു തലമുറ എര്‍ട്ടിഗ അവതരിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ ഓപ്ഷനെക്കുറിച്ച് തല്‍ക്കാലം യാതൊരു വിവരവുമില്ല. പുതിയ മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി പലതവണ കണ്ടെത്തിയിരുന്നു. നിലവിലെ മോഡലിനേക്കാള്‍ വീതിയേറിയതും നീളം കൂടിയതുമാണ് പുതിയ മോഡല്‍. അതുകൊണ്ടുതന്നെ കാബിന്‍ കൂടുതല്‍ വിശാലമായിരിക്കുമെന്ന് കരുതാം.

പുതു തലമുറ ഡിസയറില്‍ കണ്ട അതേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതിയ എര്‍ട്ടിഗയില്‍ പ്രതീക്ഷിക്കാം. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. പുതിയ എര്‍ട്ടിഗയുടെ ടോപ് വേരിയന്റുകളില്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ നല്‍കും. ടെയ്ല്‍ ലാംപുകള്‍ എല്‍ഇഡി ആയിരിക്കും. അലോയ് വീലുകള്‍ വലുതായിരിക്കുമെന്ന് പരീക്ഷണ ഓട്ടം നടത്തിയ സമയങ്ങളിലെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. മാരുതി സിയാസില്‍ തെളിഞ്ഞുകാണുന്ന ടെയ്ല്‍ ലാംപുകള്‍ പുതിയ എര്‍ട്ടിഗ ഉപയോഗിക്കും.

നിലവിലെ മോഡലിനേക്കാള്‍ വീതിയേറിയതും നീളം കൂടിയതുമാണ് പുതിയ മാരുതി എര്‍ട്ടിഗ

2012 ലാണ് മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. 2015 ല്‍ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി. വരാനിരിക്കുന്ന മഹീന്ദ്ര യു321 എംപിവി ആയിരിക്കും പുതിയ മാരുതി എര്‍ട്ടിഗയുടെ എതിരാളി.

Comments

comments

Categories: Auto