ഒരു ബില്യണ്‍ ഡോളറിന്റെ ഫണ്ടുമായി മിറയ്

ഒരു ബില്യണ്‍ ഡോളറിന്റെ ഫണ്ടുമായി മിറയ്

ബെംഗളൂരു: ദക്ഷിണകൊറിയന്‍ സാമ്പത്തിക സേവനസ്ഥാപനമായ മിറയ് ഗ്ലോബല്‍ അസറ്റ് മാനേജന്റ് ഏഷ്യ കേന്ദ്രീകരിച്ചുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിന് രൂപം നല്‍കുന്നു. ദക്ഷിണ കൊറിയന്‍ ഇന്റര്‍നെറ്റ് കമ്പനിയായ നാവെറുമായി സഹകരിച്ചാണ് ഒരു ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഫണ്ട് മിറയ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഇരു കമ്പനികളും ആദ്യഘട്ടത്തില്‍ 200 ദശലക്ഷം ഡോളര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യും. പിന്നീട് നിക്ഷേപ അവസരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും.

പ്രസ്തുത ഫണ്ട് പ്രത്യേക പ്രധാന്യം നല്‍കുന്ന വിപണികളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ മാസം മിറയ്‌യുടെ ഭാഗമായ വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ കലാരി കാപ്പിറ്റലിന്റെ മുന്‍ ഉദ്യോഗസ്ഥനായ ആശിഷ് ദേവിനെയാണ് മിറയ് തങ്ങളുടെ ഇന്ത്യയിലെ നിക്ഷേപ ഇടപാടുകളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കമ്പനി ഉന്നത ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ ഇന്ത്യ സന്ദര്‍ശിക്കുകയും വിവിധ വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങളും സ്ഥാപകരുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. വിയറ്റ്‌നാം, ഇന്ത്യേനേഷ്യ, ചൈന, ജപ്പാന്‍ വിപണികള്‍ക്ക് ഫണ്ട് പ്രാധാന്യം നല്‍കും. വളര്‍ച്ചയുടെ മധ്യഘട്ടത്തിനും അതിനു ശേഷവുമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫണ്ട് ലക്ഷ്യം വെക്കുന്നത്.

മിറയ് ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് തന്ത്രം നടപ്പിലാക്കാന്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ്, ഫിന്‍ടെക്, കണ്‍സ്യൂമര്‍ ബ്രാന്‍ഡ്‌സ് തുടങ്ങിയ മേഖലകളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ട് ബിസിനസ് മേഖലയില്‍ സാന്നിധ്യമുള്ള മിറയ് ഈ വര്‍ഷം തന്നെ പ്രൈവറ്റ് ഇക്വിറ്റി, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ബ്രോക്കിംഗ് ബിസിനസ് എന്നീ രംഗങ്ങളിലും സാന്നിധ്യമറിയിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy