ഇനി കശാപ്പിനായി കന്നുകാലികളെ ചന്തകളില്‍ വില്‍ക്കാം

ഇനി കശാപ്പിനായി കന്നുകാലികളെ ചന്തകളില്‍ വില്‍ക്കാം

ന്യൂഡെല്‍ഹി: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നത് വിലക്കികൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മെയ് 23ന് ഇറക്കിയ വിജ്ഞാപനമാണ് ഭേദഗതി ചെയ്തത്. ആരോഗ്യമില്ലാത്തതും പ്രായം കുറഞ്ഞതുമായ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനു മാത്രമാണ് നിലവില്‍ വിലക്ക് ബാധകം.

കാലികളെ അറവിനായിട്ടല്ല വില്‍ക്കുന്നതെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും പുതിയ വിജ്ഞാപനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ ചുറ്റളവില്‍ ചന്ത പാടില്ലെന്ന് മുന്‍ ഉത്തരവിലെ നിര്‍ദേശവും നീക്കിയിട്ടുണ്ട്. കശാപ്പിനായുള്ള കാലികളുടെ വില്‍പ്പന നിയന്ത്രിച്ച ഉത്തരവിനെതിരേ വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭങ്ങളിലും കാലി വില്‍പ്പനയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യമുയര്‍ന്നു.

ജനങ്ങളുടെ ഭക്ഷണശീലത്തിലുള്ള കടന്നുകയറ്റം എന്നതൊപ്പം സാമ്പത്തികമായി കര്‍ഷകരെ വളരേയേറേ പ്രതിസന്ധിയിലാക്കുന്നതാണ് ഉത്തരവെന്നാണ് വിലയിരുത്തപ്പെട്ടത്. ഇതിന്റെയെല്ലാം ഫലമായാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഭേദഗതി ചെയ്യാന്‍ തയാറായത്.

Comments

comments

Categories: Slider, Top Stories