എഫ്1 എന്ന ഫാന്‍സി നമ്പര്‍ വില്‍ക്കുകയാണെന്ന് യുകെക്കാരന്‍ ; 132 കോടി രൂപയുണ്ടോ, വാങ്ങാം

എഫ്1 എന്ന ഫാന്‍സി നമ്പര്‍ വില്‍ക്കുകയാണെന്ന് യുകെക്കാരന്‍ ; 132 കോടി രൂപയുണ്ടോ, വാങ്ങാം

ലോകത്തെ ഏറ്റവും വിലയേറിയ കാര്‍ നമ്പര്‍ പ്ലേറ്റ്

ലണ്ടന്‍ : അഫ്‌സല്‍ ഖാന്‍ എന്ന യുകെക്കാരന്‍ തന്റെ കൈവശമുള്ള ഫാന്‍സി വാഹന നമ്പര്‍ വില്‍ക്കുന്നു. ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന എഫ്1 എന്ന നമ്പറാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 20 ശതമാനം മൂല്യ വര്‍ധിത നികുതിയും വാഹന നമ്പര്‍ ട്രാന്‍സ്ഫര്‍ ഫീസുകളും ചേര്‍ത്ത് 132 കോടി രൂപയാണ് ഇദ്ദേഹം ആവശ്യപ്പെടുന്ന തുക! കസ്റ്റമൈസ്ഡ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഖാന്‍ ഡിസൈന്‍ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഉടമയാണ് അഫ്‌സല്‍ ഖാന്‍.

1904 മുതല്‍ എസ്സെക്‌സ് സിറ്റി കൗണ്‍സിലിന്റെ ഉടമസ്ഥതയിലായിരുന്നു എഫ്1 എന്ന നമ്പര്‍. 2008 ല്‍ നാല് കോടി രൂപ സ്വീകരിച്ചാണ് എഫ്1 നമ്പര്‍ ഹൃദയവേദനയോടെ എസ്സെക്‌സ് സിറ്റി കൗണ്‍സില്‍ കയ്യൊഴിഞ്ഞത്. തുടര്‍ന്ന് മെഴ്‌സിഡീസ്-മക്‌ലാറന്‍ എസ്എല്‍ആര്‍, കസ്റ്റമൈസ് ചെയ്ത റേഞ്ച് റോവറുകള്‍ എന്നിവയിലെല്ലാം എഫ്1 എന്ന നമ്പര്‍ പ്ലേറ്റ് കാറുകളേക്കാള്‍ വലിയ അഭിമാനത്തോടെ ഇരിപ്പുറപ്പിച്ചു. ഏറ്റവും അവസാനം എഫ്1 പ്ലേറ്റ് വഹിക്കാനുള്ള ഭാഗ്യം അഫ്‌സല്‍ ഖാന്റെ ബുഗാട്ടി വെയ്‌റോണിനാണ് ലഭിച്ചത്. അഫ്‌സല്‍ ഖാന്‍ എഫ്1 നമ്പര്‍ പ്ലേറ്റ് ഊരിയെടുക്കുമ്പോള്‍ ചങ്ക് പറിച്ചെടുക്കുന്ന വേദനയായിരിക്കും ബുഗാട്ടി വെയ്‌റോണ്‍ എന്ന സ്‌പോര്‍ട്‌സ് കാറിന് അനുഭവപ്പെടുന്നത്.

അഫ്‌സല്‍ ഖാന്‍ എന്ന യുകെക്കാരനാണ് ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന എഫ്1 എന്ന നമ്പര്‍ വില്‍ക്കുന്നത്

ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളെ അനുസ്മരിപ്പിക്കുന്നു എന്നുമാത്രമല്ല എഫ്1 ന്റെ സവിശേഷത. വെറും രണ്ട് അക്കങ്ങള്‍ മാത്രമാണ് നമ്പര്‍ പ്ലേറ്റിലുള്ളത്. 132 കോടി രൂപ നല്‍കി എഫ്1 വാങ്ങാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് പുതിയ ചരിത്രമാകും. ലോകത്ത് ഏറ്റവുമധികം പണം മുടക്കി സ്വന്തമാക്കിയ വാഹന നമ്പര്‍ എന്ന റെക്കോര്‍ഡ്. ഇന്ത്യക്കാരനായ ബല്‍വീന്ദര്‍ സാഹനി 67 കോടി രൂപ നല്‍കി ദുബായില്‍ ഡി5 എന്ന നമ്പര്‍ സ്വന്തമാക്കിയത് പഴങ്കഥയായി മാറും. 2008 ല്‍ അബുദാബിയില്‍ മറ്റൊരു കാറുടമ 66 കോടി രൂപ നല്‍കി 1 എന്ന നമ്പര്‍ കരസ്ഥമാക്കിയിരുന്നു.

Comments

comments

Categories: Auto