ഹൃദയഭിത്തി തകര്‍ന്ന ഉണ്ണിക്കൃഷ്ണന് ആസ്റ്റര്‍മെഡ്‌സിറ്റിയില്‍ പുനര്‍ജന്മം

ഹൃദയഭിത്തി തകര്‍ന്ന ഉണ്ണിക്കൃഷ്ണന് ആസ്റ്റര്‍മെഡ്‌സിറ്റിയില്‍ പുനര്‍ജന്മം

ഇടത് വെന്‍ട്രിക്കുലാര്‍ ഭിത്തിയിലുണ്ടായ അപകടകരമായ ദ്വാരമാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പരിഹരിച്ചത്

കൊച്ചി: ഇരിങ്ങാലക്കുട സ്വദേശി ഉണ്ണിക്കൃഷ്ണന് (46) ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന സങ്കീര്‍ണ ശസ്ത്രക്രിയക്കൊടുവില്‍ പുനര്‍ജന്മം. ഭാര്യപിതാവിനെ ബിസിനസില്‍ സഹായിക്കുവാനാണ് ഉണ്ണിക്കൃഷ്ണന്‍ ഛത്തീസ്ഗഡില്‍ എത്തുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൃദയഭിത്തി തകര്‍ന്ന ഉണ്ണിക്കൃഷ്ണനെ ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തിക്കുന്നത്്. ഇടത് വെന്‍ട്രിക്കുലാര്‍ ഭിത്തിയിലുണ്ടായ അപകടകരമായ ദ്വാരമാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പരിഹരിച്ചത്. സാധാരണഗതിയില്‍ ഹൃദയാഘാതമുണ്ടായി ഉടനടി ശസ്ത്രക്രിയ നടത്തേണ്ട രോഗാവസ്ഥയായിരുന്നു ഉണ്ണിക്കൃഷ്ണന്റേതെന്ന് ശസത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മനോജ് പി നായര്‍ പറഞ്ഞു.

ഛത്തീസ്ഗഡില്‍ വെച്ച് പെട്ടെന്നൊരു ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് ബോധം കെട്ടുവീണ ഉണ്ണിക്കൃഷ്ണന് പ്രാഥമിക ജീവന്‍രക്ഷാ ശുശ്രൂഷ നല്‍കിയ സഹോദരന്‍ ഉടന്‍ തന്നെ അദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായ ഉണ്ണിക്കൃഷ്ണന്റെ വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഹീമോഡയാലിസിസിന് വിധേയനാക്കണമെന്ന് ഡോകടര്‍ നിര്‍ദേശിച്ചു.

പക്ഷേ ഡയാലിസിസിന് വിധേയനാക്കിയാലും 48 മണിക്കൂര്‍ മാത്രമേ അദ്ദേഹം ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളുവെന്നും ഡോക്ടര്‍ വിശദീകരിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരാശുപത്രിയിലേക്ക് ഉണ്ണിക്കഷ്ണനെ മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. എന്നാല്‍ യാത്രാമധ്യേ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഉണ്ണിക്കൃഷ്ണനെ തിരുപ്പതിയിലെ എസ്‌വിഐഎംഎസ് ആശുപത്രിയിലേക്കെത്തിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ഇത്തരം അവസ്ഥ വളരെ അപൂര്‍വ്വമാണെന്നും, ഒന്നു മുതല്‍ മൂന്നു ശതമാനം വരെ രോഗികളില്‍ മാത്രമേ ഉണ്ടാകാറുള്ളൂവെന്നും ഡോ. മനോജ് പി. നായര്‍

ഉണ്ണിക്കൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യത കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായത് കൊണ്ട് വിമാനമാര്‍ഗം സാധ്യമായിരുന്നി്ല്ല. തുടര്‍ന്ന് റോഡ് മാര്‍ഗം ആംബുലന്‍സിലാണ് ഉണ്ണിക്കൃഷ്ണനെ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തിക്കുന്നത്. നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റുമാരായ ഡോ. വി നാരായണന്‍ ഉണ്ണി, ഡോ. ജോജോ പുല്ലോക്കര എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് തവണ ഹീമോഡയാലിസിസിന് വിധേയമാക്കി. തുടര്‍ന്ന് എക്കോ പരിശോധനയ്ക്ക് വിധേയനാക്കിയ ഉണ്ണിക്കൃഷ്ണന്റെ പെരികാര്‍ഡിയല്‍ അറയില്‍ രൂപപ്പെട്ട രക്തക്കട്ട കാരണം ഇടത് വെന്‍ട്രിക്കിളിലെ ദ്വാരം അടഞ്ഞിരിക്കുന്നത് കാര്‍ഡിയോളജി വിഭാഗം ഡോ. പ്രവീണ്‍ ശ്രീകുമാര്‍ കണ്ടെത്തി. ആരോഗ്യസ്ഥിതി ഗുരുതരമായി തുടര്‍ന്ന ഉണ്ണിക്കൃഷ്ണനെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാര്‍ഡിയോ തൊറാസിക് സര്‍ജറി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മനോജ് പി. നായരുടെ നേതൃത്വത്തില്‍ നടന്ന ഹൃദയശസ്ത്രക്രിയയില്‍ ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍, ഡോ. അതുല്‍ ഏബ്രഹാം എന്നിവരും അനസ്‌തേഷ്യോളജി വിഭാഗത്തലവന്‍ ഡോ. സുരേഷ് ജി. നായരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും പങ്കെടുത്തു.

ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ഇത്തരം അവസ്ഥ വളരെ അപൂര്‍വ്വമാണെന്നും, ഒന്നു മുതല്‍ മൂന്നു ശതമാനം വരെ രോഗികളില്‍ മാത്രമേ ഉണ്ടാകാറുള്ളൂവെന്നും ഡോ. മനോജ് പി. നായര്‍ വ്യക്തമാക്കി. ഇത്തരം അവസ്ഥയില്‍ 80 ശതമാനം രോഗികളും മരണത്തിന് കീഴടങ്ങുകയാണ് പതിവ്. എന്നാല്‍, ഹൃദയാഘാതത്തിന് ശേഷം ഹൃദയഭിത്തി തകര്‍ന്ന നിലയില്‍ ഒരാഴ്ചയോളം ഉണ്ണിക്കൃഷ്ണന്‍ ജീവിച്ചത് അല്‍ഭുതമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഹൃദയാഘാതത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് മൈലുകള്‍ യാത്ര ചെയ്താണ് ഉണ്ണിക്കൃഷ്ണന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തിയത്. ഇത് ശസ്ത്രക്രിയയുടെ അപകട സാധ്യത പല മടങ്ങ് വര്‍ദ്ധിപ്പിച്ചു. എന്നാല്‍, രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഈ വെല്ലുവിളി എറ്റെടുക്കാനായായിരുന്നു തീരുമാനം. എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ഇടത് വെന്‍ട്രിക്കിള്‍ അന്യൂറിസം എക്‌സ്‌ക്ലൂഷനിലൂടെ ഹൃദയഭിത്തിയിലെ വീക്കം നീക്കം ചെയ്തു. ഇതോടൊപ്പം ഹൃദയഭിത്തിയിലെ ദ്വാരം അടയ്ക്കുകയും കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് നടത്തുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച രോഗി വെന്റിലേറ്ററിലായിരുന്നുവെന്നും ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരിയ പ്രഭയാണ് ഉണ്ണിക്കൃഷ്ണന്റെ ഭാര്യ. ഗായത്രി, ദേവാനന്ദ് എന്നീ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

Comments

comments

Categories: More