ഭിന്നലിംഗക്കാര്‍ക്കും പാനിന് അപേക്ഷിക്കാം

ഭിന്നലിംഗക്കാര്‍ക്കും പാനിന് അപേക്ഷിക്കാം

33 കോടി പാന്‍ കാര്‍ഡുകളില്‍ 16.65 കോടി പാന്‍ മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: ഭിന്നലിംഗക്കാര്‍ക്ക് കൂടി പരിഗണന നല്‍കികൊണ്ട് ആദായ നികുതി നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതിനുള്ള സ്ഥിര എക്കൗണ്ട് നമ്പര്‍ (പാന്‍) ലഭിക്കുന്നതിന് ഭിന്നലിംഗക്കാരെ സ്വതന്ത്ര അപേക്ഷകരിലെ ഒരു വിഭാഗമായി അംഗീകരിച്ചുകൊണ്ടാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. പാന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ ഭിന്നലിംഗക്കാര്‍ക്കുവേണ്ടി പുതിയൊരു കോളം കൂടി ഉള്‍പ്പെടുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.

പാന്‍ കാര്‍ഡിനായുള്ള അപേക്ഷയില്‍ സ്ത്രീ/പുരുഷന്‍ എന്നിങ്ങനെ രണ്ട് വിഭാഗം മാത്രം ഉണ്ടായിരുന്നത് ഭിന്നലിംഗക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതേസമയം, ആധാറിനായുള്ള അപേക്ഷയില്‍ ട്രാന്‍സ് ജെന്‍ഡര്‍ പരിഗണന നല്‍കിയിരുന്നു. ഇത് കൂടുതല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ അസ്വാഭാവികത കാരണം ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഭിന്നലിംഗക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്ന് നികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നികുതി നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

ആദായ നികുതി വകുപ്പിനുവേണ്ടി സിബിടിഡിയാണ് (സെന്‍ന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്) ആണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ആദായ നികുതി നിയമത്തിലെ 139എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. പുതിയ ചട്ട പ്രകാരമുള്ള മാറ്റങ്ങള്‍ പാന്‍ കാര്‍ഡിനായുള്ള 49എ (ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള അപേക്ഷ ഫോം), 49എഎ (ഇന്ത്യന്‍ പൗരനല്ലാത്തവര്‍ക്കുള്ളത്) എന്നീ ഫോമുകളിലുണ്ടാകും. മാര്‍ച്ച് അഞ്ച് വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം 33 കോടി പാന്‍ കാര്‍ഡുകളില്‍ 16.65 കോടി പാന്‍ മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories