എയര്‍ ഇന്ത്യ വാങ്ങാന്‍ താല്‍പര്യമറിയിച്ച് സ്വിസ് കമ്പനി

എയര്‍ ഇന്ത്യ വാങ്ങാന്‍ താല്‍പര്യമറിയിച്ച് സ്വിസ് കമ്പനി

ഇടപാടുകാര്‍ക്കായി മുന്നില്‍ നിന്ന് കളിക്കുകയാണ് സ്വിസ് കമ്പനിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു

ന്യൂഡെല്‍ഹി: സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വിസ് ഏവിയേഷന്‍ കണ്‍സള്‍ട്ടിംഗ് (എസ്എസി) എയര്‍ ഇന്ത്യക്കായുള്ള ലേലത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ഏവിയേഷന്‍ ഗ്രൂപ്പാണിതെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയ്ക്കായി ബിഡു ചെയ്യുന്നതിനുള്ള താല്‍പര്യം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സ്വിസ് ഏവിയേഷന്‍ കണ്‍സള്‍ട്ടിംഗ് കമ്പനി വ്യക്തമാക്കിയിരുന്നത്. വെള്ളിയാഴ്ച ഇതിന്റെ തുടര്‍ നടപടികള്‍ക്കായി ഇ-മെയ്ല്‍ അയച്ചെങ്കിലും കമ്പനിയുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതേസമയം ഈ നീക്കം ഗൗരവതരമായി തോന്നുന്നില്ലെന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ ഇടപാടുകാര്‍ക്ക് വേണ്ടി രംഗനിരീക്ഷണം നടത്തുക മാത്രമാണ് സ്വിസ് കമ്പനി ചെയ്യുന്നതെന്നാണ് ഇവര്‍ കരുതുന്നത്. മറ്റ് ഏതെങ്കിലും ഒരു കമ്പനിക്കു വേണ്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുക മാത്രമാണ് എസ്എസി ചെയ്യുന്നതെന്നും ഈ ബിഡ് ഗൗരവതരമല്ലെന്നും ഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സല്‍ട്ടന്റ് വ്യക്തമാക്കി. ഇത്തരം വമ്പന്‍ ഇടപാടുകളില്‍ ഇടപാടുകാരുടെ താല്‍പര്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ കമ്പനികളെ സര്‍ക്കാര്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ഏതെങ്കിലും ഒരു കമ്പനിക്കു വേണ്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുക മാത്രമാണ് എസ്എസി ചെയ്യുന്നതെന്നും ഈ ബിഡ് ഗൗരവതരമല്ലെന്നും ഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സല്‍ട്ടന്റ് വ്യക്തമാക്കി.

2005ല്‍ സ്ഥാപിതമായ എസ്എസി പൂര്‍ണമായ ഏവിയേഷന്‍ സേവന ദാതാക്കളാണ്. സ്വകാര്യ ഉടമകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, എയര്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ എന്നിവയ്‌ക്കെല്ലാം ഇവര്‍ സേവനം നല്‍കുന്നുണ്ട്.

ടാറ്റ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വെയ്‌സിനൊപ്പം ചേര്‍ന്ന് എയര്‍ ഫ്രാന്‍സ് കെഎല്‍എം എന്നിവയാണ് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി ബിഡ് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്ന വിദേശ കമ്പനികള്‍. ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ തുടക്കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസില്‍ മാത്രമാണ് നോട്ടമെന്ന് പിന്നീട് അവര്‍ വ്യക്തമാക്കിയിരുന്നു.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് മാര്‍ച്ച് 28നാണ് വ്യോമയാന മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നത്. ഇതിനൊപ്പം ബജറ്റ് എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ സാറ്റ്‌സ്, എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഓഹരികളും വില്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy