രണ്ട് ലക്ഷത്തില്‍ തുടക്കം, ഇന്ന് ടേണോവര്‍ 10 കോടി

രണ്ട് ലക്ഷത്തില്‍ തുടക്കം, ഇന്ന് ടേണോവര്‍ 10 കോടി

വിവാഹ സംബന്ധമായ എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴിലാക്കി മികച്ച തെരഞ്ഞെടുക്കലുകള്‍ ലഭ്യമാക്കുകയാണ് മുംബൈ ആസ്ഥാനമായ 7വചന്‍. പങ്കാളികളെ തെരഞ്ഞെടുക്കലല്ല മറിച്ച് ഇന്ത്യയിലെവിടെയും വിവാഹം നടത്താനാവശ്യമായ സേവനങ്ങളെ ഉപഭോക്താക്കളുടെ ബജറ്റിനനുസരിച്ച് പരസ്പരം ബന്ധിപ്പിക്കുകയാണ് മുംബൈ സ്വദേശിനിയായ മിന്നത് ലാല്‍പുരിയയുടെ ഈ വേറിട്ട സംരംഭം

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് പൊതുവെയുള്ള പറച്ചില്‍. എന്നാല്‍ മിന്നത് ലാല്‍പുരിയ എന്ന യുവ സംരംഭക നടത്തുന്ന വിവാഹങ്ങളെല്ലാം ഭൂമിയിലാണ്, മനസിന് ഇണങ്ങുംവിധം സ്വര്‍ഗീയ അനുഭവമാക്കുന്നുവെന്നു മാത്രം. 2012ല്‍ ആരംഭിച്ച 7വചന്‍ എന്ന വിവാഹ കണ്‍സള്‍ട്ടന്‍സി സംരംഭത്തിലൂടെ കോടികളുടെ വിറ്റുവരവുള്ള കമ്പനിയുടെ തലപ്പത്താണ് മിന്നത്ത് ഇന്ന് വിരാജിക്കുന്നത്.

വിവാഹം ഒരു വ്യക്തിയെ സംബന്ധിച്ച് പ്രാധാന്യമേറിയ വിഷയം തന്നെ. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിവാഹത്തിന് മഹത്തായ പ്രാധാന്യവും കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ബോളിവുഡ് ശൈലിയിലുള്ള വര്‍ണശബളമായ വിവാഹ ആഘോഷങ്ങള്‍ മുതല്‍ വൃക്തിപരമായ ചടങ്ങുകളില്‍ സാധാരണക്കാര്‍പോലും ഇന്ന് പണം ചെലവാക്കി കൊഴുപ്പുകൂട്ടാന്‍ തയാറായിരിക്കുകയാണ്. വിവാഹത്തിന്റെ കാര്യത്തില്‍ പലരും പിശുക്ക് കാട്ടാറില്ല എന്നതാണ് വസ്തുത. പണം എത്ര വേണമെങ്കിലും ചെലവഴിക്കാന്‍ ആളുകള്‍ തയാറാകുമ്പോള്‍ ശരിയായ പ്ലാനിംഗ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതും അനിവാര്യമാണ്. വിവാഹ സംബന്ധമായ എല്ലാ കാര്യങ്ങളും അതിന്റേതായ രീതിയില്‍ കൃത്യസമയത്ത് ലഭ്യമാകുകയും ഒരു ചടങ്ങിലും കുറവുകള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുക എന്നതാണ് പ്രാധാനം. ഷോപ്പിംഗ് മുതല്‍ കാറ്ററിംഗ് വരെയും അലങ്കാരങ്ങള്‍, ഫോട്ടോഗ്രാഫി, മേക്കപ്പ്, ഹോട്ടല്‍ ബുക്കിംഗ്, ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്നിങ്ങനെ നിരവധി തയാറെടുപ്പുകളിലെ ടെന്‍ഷന്‍ കുറയ്ക്കാനാണ് മിന്നത്തിന്റെ 7വചന്‍ എന്ന സംരംഭം പിന്തുണ നല്‍കുന്നത്. വിവാഹത്തിന്റെ തെരെഞ്ഞെടുപ്പുകളിലെ ആകുലതകള്‍ക്ക് പരിഹാരം കാണുന്ന ഒരു വണ്‍ സ്റ്റോപ് സൊലൂഷന്‍ കണ്‍സള്‍ട്ടന്‍സിയാണ് 7വചന്‍.

വിവാഹാവശ്യങ്ങള്‍ക്ക് വ്യക്തമായ പ്ലാനിംഗ്

നാം സ്വപ്‌നം കാണുന്ന രീതിയില്‍ വിവാഹം നടത്തുന്നതിന് മികച്ച തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സഹായിക്കുന്ന കണ്‍സള്‍ട്ടന്‍സിയാണ് 7വചന്‍. വിവാഹ പങ്കാളികളെ കണ്ടെത്താനോ വിവാഹം നടത്തിക്കൊടുക്കുകയോ ചെയ്യുന്ന പ്ലാറ്റ്‌ഫോമല്ല ഇത്, മറിച്ച് വിവാഹവുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളെയും ഒരു കുടക്കീഴിലാക്കി ഉപഭോക്താക്കള്‍ക്ക് മികച്ച തെരഞ്ഞെടുക്കല്‍ നടത്താന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോം ആണ്.
വിവാഹം എവിടെവെച്ച് നടത്തണം, മികച്ച ഫോട്ടോ-വീഡിയോഗ്രാഫര്‍മാര്‍, കാറ്ററിംഗ്, മികച്ച ജൂവല്‍റി, മേക്കപ്പ്, മറ്റ് അലങ്കാരവസ്തുക്കള്‍ എന്നിവയിലെല്ലാം മികച്ച തെരഞ്ഞെടുക്കലുകള്‍ ഇവിടെ ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഓരോ സേവനങ്ങള്‍ക്കും മൂന്നോ നാലോ ഓപ്ഷനുകള്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്താണ് ഇവരുടെ പ്രവര്‍ത്തനം. നിരവധി ബ്രാന്‍ഡുകളുമായി 7വചന്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ അവിടങ്ങളിലൊക്കെയും ഉപഭോക്താക്കള്‍ക്ക് വിലയില്‍ ഡിസ്‌കൗണ്ടും ലഭിക്കും. വിവാഹസംബന്ധമായ സേവനങ്ങളുമായി ബന്ധപ്പെട്ട് 7വചനുമായി ചേര്‍ന്നു നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഉപഭോക്താക്കളുടെ ബജറ്റിന് അനുസൃതമായി മികച്ച ആളുകളെ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ആളുകള്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള സേവനങ്ങള്‍ കണ്ടെത്താനും ഇത് വഴിയൊരുക്കുന്നു. ഓരോ സേവനങ്ങള്‍ക്കും രണ്ട് ശതമാനം കമ്മീഷന്‍ മാത്രമാണ് ഇവര്‍ ഈടാക്കുന്നത്.

ഷോപ്പിംഗ് മുതല്‍ കാറ്ററിംഗ് വരെയും അലങ്കാരങ്ങള്‍, ഫോട്ടോഗ്രാഫി, മേക്കപ്പ്, ഹോട്ടല്‍ ബുക്കിംഗ്, ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്നിങ്ങനെ നിരവധി തയാറെടുപ്പുകളിലെ ടെന്‍ഷന്‍ കുറയ്ക്കാനാണ് മിന്നത്തിന്റെ 7വചന്‍ എന്ന സംരംഭം പിന്തുണ നല്‍കുന്നത്. വിവാഹത്തിന്റെ തെരെഞ്ഞെടുപ്പുകളിലെ ആകുലതകള്‍ക്ക് പരിഹാരം കാണുന്ന ഒരു വണ്‍ സ്റ്റോപ് സൊലൂഷന്‍ കണ്‍സള്‍ട്ടന്‍സിയാണ് 7വചന്‍

”സംരംഭം തുടങ്ങിയപ്പോള്‍ മേഖലയില്‍ സമാന ആശയത്തിലുള്ള കമ്പനികള്‍ ഒന്നു തന്നെ ഉണ്ടായിരുന്നില്ല. തികച്ചും പുതിയ ആശയമായിരുന്നു അത്. പിന്നീട് 20ഓളം കമ്പനികള്‍ ഈ ആശയം പിന്തുടര്‍ന്നു രംഗത്തേക്ക് കടന്നുവന്നെങ്കിലും പതിനഞ്ച് സംരംഭങ്ങള്‍ ഇപ്പോള്‍ നിലവിലില്ല”, മിന്നത് പറയുന്നു. തുടക്കത്തില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിവാഹത്തിനാവശ്യമായ സേവനങ്ങള്‍ ഏറ്റെടുത്തതോടെ 7 വചന്‍ വിവാഹ വിപണിയില്‍ ശ്രദ്ധ നേടുകയായിരുന്നു. വീട് എന്ന സ്വപ്‌നം സഫലമാക്കാന്‍ ആളുകള്‍ എത്ര വേണമെങ്കിലും പണം മുടക്കും. വീട് കഴിഞ്ഞാല്‍ വിവാഹത്തിനാണ് ചെലവുകളില്‍ രണ്ടാം സ്ഥാനം. തങ്ങളുടെ പണത്തിന് ശരിയായ മൂല്യം ലഭ്യമാക്കുന്ന സേവനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും വിപണിയില്‍ സ്ഥിരമായ നിലനില്‍പ്പുണ്ടാകും. ഇത്തരം സേവനങ്ങള്‍ നല്‍കാനാണ് ഞങ്ങളുടെ ശ്രമം- മിന്നത് പറയുന്നു.

ബിസിനസ് പഠിച്ച് ബിസിനസിലേക്ക്

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ തുടക്കം എന്‍ജിനീയറിംഗ് മേഖലയിലായിരുന്നെങ്കിലും മിന്നത് തന്റെ അഭിരുചി ബിസിനസിലാണെന്ന് അധികം വൈകാതെ തന്നെ മനസിലാക്കി. എസ്പി എന്‍ജിനീയറിംഗ് കോളെജിലെ പഠനത്തിനുശേഷം ടിസിഎസില്‍ ആറ് മാസം ജോലിചെയ്ത മിന്നത് പിന്നീട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് ചേക്കേറി. അവിടെ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയത്തിനുശേഷമാണ് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎയ്ക്ക് ചേരുന്നത്. എംബിഎ പഠനത്തോടെ സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നത്തിലേക്കെത്തിയ മിന്നത്തിന് അതിനുവേണ്ട ബിസിനസ് ആശയത്തിന് ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ല. ബിസിനസില്‍ ഏറ്റവുമധികം പ്രചോദനമായത് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ അച്ഛന്റെ വഴികള്‍ തന്നെയാണെന്നും മിന്നത് പറയുന്നു. ഇതിനൊപ്പം കുടുംബത്തിന്റെ പിന്തുണ കൂടിയായപ്പോള്‍ 7വചന്‍ എന്ന വിവാഹ കണ്‍സള്‍ട്ടന്‍സിക്കു തുടക്കമാകുകയായിരുന്നു.

ഇന്ത്യയില്‍ വര്‍ഷാവര്‍ഷം 10 ദശലക്ഷത്തില്‍ കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. മേഖലയിലെ വളര്‍ച്ച ഏകദേശം 25-30 ശതമാനത്തിനിടയ്ക്കാണെന്നും അനുമാനിക്കപ്പെടുന്നു. വിവാഹ വിപണിയിലെ ഈ വളര്‍ച്ച തന്നെയാണ് മിന്നത്തിനെ ഈ ബിസിനസ് ആശയത്തില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആത്മവിശ്വാസം നല്‍കിയത്. മികച്ച സേവനങ്ങള്‍ ബജറ്റിന് അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാക്കിയാല്‍ ആളുകള്‍ക്ക് സൗകര്യപ്രദമാകുമെന്നും മിന്നത് കണക്കുകൂട്ടി.

പ്രതിവര്‍ഷം 3500 വിവാഹങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുന്ന കമ്പനിക്ക് 6500 ഹോട്ടലുകളുമായി പങ്കാളിത്തമുണ്ട്. ഒരു ജോലിക്കാരിയുമായി തുടക്കമിട്ട കമ്പനിയില്‍ ഇന്ന് ജോലിക്കാരുടെ എണ്ണം 12 ആയിരിക്കുന്നു

തുടക്കം മുതല്‍ നേട്ടത്തിന്റെ നെറുകയില്‍

മുംബൈ ആസ്ഥാനമായി 6 വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനി അതേ വര്‍ഷം തന്നെ 300 വിവാഹങ്ങള്‍ക്കാണ് തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തത്തില്‍ 10000 ല്‍ പരം വിവാഹങ്ങള്‍ക്ക് 7വചന്‍ സേവനങ്ങള്‍ നല്‍കിയിരിക്കുന്നു. പ്രതിവര്‍ഷം 3500 വിവാഹങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുന്ന കമ്പനിക്ക് 6500 ഹോട്ടലുകളുമായി പങ്കാളിത്തമുണ്ട്. ഒരു ജോലിക്കാരിയുമായി തുടക്കമിട്ട കമ്പനിയില്‍ ഇന്ന് ജോലിക്കാരുടെ എണ്ണം 12 ആയിരിക്കുന്നു. 2012ല്‍ 2 ലക്ഷം രൂപ നിക്ഷേപത്തിലാണ് മിന്നത് കമ്പനി ആരംഭിക്കുന്നത്. സ്വന്തം സഹോദരിയില്‍ നിന്നും 2 ലക്ഷം രൂപ കടം വാങ്ങിയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണത്തിനും മറ്റു മാര്‍ക്കറ്റിംഗിനും ചെലവ് കണ്ടെത്തിയത്. കഠിന പരിശ്രമത്താല്‍ ആദ്യവര്‍ഷം തന്നെ കമ്പനിയുടെ ടേണോവര്‍ 50 ലക്ഷത്തില്‍ എത്തിക്കാന്‍ ഈ യുവസംരംഭകയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ന് മിന്നത്തിന്റെ 7വചന്‍ കമ്പനിയുടെ ടേണോവര്‍ പ്രതിവര്‍ഷം 10 മുതല്‍ 12 കോടി രൂപ വരെയാണ്. ഇത് അധികം വൈകാതെ 18-20 കോടിയിലെത്തുമെന്നണ് ഈ യുവസംരംഭകയുടെ പ്രതീക്ഷ.

ഒരു വിവാഹം നടത്തുമ്പോള്‍ പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ ഏറെയാണ്. സാമൂഹ്യപരമായും സാമ്പത്തികപരമായും വികാരപരമായും ടെന്‍ഷനടിക്കുന്നവര്‍ക്ക് അവരുടെ ബജറ്റിന് അനുസരിച്ചുള്ള സേവനം ലഭ്യമാക്കുകയാണ് വേണ്ടത്. മൂന്നു ലക്ഷം മുതല്‍ 30 കോടി വരെ മുടക്കാന്‍ തയാറായ ഉപഭോക്താക്കള്‍ ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തെരഞ്ഞെടുക്കലുകളും കൂടും. മികച്ച സേവനം ലഭ്യമാക്കുന്നതിലാണ് സംരംഭത്തിന്റെ ശരിയായ വിജയം- മിന്നത് പറയുന്നു. 5 വര്‍ഷത്തിനുള്ളില്‍ മൂന്ന് റൗണ്ടുകളിലായി നിക്ഷേപസമാഹരണവും കമ്പനി നടത്തിയിരുന്നു.

സംരംഭക യാത്രയിലെ മികച്ച പാഠങ്ങള്‍

സ്വന്തം ആശയത്തില്‍ വിശ്വാസം ഉണ്ടാകുക എന്നതാണ് ബിസിനസിലെ ഏറ്റവും വലിയ പാഠമെന്നാണ് മിന്നത്തിന്റെ അഭിപ്രായം. നമ്മുടെ ആശയത്തില്‍ വിശ്വാസമില്ലെങ്കില്‍ സംരംഭം വിജയകരമാകില്ല. നല്ല കഴിവും അധ്വാനശേഷിയുമുള്ള ജോലിക്കാരെ ലഭിക്കുക എന്നതും പ്രധാനമാണ്. പ്രത്യേകിച്ചും ഒരു പുതിയ സംരംഭം തുടങ്ങുമ്പോള്‍ മേഖലയോട് അഭിരുചിയുള്ള ജോലിക്കാരെ ലഭിക്കേണ്ടിയിരിക്കുന്നു. സേവനങ്ങളിലുള്ള സത്യസന്ധതയും സുതാര്യതയും വിശ്വാസവുമാണ് ഉപഭോക്താക്കളെ ഒരു സംരംഭത്തിലേക്ക് ആകൃഷ്ടരാക്കുന്നത്- മിന്നത് പറയുന്നു. കസ്റ്റമര്‍ സര്‍വീസിലെ സൗഹാര്‍ദപരമായ സമീപനമാണ് ഏതു സംരംഭത്തെയും മികച്ചതാക്കുന്നത്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും സംശയനിവാരണം നടത്താനും കഴിഞ്ഞാല്‍ ഉപഭോക്തൃശൃംഖല വികസിപ്പിക്കാനാകുമെന്ന് മിന്നത് ചൂണ്ടിക്കാണിക്കുന്നു.

Comments

comments