ഡിസംബറില്‍ ആക്‌സിസ് ബാങ്കിന്റെ തലപ്പത്ത് നിന്നും ശിഖ ശര്‍മ പടിയിറങ്ങും

ഡിസംബറില്‍ ആക്‌സിസ് ബാങ്കിന്റെ തലപ്പത്ത് നിന്നും ശിഖ ശര്‍മ പടിയിറങ്ങും

2017 ഡിസംബര്‍ അവസാനത്തില്‍ 1,173 കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്

മുംബൈ: ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശിഖ ശര്‍മ ഡിസംബര്‍ 31ന് സ്ഥാനമൊഴിയും. ഈ വര്‍ഷം ജൂണ്‍ 21ന് കാലാവധി തീരാനിരിക്കെ കഴിഞ്ഞ വര്‍ഷം നാലാം വട്ടവും ശിഖ ശര്‍മയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കിയിരുന്നു. ഇത് 2018 ഡിസംബര്‍ 31 വരെയാക്കി ചുരുക്കുന്ന കാര്യം ബാങ്ക് പരിഗണിക്കണമെന്ന് ശിഖ ശര്‍മ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ ഉന്നതതല സമിതി ഇത് അംഗീകരിച്ചതായാണ് വിവരം.

കഴിഞ്ഞ വര്‍ഷം കാലാവധി നീട്ടി നല്‍കിയതനുസരിച്ച് യഥാര്‍ത്ഥത്തില്‍ 2021 ജൂണ്‍ വരെയാണ് ശിഖ ശര്‍മ ബാങ്കിന്റെ തലപ്പത്ത് തുടരേണ്ടിയിരുന്നത്. എന്നാല്‍, ശിഖ ശര്‍മയ്ക്ക് കാലാവധീ നീട്ടി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് ഈ മാസം ആദ്യം കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ബാങ്ക് സിഇഒമാരുടെ നിയമനത്തില്‍ സൂക്ഷ്മ പരിശോധന വേണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാലാവധി വെട്ടിച്ചുരുക്കണമെന്ന അപേക്ഷ ശിഖ ശര്‍മ നല്‍കിയത്. ഇക്കാര്യം ആക്‌സിസ് ബാങ്ക് ഡയറക്റ്റര്‍ ബോര്‍ഡ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ എഴുതിയറിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെയുള്ള സമയത്തിനുള്ളില്‍ ശിഖ ശര്‍മയുടെ പിന്‍ഗാമിയെ കണ്ടെത്താനായിരിക്കും ബാങ്കിന്റെ ശ്രമം.

2009 ജൂണിലാണ് ആക്‌സിസ് എംഡിയും സിഇഒയുമായി ശിഖ ശര്‍മ സ്ഥാനമേറ്റത്. മൂന്ന് പതിറ്റാണ്ടുകാലത്തോളം ഐസിഐസിഐ ഗ്രൂപ്പില്‍ ബാങ്കിംഗ്, ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ സേവനമനുഷ്ടിച്ചാണ് ശര്‍മ ആക്‌സിസിലെത്തുന്നത്. ഓഹരി വിപണിയില്‍ മികച്ച പ്രകടനം നടത്തുന്ന കമ്പനികളിലൊന്നായി ആക്‌സിസിനെ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ശിഖ ശര്‍മയ്ക്ക് സാധിച്ചിട്ടുണ്ട്. ബാങ്കിംഗ് വിപണിയിലെ ട്രെന്‍ഡിനനുസരിച്ച് റോഡ്, വൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍ പ്രൊജക്റ്റ് തുടങ്ങിയ ഒട്ടനവധി അടിസ്ഥാനസൗകര്യ പദ്ധതികളില്‍ വായ്പാ സഹായം നല്‍കാനും ഇതിലൂടെ ഓഹരി വിപണിയില്‍ ബാങ്കിന്റെ മൂല്യമുയര്‍ത്താനും ശിഖ ശര്‍മയുടെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്.

അതേസമയം, മറ്റ് ബാങ്കുകളെ പോലെ തന്നെ ആക്‌സിസിനെയും നിഷ്‌ക്രിയാസ്തി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പ്രതിസന്ധിയിലേക്ക് നയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കിന്റെ എന്‍പിഎയില്‍ 300 ശതമാനം വര്‍ധനയാണുണ്ടായത്. 2017 ഡിസംബര്‍ അവസാനത്തില്‍ 1,173 കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്.

Comments

comments

Categories: Banking