ഫ്രഷ്‌മെനു ഏറ്റെടുക്കാനൊരുങ്ങി ഒല

ഫ്രഷ്‌മെനു ഏറ്റെടുക്കാനൊരുങ്ങി ഒല

ഫ്‌ളിപ്പ്കാര്‍ട്ടിനെ മാതൃകയിലാക്കി ഓണ്‍ലൈന്‍ റീട്ടെയ്‌ലിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ശ്രമം

ബെംഗളൂരു: ആപ്പ് അധിഷ്ഠിത കാബ് സര്‍വീസ് കമ്പനിയായ ഒല, ഭക്ഷ്യവിതരണ രംഗത്തെ മുന്‍നിര ആപ്ലിക്കേഷനായ ഫൂഡ്പാണ്ട ഏറ്റെടുത്തതിനു പിന്നാലെ ഫ്രഷ്‌മെനു ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ഒല ഫ്രഷ്‌മെനുവുമായി ചര്‍ച്ച നടത്തിയതായാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതുവരെ കമ്പനികള്‍ തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും ഇവര്‍ അറിയിച്ചു.

സ്വകാര്യ ലേബലിലുള്ള ഫൂഡ് സംരംഭങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സ്വതന്ത്ര ഫൂഡ് ടെക്‌നോളജി കമ്പനി സൃഷ്ടിക്കാനുള്ള സാധ്യതകളാണ് ഒല തേടുന്നത്. ഇതിലൂടെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സംരംഭമായ ഫ്‌ളിപ്പ്കാര്‍ട്ട്‌ ലിമിറ്റഡിന്റെ മാതൃകയിലുള്ള ഒരു ഗ്രൂപ്പ് കമ്പനി സൃഷ്ടിക്കാനാണ് ഒല ലക്ഷ്യമിടുന്നത്. ഒലയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ കഴിയുന്ന സ്വതന്ത്ര ആസ്തികള്‍ സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ പരിഗണിക്കുന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നുു. ഈ ഉദ്യമത്തില്‍ മിന്ദ്ര, ജബോംഗ്, ഫോണ്‍ പേ തുടങ്ങിയ സംരംഭങ്ങളുടെ ഉടമയായ ഫഌപ്കാര്‍ട്ടാണ് ഒലയുടെ പ്രചോദനം. അനുബന്ധ കമ്പനികള്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ നിക്ഷേപകര്‍ക്കിടിയില്‍ കൂടുതല്‍ ആകര്‍ഷകമാക്കിയതായും ഒല നിരീക്ഷിക്കുന്നു.

ഈ വര്‍ഷം അവസാനത്തോടെ ഫൂഡ്പാണ്ടയ്ക്കായി നിക്ഷേപം സ്വരൂപിക്കാനും ഒല പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഒല ഫൂഡ്പാണ്ടയെ ഏറ്റെടുക്കുന്നത്. പൂര്‍ണമായും ഓഹരി വഴിയായിരുന്നു ഏറ്റെടുക്കല്‍. ഫൂഡ്പാണ്ടയുടെ ബിസിനസ് വിപുലീകരിക്കുന്നതിനായി 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഒല വാഗ്ദാനം ചെയ്തിട്ടുണ്ട്. കാബ് ബിസിനസിനും ഫൂഡ്പാണ്ടയ്ക്കും പുറമെ ‘ഒല മണി’ എന്ന പേരില്‍ പേമെന്റ് ബിസിനസും ഒലയ്ക്കുണ്ട്. ഈ രംഗത്തും ഒല ഏറ്റെടുക്കല്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് പൊതുഗതാഗത ആപ്ലിക്കേഷനായ റിഡ്‌ലര്‍നെ ഒല മണി സ്വന്തമാക്കിയത്. കരാര്‍ മൂല്യം പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ആറ് മാസത്തിനിടെ വലിയരീതിയില്‍ നിക്ഷേപകരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ഒണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ രംഗത്തെ മുന്‍നിര കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും കൂടുതല്‍ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസം മുന്‍പാണ് ഈ കമ്പനികള്‍ ഒരു നിക്ഷേപസമാഹരണം നടത്തിയത്. ഫൂഡ് ഡെലിവെറി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകരുടെ തിരക്ക് വര്‍ധിക്കുന്നുവെന്നതിന്റെ സൂചനയാണിത്. ഭക്ഷ്യ വിതരണ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നതിനായി ഒലയും കമ്പനിയുടെ മുഖ്യ എതിരാളിയായ യുബറും കോടികണക്കിന് രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

Comments

comments

Categories: Business & Economy