മഹീന്ദ്ര ജെന്‍സെ ഇന്ത്യയില്‍ പരീക്ഷിക്കുന്നു

മഹീന്ദ്ര ജെന്‍സെ ഇന്ത്യയില്‍ പരീക്ഷിക്കുന്നു

ഒരു സീറ്റും പിറകില്‍ ലോഡിംഗ് ബേയുമുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ജെന്‍സെ

ന്യൂഡെല്‍ഹി : മഹീന്ദ്ര ജെന്‍സെ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തി. ഒരു സീറ്റും പിറകില്‍ ലോഡിംഗ് ബേയുമുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ജെന്‍സെ. ജനറേഷന്‍ സീറോ എമിഷന്‍സ് എന്നതിന്റെ ചുരുക്കരൂപം. പരീക്ഷണ ഓട്ടം നടത്തുന്നുണ്ടെങ്കിലും ജെന്‍സെ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ സമീപ ഭാവിയില്‍ അവതരിപ്പിക്കാനുള്ള സാധ്യത കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉയര്‍ന്ന വിലയാണ് പ്രധാന തടസ്സമായി ഉന്നയിക്കുന്നത്.

അലുമിനിയം മോണോകോക്ക് ഫ്രെയിമിലാണ് മഹീന്ദ്ര ജെന്‍സെ നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട് കണക്റ്റിവിറ്റി ഓപ്ഷനുകള്‍, കളര്‍ സ്‌ക്രീന്‍, ജിപിഎസ് ട്രാക്കിംഗ്, റൈഡിംഗ് മോഡുകള്‍ എന്നിവ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചറുകളാണ്. മുന്നിലെ വലിയ ചക്രം വ്യത്യസ്തമായ ലുക്കാണ് സമ്മാനിക്കുന്നത്. ഉയര്‍ന്ന ഹാന്‍ഡില്‍ബാറുകളും വലിയ സീറ്റും റൈഡിംഗ് എളുപ്പമാക്കുന്നു. രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. പിറകിലെ പാസഞ്ചര്‍ സീറ്റിന്റെ സ്ഥാനത്ത് ലോഡിംഗ് ബേ കാണാം. ഓരോരുത്തരുടെയും ആവശ്യാനുസരണം ലോഡിംഗ് ബേ കസ്റ്റമൈസ് ചെയ്തു വാങ്ങാന്‍ കഴിയും.

2 കിലോവാട്ട്അവര്‍ ലിഥിയം അയണ്‍ ബാറ്ററിയും 48 വോള്‍ട്ട് ഇലക്ട്രിക് മോട്ടോറുമാണ് ജെന്‍സെ ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്തേകുന്നത്. മോട്ടോര്‍ നല്‍കുന്ന കരുത്ത് 2 ബിഎച്ച്പി മാത്രമാണെങ്കിലും പരമാവധി ടോര്‍ക്ക് 100 ന്യൂട്ടണ്‍ മീറ്ററാണ്. ഒരു തവണ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 48 കിലോമീറ്റര്‍ സഞ്ചരിക്കാം. എന്നാല്‍ ഇപ്പോള്‍ റേഞ്ച് 56 കിലോമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്.

യാത്ര ആവശ്യങ്ങളേക്കാള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് (ഫുഡ്, പാഴ്‌സല്‍ ഡെലിവറി) ഉപയോഗിക്കാന്‍ കഴിയും

മണിക്കൂറില്‍ 48 കിലോമീറ്ററാണ് യുഎസ്സില്‍ ടോപ് സ്പീഡ്. എന്നാല്‍ യുഎസ്സില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വേഗ നിയന്ത്രണം അനിവാര്യമാണ്. വേഗപ്പൂട്ട് എടുത്തുമാറ്റിയശേഷമായിരിക്കും ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തിവരുന്നത്. യാത്ര ആവശ്യങ്ങളേക്കാള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് (ഫുഡ്, പാഴ്‌സല്‍ ഡെലിവറി) ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് മഹീന്ദ്ര ജെന്‍സെ.

Comments

comments

Categories: Auto