ഹര്‍ത്താലുകളുടെ കേരളം

ഹര്‍ത്താലുകളുടെ കേരളം

ഏപ്രില്‍ രണ്ടിന് ഭാരത് ബന്ദ്. ഏപ്രില്‍ 9ന് ദളിത് ഹര്‍ത്താല്‍. നമ്മുടെ യാത്ര എന്തായാലും പുരോഗതിയിലേക്ക് അല്ലെന്ന് അിടവരയിടുകയാണ് ആവര്‍ത്തിച്ചുണ്ടാകുന്ന ഈ അപ്രസക്ത സമരമുറ

ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് വിജയിപ്പിക്കുന്നതില്‍ നമ്മുടെ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടാണ്. അതില്‍ സംശയമൊന്നുമില്ല. എട്ട് ദിവസത്തിനിട ഒരു നാട്ടില്‍ രണ്ട് ഹര്‍ത്താലുകള്‍ നടക്കുമ്പോഴും പുരോഗമന ജനതയെന്നും സാക്ഷര കേരളമെന്നും എല്ലാം പറഞ്ഞ് നാം മേനിനടിക്കുന്നു. സാധാരണക്കാരന്റെ സൈ്വര ജീവിതത്തിന് മേലുള്ള കടന്നുകയറ്റവും മനുഷ്യാവകാശ ലംഘനവുമാണ് ഈ ഹര്‍ത്താലുകള്‍ എന്നത് പകല്‍ പോലെ ബോധ്യമായിട്ടും മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും മൊത്തക്കച്ചവടക്കാര്‍ എന്ന് മേനി നടിക്കുന്നവര്‍ക്കൊന്നും മിണ്ടാട്ടം പോലുമില്ല.

ജനാധിപത്യത്തിന് മേലും വ്യക്തിസ്വാതന്ത്ര്യത്തിനു മേലും പൗരന്റെ മൗലിക അവകാശങ്ങള്‍ക്കു മേലുമെല്ലാമുള്ള കടന്നുകയറ്റമാണ് ഈ സമരങ്ങള്‍. എന്താണ് ഈ ഹര്‍ത്താലുകള്‍ കൊണ്ട് നേടുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്ന ഹര്‍ത്താലായാലും ശരി, അതിന് പ്രായോഗികമായ ഒരു ഗുണവുമുണ്ടാകുന്നില്ല. ജനങ്ങളുടെ സാധാരണ ജീവിതത്തില്‍ താളപ്പിഴകളുണ്ടാകുക എന്നല്ലാതെ അതിനപ്പുറത്തേക്ക് ഒന്നും സംഭവിക്കുന്നില്ല.

കേരളം പോലെ വളര്‍ന്നുവരുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാസ്യമല്ല ഹര്‍ത്താലുകളുടെ പേര് പറഞ്ഞുള്ള പ്രഹസനങ്ങള്‍. ടൂറിസം പ്രധാനവരുമാനസ്രോതസ്സുകളിലൊന്നായ കേരളത്തില്‍ ഇത്തരത്തിലുണ്ടാകുന്ന അപ്രതീക്ഷിത ഹര്‍ത്താല്‍ ബുദ്ധിമുട്ടുകള്‍ സഞ്ചാരികളെ ഇവിടെ നിന്നും അകറ്റുക മാത്രമേ ചെയ്യൂ.

കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പണിമുടക്കുകളും ഹര്‍ത്താലുകളും മികച്ച വരുമാനം നേടുന്ന ടൂറിസം വ്യവസായത്തിന് വലിയ തടസ്സമായി മാറുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഓരോ ഹര്‍ത്താല്‍ ദിനത്തിലും എയര്‍പോര്‍ട്ടിലും റെയ്ല്‍വേ സ്‌റ്റേഷനുകളിലും എല്ലാമായി കുടുങ്ങിക്കിടക്കുന്നത്. ഇത് അനുഭവിക്കുന്ന വിദേശികള്‍ക്ക് ഈ നാടിനെ പറ്റിയുള്ള പ്രതിച്ഛായ കൂടിയാണ് നഷ്ടമാകുന്നത്. കേരള ടൂറിസത്തിന്റെ ആഗോള മാര്‍ക്കറ്റിനെ വരെ ബാധിക്കാന്‍ ഇത്തരം തുടര്‍ച്ചായയുള്ള പണിമുടക്കുകള്‍ക്ക് സാധിക്കും. ദൈവത്തിന്റെ സ്ന്തം നാട് എന്നത് കേവലം ബ്രാന്‍ഡിംഗ് ടാഗ്‌ലൈന്‍ മാത്രമാണെന്ന് ലോകം കളിയാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുണ്ട്.

സാമ്പത്തികപരമായും രാഷ്ട്രീയപരമായും സാമൂഹ്യപരമായും ഒന്നും ഇതിന് യാതൊരുവിധ നീതീകരണവുമില്ല. ഇത്തരത്തില്‍ ഹര്‍ത്താല്‍ ഉല്‍സവങ്ങള്‍ ഉണ്ടാക്കിയെടുത്തതിന് കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വ്യക്തമായ പങ്കുണ്ട്. നിരുത്തരവാദപരമായ ഈ സമീപനം വെച്ചു പുലര്‍ത്തുന്ന നാട്ടില്‍ ഏത് തരത്തിലുള്ള വികസനമാണ്, പുരോഗതിയാണ് നടപ്പാകുക എന്നത് കാര്യഗൗരവത്തോടെ ഭരിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്. എട്ട് ദിവസത്തിനിടെ രണ്ട് ഹര്‍ത്താലുകള്‍ എന്ന തീവ്രത സഹിക്കേണ്ട അവസ്ഥ ഈ നാട്ടുകാര്‍ക്കുണ്ടോയെന്ന് ഓരോരുത്തരും ചിന്തിക്കണം. നഗ്നമായി പൗരന്റെ അവകാശങ്ങള്‍ ഇവിടെ ലംഘിക്കപ്പെടുകയും അത് ഓരോ രാഷ്ട്രീയപാര്‍ട്ടിയുടെയും ശക്തിയുടെ അടയാളമായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന പിന്തിരിപ്പന്‍ സംസ്‌കാരത്തിലാണ് ഇപ്പോഴും നമ്മള്‍ കിടന്ന് നട്ടം തിരിയുന്നത്.

Comments

comments

Categories: Editorial, Slider