സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചത് 835 കോടി

സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചത് 835 കോടി

സ്വര്‍ണ ഫണ്ടുകളുടെ ആസ്തി അടിത്തറ 4,806 കോടി രൂപയായി താഴ്ന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണ ഇടിഎഫു(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍)കളിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്ന പ്രവണത തുടരുകയാണ്. 2017-18ല്‍ 835 കോടി രൂപയാണ് സ്വര്‍ണ ഇടിഎഫില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. തുടര്‍ച്ചയായ അഞ്ചാം സാമ്പത്തിക വര്‍ഷമാണ് സ്വര്‍ണ ഇടിഎഫില്‍ നിന്ന് പണം പുറത്തേക്ക് പ്രവഹിക്കുന്നത്. ഈ പിന്മാറ്റം മൂലം സ്വര്‍ണ ഫണ്ടുകളുടെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12ശതമാനം കുറഞ്ഞുവെന്ന് അസോസിയേഷന്‍ ഓഫ് മ്യൂചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) യുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

‘ഫെബ്രുവരി 2013 മുതലുള്ള കാലയളവില്‍ രണ്ട് മാസം ഒഴികെയുള്ള എല്ലാ മാസങ്ങളിലും സ്വര്‍ണ ഇടിഎഫുകളില്‍ അറ്റ നെഗറ്റിവ് ഒഴുക്കിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഇടിഎഫുകളിലേക്കുള്ള നിക്ഷേപത്തിന്റെ കാര്യത്തില്‍ 2012 വരെ സ്വര്‍ണ ഇടിഎഫുകളില്‍ ഒരു മാസം 100കാടിക്കു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥാനത്ത് ഇപ്പോഴത് ഏറെ ചുരുങ്ങുകയും ചില മാസങ്ങളില്‍ ഒട്ടുമില്ലാതാകുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര സ്വര്‍ണ നിക്ഷേപത്തില്‍ നിന്നുള്ള വാര്‍ഷിക വരുമാനം ഇപ്പോള്‍ സേവിംഗ്‌സ് ബാങ്ക് പലിശയേക്കാള്‍ കുറവാണ്’, മ്യൂചല്‍ ഫണ്ട് റിസര്‍ച്ച് സ്ഥാപനമായ ഫണ്ട്‌സ് ഇന്ത്യ ഡോട്ട് കോമിന്റെ മേധാവി വിദ്യ ബാല പറയുന്നു.

റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം പോലുള്ള പരമ്പരാഗത ആസ്തി വിഭാഗങ്ങളില്‍ നിന്നും ഇക്വിറ്റി പോലുള്ള സാമ്പത്തിക ആസ്തികളിലേക്ക് നിക്ഷേപകര്‍ ചുവടുമാറുകയാണ്. 2013-14 വര്‍ഷത്തില്‍ 2,293 കോടി രൂപയും, 2014-15 ല്‍ 1475 കോടി രൂപയും, 2015-16 വര്‍ഷത്തില്‍ 903 കോടി രൂപയും 2016-17 കാലയളവില്‍ 775 കോടി രൂപയുമാണ് സ്വര്‍ണ ഇടിഎഫില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. എന്നിരുന്നാലും 2012-13ല്‍ 1,414 കോടി രൂപയുടെ നിക്ഷേപം ഈ സെഗ്മെന്റിലേക്കെത്തിയിരുന്നു.

ഇക്വിറ്റി, ഇക്വിറ്റിയുമായി ബന്ധപ്പെട്ട സേവിംഗ്‌സ് പദ്ധതികള്‍ (ഇഎല്‍എസ്എസ്) എന്നിവയിലേക്കുള്ള നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.7 ലക്ഷം കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ ഫണ്ടുകളുടെ ആസ്തി അടിത്തറ 4,806 കോടി രൂപയായി താഴ്ന്നു. 2017 മാര്‍ച്ച് അവസാനത്തിലെ കണക്ക്പ്രകാരം ഇത് 5,480 കോടി രൂപയായിരുന്നു.

സ്വര്‍ണ വിലകളുടെ അടിസ്ഥാനത്തില്‍ കട്ടിപ്പൊന്നില്‍ നിക്ഷേപിക്കുന്ന നിഷ്‌ക്രിയ നിക്ഷേപ ഉപകരണങ്ങളാണ് സ്വര്‍ണ ഇടിഎഫുകള്‍. 2006-07 മുതല്‍ വിപണിയിലുള്ള മ്യൂചല്‍ ഫണ്ട് മേഖലയ്ക്ക് സ്വര്‍ണ-അധിഷ്ഠിതമായ 14 സ്‌കീമുകളാണുള്ളത്.

Comments

comments

Categories: Slider, Top Stories