ഹോണ്ട സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡിന്റെ വില കുറച്ചു

ഹോണ്ട സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡിന്റെ വില കുറച്ചു

2.54 ലക്ഷം രൂപ വരെ വില കുറഞ്ഞു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഹോണ്ട സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ് മോഡലുകളുടെ വില കുറച്ചു. രണ്ടര ലക്ഷം രൂപ വരെയാണ് വില കുറഞ്ഞത്. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇറക്കുമതി ചെയ്യുന്ന (സിബിയു) മോട്ടോര്‍സൈക്കിളുകളുടെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ 25 ശതമാനം കുറച്ചിരുന്നു. ഹോണ്ട സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡിന്റെ വില കുറയുന്നതിന് കാരണമിതാണ്. ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയുടെ ഫഌഗ്ഷിപ്പ് സൂപ്പര്‍ബൈക്കാണ് സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ്.

സിബിആര്‍1000ആര്‍ആര്‍ മോട്ടോര്‍സൈക്കിളിന്റെ വില 16.79 ലക്ഷം രൂപയില്‍നിന്ന് 14.78 ലക്ഷം രൂപയായും ഉയര്‍ന്ന വേരിയന്റായ സിബിആര്‍1000ആര്‍ആര്‍ എസ്പിയുടെ വില 21.22 ലക്ഷം രൂപയില്‍നിന്ന് 18.68 ലക്ഷം രൂപയായും കുറഞ്ഞു. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില. സിബിആര്‍1000ആര്‍ആറിന് 2.01 ലക്ഷം രൂപയും സിബിആര്‍1000ആര്‍ആര്‍ എസ്പിക്ക് 2.54 ലക്ഷം രൂപയുമാണ് കുറഞ്ഞത്.

റൈഡ്-ബൈ-വയര്‍, 9 സ്റ്റെപ്പ് ട്രാക്ഷന്‍ കണ്‍ട്രോള്‍, സെലക്റ്റബിള്‍ എന്‍ജിന്‍ ബ്രേക്കിംഗ്, ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപര്‍, ജൈറോസ്‌കോപിക് എബിഎസ് എന്നിവയാണ് സ്റ്റാന്‍ഡേഡ് ഫയര്‍ബ്ലേഡിന്റെ ഫീച്ചറുകള്‍. ഇവ കൂടാതെ ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍, ഓഹ്‌ലിന്‍സിന്റെ സെമി ആക്റ്റീവ് സസ്‌പെന്‍ഷന്‍ സംവിധാനം (മുന്നില്‍ 43 എംഎം നിക്‌സ്30 ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകള്‍, പിന്നില്‍ ടിടിഎക്‌സ്36 മോണോഷോക്ക്) എന്നിവ ഫയര്‍ബ്ലേഡ് എസ്പിയില്‍ അധിക ഫീച്ചറുകളാണ്. ഇരു മോഡലുകളുടെയും ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് ടിഎഫ്ടി (തിന്‍ ഫിലിം ട്രാന്‍സിസ്റ്റര്‍) സ്‌ക്രീന്‍ നല്‍കി.

ഇന്ത്യയില്‍ ഹോണ്ടയുടെ ന്യൂ-ജെന്‍ ഫയര്‍ബ്ലേഡ് കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. 999 സിസി, ഇന്‍-ലൈന്‍ 4 എന്‍ജിനാണ് രണ്ട് ബൈക്കുകളിലും നല്‍കിയിരിക്കുന്നത്. 13,000 ആര്‍പിഎമ്മില്‍ 192 ബിഎച്ച്പി കരുത്തും 11,000 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ഈ എന്‍ജിന് കഴിയും.

സിബിആര്‍1000ആര്‍ആറിന് 14.78 ലക്ഷം രൂപയും സിബിആര്‍1000ആര്‍ആര്‍ എസ്പിക്ക് 18.68 ലക്ഷം രൂപയുമാണ് പുതിയ വില

ബിഎംഡബ്ല്യു, ഡുകാറ്റി, സുസുകി, ഹാര്‍ലി ഡേവിഡ്‌സണ്‍, യമഹ, ഇന്ത്യന്‍ എന്നീ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ നേരത്തെ ചില മോഡലുകളുടെ വില കുറച്ചിരുന്നു.

Comments

comments

Categories: Auto