എച്ച്ഡിഎഫ്‌സി ഭവന വായ്പാ പലിശ നിരക്ക് ഉയര്‍ത്തി

എച്ച്ഡിഎഫ്‌സി ഭവന വായ്പാ പലിശ നിരക്ക് ഉയര്‍ത്തി

30 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകള്‍ക്ക് 5 ബേസിസ് പോയ്ന്റും പലിശ വര്‍ധിപ്പിച്ചു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് ഫിനാന്‍സ്യര്‍ ആയ എച്ച്ഡിഎഫ്‌സി (ഹൗസിംഗ് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പ്) അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തി. 2013 ഡിസംബറിനു ശേഷം ഇതാദ്യമായാണ് എച്ച്ഡിഎഫ്‌സി വായ്പാ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത്.

30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് 20 ബേസിസ് പോയ്ന്റ് വരെയാണ് പലിശ നിരക്ക് ഉയര്‍ത്തിയിട്ടുള്ളത്. 30 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകള്‍ക്ക് 5 ബേസിസ് പോയ്ന്റും പലിശ വര്‍ധിപ്പിച്ചതായി എച്ച്ഡിഎഫ്‌സി പ്രസ്താവനയിലൂടെ അറിയിച്ചു. 2013 ഡിസംബറില്‍ 16.75 ശതമാനത്തില്‍ നിന്നും 16.15 ശതമാനമായി അടിസ്ഥാന പലിശ നിരക്ക് കുറച്ചിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം നിലവിലിത് 16.35 ശതമാനം വരെ വര്‍ധിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

30 ലക്ഷം രൂപയ്ക്കും 75 ലക്ഷം രൂപയ്ക്കുമിടയിലുള്ള വായ്പ പലിശ നിരക്ക് 8.40 ശതമാനത്തില്‍ നിന്ന് 8.60 ശതമാനമായാണ് ഉയരുക. 75 ലക്ഷത്തിനുമുകളിലുള്ള വായ്പകളുടെ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.70 ശതമാനമായും വര്‍ധിക്കും. 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.40 ശതമാനത്തില്‍ നിന്ന് 8.45 ശതമാനമായും കൂടും. വായ്പയെടുക്കുന്ന സ്ത്രീകള്‍ക്ക് പലിശ നിരക്കില്‍ എച്ച്ഡിഎഫ്‌സി അഞ്ച് ശതമാനം കിഴിവ് നല്‍കുന്നുണ്ട്.

ഒക്‌റ്റോബര്‍ മുതല്‍ വായ്പാ ചെലവിലുണ്ടായ വര്‍ധനയാണ് പലിശ നിരക്ക് വര്‍ധനയില്‍ പ്രതിഫിലിച്ചതെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. 2017 ജൂലൈ മുതലുള്ള കാലയളവില്‍ പത്ത് വര്‍ഷ കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ട് നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം 10 ബേസിസ് പോയ്ന്റ് വര്‍ധിച്ചിട്ടുണ്ട്. ഫെബ്രുവരി-മാര്‍ച്ച് കാലളവില്‍ ബോണ്ട് നിക്ഷേപ നേട്ടത്തില്‍ കുറവുണ്ടായെങ്കിലും ഇപ്പോഴും ഉയര്‍ന്ന തലത്തിലാണെന്ന് എച്ച്ഡിഎഫ്‌സി പറയുന്നു.

Comments

comments

Categories: Banking