തിരക്കേറിയ വിമാനത്താവളങ്ങളുടെ  പട്ടികയില്‍ ഇടം നേടി ഡെല്‍ഹി

തിരക്കേറിയ വിമാനത്താവളങ്ങളുടെ  പട്ടികയില്‍ ഇടം നേടി ഡെല്‍ഹി

ഹാര്‍ട്‌സ്ഫീല്‍ഡ് – ജാക്‌സണ്‍ അറ്റ്‌ലാന്റാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വീണ്ടും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡെല്‍ഹി: ഡെല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആദ്യമായി ഇടം നേടി. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ റാങ്കിംഗില്‍ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തെ പിന്തള്ളിയാണ് കഴിഞ്ഞ വര്‍ഷം യാത്രാതിരക്കില്‍ ഡെല്‍ഹി 16 ാം സ്ഥാനത്തെത്തിയത്. തൊട്ടു മുമ്പത്തെ വര്‍ഷം 22 സ്ഥാനത്തായിരുന്നു ഡെല്‍ഹി വിമാനത്താവളം.

യാത്രക്കാരുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനവ് നേടിയ ഇന്ത്യയുടെ വ്യോമഗതാഗത മേഖല പട്ടികയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമഗതാഗത മേഖലയായി. ഈ വിഭാഗത്തില്‍ പത്ത് ശതമാനം വര്‍ധനയോടെ ചൈനയിലെ ഗുവാന്‍ഷു വിമാനത്താവളമാണ് പട്ടികയില്‍ രണ്ടാമത്. മുന്‍വര്‍ഷത്തില്‍ നിന്ന രണ്ട് സ്ഥാനം കയറിയ ചൈനീസ് വിമാനതാവളം ഇത്തവണത്തെ പട്ടികയില്‍ 13 -ാം സ്ഥാനത്താണ്.

ആഗോള വ്യോമയാനമേഖലയുടെ കേന്ദ്രം കിഴക്കന്‍ പ്രദേശങ്ങളിലേക്ക് മാറ്റപ്പെടുന്നതായിട്ടാണ് കാണുന്നത്. ജനസംഖ്യയില്‍ മുന്‍നിരയിലുള്ള ചൈനയും ഇന്ത്യയും തന്നെയാകും രണ്ടുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പ്രധാന വ്യോമഗതാഗത വിപണികളെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) അഭിപ്രായം. 2016 ഓടെ ഏഷ്യ പസഫിക് 3.5 ബില്യണ്‍ യാത്രക്കാരെ നേടുമെന്നും ഇത് വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവ സംയുക്തമായി നേടുന്ന യാത്രക്കാരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയായിരിക്കുമെന്നുമാണ് അയാട്ടയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കാനുള്ള ചൈനീസ് എയര്‍ലൈനുകളുടെ ശ്രമങ്ങള്‍ രണ്ടാംനിര മൂന്നാം നിര വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്ന് എസിഐ അഭിപ്രായപ്പെടുന്നു. 2040 ആകുന്നതോടെ ചൈനയിലെ വ്യോമയാന യാത്രക്കാരുടെ എണ്ണം മൂന്നൂ ബില്യണ്‍ കൂടി വര്‍ധിക്കുമെന്നും ഇത് ആഗോളതലത്തിലുണ്ടാകുന്ന വിമാനയാത്രക്കാരുടെ വളര്‍ച്ചയിലേക്ക് 21 ശതമാനവും സംഭാവന ചെയ്യുമെന്നുമാണ് കരുതുന്നത്.

വ്യോമയാന ഗതാഗത മേഖലയിലെ വര്‍ധിച്ച ഈ ആവശ്യകത നിറവേറ്റുന്നതിനായി ആഗോളതലത്തില്‍ വിമാനവികസനത്തിനും നവീകരണത്തിനുമായി ചെലവിടേണ്ടി വരുന്ന ഒരു ട്രില്യണ്‍ ഡോളറില്‍ പകുതിയോളം ഏഷ്യയില്‍ ചെലവിടേണ്ടി വരുമെന്നാണ് സിഡ്‌നി ആസ്ഥാനമായ സിഎപിഎ സെന്റര്‍ ഫോര്‍ ഏവിയേഷന്‍ കണക്കുകള്‍.

Comments

comments

Categories: More