കോട്ടണ്‍ കയറ്റുമതി 7 മില്യണ്‍ ബെയ്ല്‍സ് കടക്കും

കോട്ടണ്‍ കയറ്റുമതി 7 മില്യണ്‍ ബെയ്ല്‍സ് കടക്കും

താങ്ങുവില സംബന്ധിച്ചും ഗുണമേന്മ സംബന്ധിച്ചും കയറ്റുമതിക്കാര്‍ക്ക് ആശങ്ക

ന്യൂഡെല്‍ഹി: 2017 ഒക്‌റ്റോബറില്‍ ആരംഭിച്ച നടപ്പു വിപണന വര്‍ഷത്തില്‍ രാജ്യത്തെ കോട്ടണ്‍ കയറ്റുമതി 7 മില്യണ്‍ ബെയ്ല്‍സിലെത്തുമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് കണക്കാക്കിയിരുന്നതിനേക്കാള്‍ 27 ശതമാനം വര്‍ധനവാണിത്. ചൈനയില്‍ നിന്നടക്കമുള്ള ആവശ്യകതയിലെ വര്‍ധനവ്, ഇന്ത്യന്‍ കോട്ടണിന്റെ ഡിസ്‌കൗണ്ട് വില്‍പ്പന എന്നിവയാണ് ഈ വളര്‍ച്ചയിലേക്ക് നയിക്കുന്ന മുഖ്യ ഘടകങ്ങള്‍.

‘മുന്‍ വര്‍ഷങ്ങളില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഡിസ്‌കൗണ്ടിലാണ് ഇന്ത്യന്‍ കോട്ടണുകള്‍ വ്യാപാരം നടത്തുന്നത്. ഇതുമൂലം കയറ്റുമതി സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് വരുന്നത്’,ഗുര്‍ഗാവോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഉല്‍പ്പന്ന കയറ്റുമതി, വിതരണക്കാരായ ഒലം ആഗ്രോ ഇന്ത്യ ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് നവീന്‍ ചൗരസ്യ പറഞ്ഞു.

ഒരു പൗണ്ടിന് 7-10 സെന്റ്‌സ് ഡിസ്‌കൗണ്ട് എന്ന നിലയിലാണ് ഇന്ത്യന്‍ കോട്ടണ്‍ വില്‍ക്കുന്നത്. എല്ലാത്തരം പരുത്തികള്‍ക്കും ആവശ്യകതയുണ്ട്. യുഎസിന്റെ വ്യാപാര നിയന്ത്രണത്തെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ചൈന നടത്തുന്നതിനാല്‍ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 1.5 ലക്ഷത്തിലധികം ബെയ്ല്‍സ് കോട്ടണാണ് വ്യാപാരികള്‍ ചൈനയിലേക്ക് കയറ്റുമതി നടത്തിയത്.

നടപ്പു വിപണി വര്‍ഷം 55 ലക്ഷം കോട്ടണ്‍ ബെയ്‌ലുകള്‍ കയറ്റുമതി നടത്തുന്നതിനാണ് വ്യാപാരികള്‍ നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മാര്‍ച്ച് അവസാനം വരെയുള്ള കണക്കെടുത്താല്‍ ഇന്ത്യ അത്രത്തോളം കയറ്റുമതി ഇതിനകം നടത്തിയിട്ടുണ്ടെന്ന് കോട്ടണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎഐ) പ്രസിഡന്റ് അതുല്‍ ഗണത്ര പറഞ്ഞു. ഇതില്‍ ഏകദേശം 6 ലക്ഷം ബെയ്ല്‍സ് ചൈനയിലേക്കായിരുന്നു. കോട്ടണ്‍ കയറ്റുമതി 65 ലക്ഷം ബെയ്ല്‍സിനു മുകളിലേക്ക് ഉയരുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഇതേവേഗത്തില്‍ കയറ്റുമതി തുടരുകയാണെങ്കില്‍ 70 ലക്ഷം ബെയ്ല്‍സ് വരെ എളുപ്പത്തില്‍ നടപ്പു വര്‍ഷം കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017-18 കോട്ടണ്‍ സീസണിന്റെ അവസാനമാകുമ്പോഴേക്കും കോട്ടണ്‍ കയറ്റുമതിയില്‍ ആസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരുത്തി കയറ്റുമതിയില്‍ നഷ്ടപ്പെട്ട നില വീണ്ടെടുക്കാന്‍ ഇന്ത്യയ്ക്കുള്ള സുവര്‍ണാവസരമായാണ് നിലവിലെ സാഹചര്യം വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും ഇന്ത്യന്‍ കോട്ടണിന്റെ ഗുണമേന്മ സംബന്ധിച്ചും 2018-19ലേക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്ന കുറഞ്ഞ താങ്ങുവില (എംഎസ്പി) സംബന്ധിച്ചും കയറ്റുമതിക്കാര്‍ക്ക് ആശങ്കകളുണ്ട്. ഉല്‍പ്പാദന ചെലവിനേക്കാള്‍ 50 ശതമാനം അധികമായ കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ചാല്‍ അത് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കയറ്റുമതിക്കാര്‍ പറയുന്നത്.

Comments

comments

Categories: Business & Economy